Connect with us

National

ബംഗാളിൽ ചുവടുറപ്പിച്ച് ബി ജെ പി; നോട്ടം 2021ൽ

Published

|

Last Updated

കൊൽക്കത്ത: പശ്ചിമ ബംഗാളിലാണ് ബി ജെ പിയുടെ തന്ത്രപരമായ കരുനീക്കങ്ങൾ ഏറ്റവും വലിയ വിജയം നേടിയത്. നോട്ട് നിരോധനമടക്കമുള്ള ജനവിരുദ്ധ നയങ്ങളും യു പിയിലെ മഹാസഖ്യവും ഉണ്ടാക്കുന്ന പരുക്ക് പരിഹരിക്കാൻ ബി ജെ പി കണ്ടുവെച്ച ഇടമായിരുന്നു പശ്ചിമ ബംഗാൾ. അവിടെ തൃണമൂൽ കോൺഗ്രസ് ശക്തമായി നിലകൊള്ളുമ്പോഴും ഇടതുപക്ഷ കക്ഷികളുടെ സംഘടനാപരമായ പതനം സൃഷ്ടിച്ച, എങ്ങോട്ട് നീങ്ങുമെന്നറിയാതെ നിൽക്കുന്ന വോട്ട് ബേങ്ക് ഉണ്ടെന്ന കണക്കുകൂട്ടൽ ബി ജെ പിക്കുണ്ടായിരുന്നു. ഈ വോട്ടുകൾ ഒരു കാരണവശാലും തൃണമൂൽ കോൺഗ്രസിന് ആകർഷിക്കാനാകില്ല.

ഇടതുപക്ഷ പാർട്ടികൾക്ക് ഈ വോട്ടുകൾ ഉപയോഗിച്ച് സീറ്റാക്കി മാറ്റാനുമാകില്ല. ഈ വോട്ട് ബേങ്കിലേക്ക് വൈകാരിക, വർഗീയ രാഷ്ട്രീയം കൃത്യമായി കടത്തിവിടാൻ ബി ജെ പിക്ക് സാധിച്ചുവെന്നാണ് പശ്ചിമ ബംഗാളിലെ സീറ്റ് നില വ്യക്തമാക്കുന്നത്. 42 സീറ്റിൽ 23 തൃണമൂൽ, 18 ബി ജെ പി, ഒരു കോൺഗ്രസ് എന്നിങ്ങനെയാണ് നില.

മമതാ ബാനർജി പയറ്റിയ ന്യൂനപക്ഷ അനുകൂല രാഷ്ട്രീയത്തിന് നേർ വിപരീതത്തിൽ അക്രമാസക്ത ഭൂരിപക്ഷ രാഷ്ട്രീയം പയറ്റാൻ സാധിച്ചു. മമതയുടെ കരുത്തിനെ ഇഷ്ടപ്പെടുന്ന വോട്ടർമാർക്കിടയിലേക്ക് അമിത് ഷായും നരേന്ദ്ര മോദിയും കരുത്തിന്റെ ആൾരൂപങ്ങളായി ഇറങ്ങിവന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ ബംഗാളിൽ അരങ്ങേറിയ അക്രമങ്ങളും പോർവിളികളും ഇതാണ് വ്യക്തമാക്കിയത്. അമിത് ഷായുടെ കോപ്റ്ററുകൾക്ക് നിലത്തിറങ്ങാൻ അനുമതി നിഷേധിച്ച മമത വലിയ സാധ്യതകളാണ് ബി ജെ പിക്ക് ഉണ്ടാക്കിക്കൊടുത്തത്. തിരഞ്ഞെടുപ്പ് കമ്മീഷന് ബംഗാളിലെ പ്രചാരണ സമയം തന്നെ വെട്ടിക്കുറക്കേണ്ടി വന്നു. അപ്പോഴും മോദിയുടെ റാലി അവസാനിക്കുന്ന രാത്രി പത്ത് വരെ കൊട്ടിക്കലാശം നീട്ടിക്കൊടുക്കുന്ന വിചിത്രമായ തീരുമാനവുമുണ്ടായി.

ഗ്വാഗ്വാ വിളികളാണ് ബി ജെ പിയും തൃണമൂലും തമ്മിൽ ബംഗാളിൽ അരങ്ങേറിയത്. സി പി എമ്മടക്കമുള്ള ഇടത് പാർട്ടികൾ ചിത്രത്തിലേ ഇല്ലെന്ന് വരുത്തിത്തീർക്കാൻ മമത കളിച്ച കളി കൂടിയായിരുന്നു ബി ജെ പിയെ പരമാവധി പ്രകോപിപ്പിക്കുകയെന്നത്. വിദ്യാസാഗർ പ്രതിമ തകർത്തത് ബി ജെ പിക്കാരാണെന്ന് ആരോപിക്കുമ്പോഴും “മോദി എക്‌സ്‌പെയറി കഴിഞ്ഞ പ്രധാനമന്ത്രി”യെന്ന് ആക്ഷേപിക്കുമ്പോഴും ബി ജെ പിക്ക് യഥാർഥത്തിൽ ഉള്ളതിനേക്കാൾ വലിയ ശക്തി ഉണ്ടാക്കിക്കൊടുക്കകയാണ് അവർ ചെയ്തത്. ആ തന്ത്രമാണ് ബി ജെ പിക്ക് കൂടുതൽ സീറ്റ് ലഭിക്കുന്നതിൽ കലാശിച്ചത്. 2012 മുതൽ സംസ്ഥാനം ഭരിക്കുന്ന തൃണമൂൽ കോൺഗ്രസ് ബി ജെ പിക്ക് കടന്നു കയറാൻ മണ്ണൊരുക്കുന്നതിൽ പങ്കുവഹിക്കുകയായിരുന്നു.
മൂന്ന് പതിറ്റാണ്ട് നീണ്ട അധികാരം നഷ്ടപ്പെട്ട് ഇടതു പാർട്ടികൾ പടിയിറങ്ങിയപ്പോൾ നേടുന്നത് ബി ജെ പിയാണ്. തൃണമൂലല്ല. ഭരണമുള്ളപ്പോൾ ഇടതിനൊപ്പം നിന്നിരുന്നവരിൽ 30 ശതമാനമെങ്കിലും ബി ജെ പിക്ക് വോട്ട് ചെയ്യുന്ന സ്ഥിതി ഇത്തവണയുണ്ടായെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. 2014ൽ അതിശക്തമായ പ്രചാരണം നടത്തിയെങ്കിലും ബി ജെ പിക്ക് രണ്ട് സീറ്റേ നേടാനായിരുന്നുള്ളൂ.

തൃണമൂലിന് ബദൽ തങ്ങളാണെന്ന പ്രതിച്ഛായ ഉണ്ടാക്കിയെടുക്കാനാണ് കഴിഞ്ഞ അഞ്ച് വർഷക്കാലം ബി ജെ പി വിയർത്തത്. അവസാന ഘട്ടത്തിൽ മോദിയും അമിത് ഷായും ഏറ്റവും കൂടുതൽ റാലികൾ നടത്തിയത് ബംഗാളിലാണെന്നത് ശ്രദ്ധേയമാണ്.

മമതാ ബാനർജി അക്രമം പ്രോത്സാഹിപ്പിക്കുകയും മറ്റ് പാർട്ടികളുടെ പ്രവർത്തന സ്വാതന്ത്ര്യം ഹനിക്കുകയും ചെയ്യുന്നുവെന്ന ബി ജെ പിയുടെ പ്രചാരണവും ഏശിയിട്ടുണ്ട്. ഫലം വന്നു കൊണ്ടിരിക്കെ ബി ജെ പി നേതാവ് കൈലാഷ് വർഗീയ പറഞ്ഞത്, തൃണമൂൽ ഏറ്റുമുട്ടുകയായിരുന്നു. ഞങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും, എന്നാണ്.
മതപരമായ ആഘോഷങ്ങൾ, റാലികൾ, നാമകരണങ്ങൾ തുടങ്ങിയവ നിരന്തരം പ്രചാരണ വിഷയമാക്കിയ കാവി പാർട്ടി തൃണമൂൽ കോൺഗ്രസിന്റെ ന്യൂനപക്ഷ അനുഭാവ സമീപനം കൃത്യമായി ഉപയോഗിക്കുകയായിരുന്നു.
ഡസൻകണക്കിന് തൃണമൂൽ എം എൽ എമാർ തന്നെ സമീപിച്ചുവെന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ചിട്ട് അധികം ദിവസമായിട്ടില്ല. ആഗ്രഹപ്രകടനം ആർക്കുമാകമല്ലോ ഒരു മുൻസിപ്പാലിറ്റി അംഗം പോലും ബി ജെ പിയിൽ വരില്ലെന്നായിരുന്നു മമതയുടെ മറുപടി. മോദിയുടേത് ആഗ്രഹപ്രകടനമായിരുന്നോ അതോ യാഥാർഥ്യമായിരുന്നോ എന്നറിയാൻ അധികം വൈകാതെ അറിയാനാകും.

Latest