Connect with us

Ongoing News

കോൺഗ്രസ്- ദൾ സഖ്യത്തിന് തിരിച്ചടി; കർണാടകയിലും ബി ജെ പി ആധിപത്യം

Published

|

Last Updated

ബെംഗളൂരുവിലെ ബി ജെ പി ആസ്ഥാനത്ത് വിജയം
ആഘോഷിക്കുന്ന പ്രവർത്തകർ

ബെംഗളൂരു: എക്‌സിറ്റ് പോൾ പ്രവചനങ്ങൾ ശരിവെച്ച് കർണാടകയിലും ബി ജെ പിക്ക് മിന്നുന്ന ജയം. സംസ്ഥാനത്ത് ആകെയുള്ള 28 സീറ്റിൽ 25 ഇടത്തും ബി ജെ പി സ്ഥാനാർഥികൾ വിജയിച്ചു. കോൺഗ്രസും ജെ ഡി എസ് ഓരോ സീറ്റുകളിൽ വീതം ഒതുങ്ങി. സ്വതന്ത്രക്ക് ഒരു സീറ്റ് ലഭിച്ചു.

സഖ്യവുമായി കൂടുതൽ സീറ്റുകളിൽ ജയിച്ചുകയറാമെന്ന ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസ്- ജെ ഡി എസ് സഖ്യത്തിന് വലിയ തിരിച്ചടിയേറ്റു. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നിലവിൽ വന്ന കോൺഗ്രസ്- ജെ ഡി എസ് സഖ്യത്തെ ജനം പൂർണമായും തള്ളിയെന്നാണ് ഫലം വ്യക്തമാക്കുന്നത്. ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാൻ സാധിക്കാതെ മിക്കയിടങ്ങളിലും ഭിന്ന ധ്രുവത്തിലായിരുന്നു രണ്ട് കക്ഷികളും. മാണ്ഡ്യയിലും തുമക്കൂരുവിലും മൈസൂരുവിലും റായ്ച്ചൂരിലുമെല്ലാം ഇത് തുടക്കത്തിൽ തന്നെ പ്രകടമായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തോടെ കർണാടകയിൽ സഖ്യസർക്കാറിന്റെ ഭാവി തുലാസിലായിരിക്കുകയാണ്. കുമാരസ്വാമി മുഖ്യമന്ത്രിയായി തുടരുന്നതിൽ കോൺഗ്രസിലെ ഭൂരിഭാഗം നേതാക്കളും കടുത്ത അസംതൃപ്തരാണ്. സർക്കാറിനെതിരെ പരസ്യപ്രസ്താവനകൾ ഇറക്കരുതെന്ന് കോൺഗ്രസ് അധ്യക്ഷൻ നിരവധി തവണ നിർദേശം നൽകിയിട്ടും ഇതനുസരിക്കാൻ നേതാക്കൾ തയ്യാറായില്ല. തിരഞ്ഞെടുപ്പ് ഫലത്തോടെ കർണാടകയിൽ ഭരണ മാറ്റത്തിനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കുമാരസ്വാമി രാജിവെച്ചേക്കുമെന്ന അഭ്യൂഹവും ശക്തമാണ്.

സ്വാധീന മേഖലകളിൽ പോലും ജനതാദൾ- എസിന് യാതൊരു നേട്ടവുമുണ്ടാക്കാൻ കഴിഞ്ഞില്ല. ജെ ഡി എസ് കോട്ടകളെല്ലാം തകർന്നടിഞ്ഞു. വാശിയേറിയ പോരാട്ടം നടന്ന ബെംഗളൂരു സൗത്ത്, ബെംഗളൂരു സെൻട്രൽ, ഗുൽബർഗ, റായ്ച്ചൂർ, മാണ്ഡ്യ, മൈസൂരു, തുമക്കൂരു എന്നിവിടങ്ങളിലൊന്നും കോൺഗ്രസ്, ജെ ഡി എസ് കക്ഷികൾക്ക് ജയിച്ചുകയറാൻ കഴിഞ്ഞില്ല. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ തന്നെ ഭൂരിഭാഗം സീറ്റുകളിലും ലീഡ് നിലനിർത്തിയ ബി ജെ പിക്ക് തന്നെയായിരുന്നു അവസാനം വരെയും ആധിപത്യം.

കഴിഞ്ഞ തവണത്തേക്കാളും ബി ജെ പി ഇക്കുറി കൂടുതൽ സീറ്റുകളിൽ ജയിച്ചു. 2014ൽ നടന്ന തിരഞ്ഞെടുപ്പിൽ ബി ജെ പി 17 സീറ്റുകളിലും കോൺഗ്രസ് ഒമ്പത് സീറ്റുകളിലും ജനതാദൾ- എസ് രണ്ടെണ്ണത്തിലുമാണ് വിജയിച്ചത്. ഉത്തര കർണാടകയിലും ഹൈദരാബാദ് മേഖലയിലും മധ്യ കർണാടകയിലും ബെംഗളൂരു നഗര മണ്ഡലങ്ങളിലുമെല്ലാം ബി ജെ പിക്കാണ് വിജയം. ആഞ്ഞുവീശിയ മോദി തരംഗത്തിൽ കോൺഗ്രസിലെയും ജെ ഡി എസിലെയും പ്രമുഖ സ്ഥാനാർഥികളെല്ലാം പരാജയപ്പെട്ടു. ജെ ഡി എസ് ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവെഗൗഡയും കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെയും പരാജയപ്പെട്ട പ്രമുഖരിൽ പെടും.

ഹാസനിൽ ജനതാദൾ എസ് സ്ഥാനാർഥിയും എച്ച് ഡി ദേവെഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണ വിജയിച്ചു. ഉഡുപ്പി-ചിക്കമംഗളൂരുവിൽ ബി ജെ പിയിലെ ശോഭാ കറൻലജെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിലെ പ്രമോദ് മധ്വരാജിനെയാണ് അവർ പരാജയപ്പെടുത്തിയത്. ദക്ഷിണ കന്നഡയിൽ നളിൻകുമാർ കട്ടീലും ( ബി ജെ പി) കോലാറിൽ മുനിസ്വാമിയും വിജയിച്ചു. കോലാറിൽ മുൻകേന്ദ്രമന്ത്രിയായ കോൺഗ്രസിലെ കെ എച്ച് മുനിയപ്പയെയാണ് മുനിസ്വാമി പരാജയപ്പെടുത്തിയത്. ബി ജെ പിയിലെ എ മഞ്ജുവിനെയാണ് പ്രജ്വൽ തോൽപ്പിച്ചത്. ബെംഗളൂരു സൗത്തിൽ തേജസ്വി സൂര്യയും ബെല്ലാരിയിൽ ദേവേന്ദ്രപ്പയും ബി ജെ പി ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചു. ബെല്ലാരിയിൽ കോൺഗ്രസിലെ വി എസ് ഉഗ്രപ്പയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

ബെല്ലാരിയിൽ കോൺഗ്രസിലെ വി എസ് ഉഗ്രപ്പയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

---- facebook comment plugin here -----

Latest