Connect with us

National

വടക്കുകിഴക്കും ബി ജെ പി തേരോട്ടം

Published

|

Last Updated

ഗുവാഹതി: അസാം, ത്രിപുര, മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, സിക്കിം, മിസോറാം, മേഘാലയ എന്നീ സംസ്ഥാനങ്ങൾ പെടുന്ന വടക്കുകിഴക്കൻ മേഖലയിലെ ജനവിധി എൻ ഡി എക്ക് അനുകൂലം. മോദി സർക്കാർ കൊണ്ടുവരാൻ തുനിഞ്ഞ പൗരത്വ ഭേദഗതി ബില്ലിനെതിരെ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ച പല സംസ്ഥാനങ്ങളിലും എൻ ഡി എ സഖ്യം തകരുമെന്ന് ഭീഷണി ഉയർന്ന സാഹചര്യം കഴിഞ്ഞ ഫെബ്രുവരി മാസം വരെ ഉണ്ടായിട്ടും അതൊന്നും തിരഞ്ഞെടുപ്പിൽ എൻ ഡി എയെ കാര്യമായി പരുക്കേൽപ്പിച്ചില്ല.

പൗരത്വ ബില്ലിലെ പ്രതിഷേധത്തെ തുടർന്ന് മേഖലയിൽ ബി ജെ പിക്ക് വലിയ നഷ്ടങ്ങളുണ്ടാകുമെന്ന് പല രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടിയതായിരുന്നു. ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മത ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാനുള്ള പദ്ധതിയായിരുന്നു ബില്ലിലൂടെ എൻ ഡി എ ഉദ്ദേശിച്ചത്. ഇത് തങ്ങളുടെ തദ്ദേശീയ സ്വത്വത്തെ ബാധിക്കുമെന്ന് മേഖലയിലെ ജനങ്ങൾ ഒന്നടങ്കം വ്യാകുലപ്പെടുകയും അത് പ്രതിഷേധവും രോഷവുമായി തെരുവുകളെ കീഴടക്കുകയും ചെയ്തിരുന്നു. എന്നാൽ, അവയൊന്നും ബി ജെ പി വിരുദ്ധ വോട്ടുകളായി പരിണമിച്ചില്ല എന്നുവേണം കരുതാൻ. മേഖലയിലെ 24 സീറ്റുകളിൽ ഏഴെണ്ണത്തിലും ആദ്യ റൗണ്ടുകളിൽ തന്നെ വലിയ മുന്നേറ്റമാണ് എൻ ഡി എക്കും ബി ജെ പിക്കുമുണ്ടായത്.

2014ൽ എട്ട് സീറ്റുകളാണ് (അസാമിൽ ഏഴെണ്ണവും അരുണാചലിൽ ഒന്നും) ബി ജെ പി നേടിയത്. സഖ്യം രണ്ടെണ്ണവും വിജയിച്ചു. മൊത്തം എൻ ഡി എ ഒമ്പത് സീറ്റുകൾ നേടി. അസാമിൽ ബി ജെ പി മത്സരിച്ച പത്തിൽ ഒമ്പതിലും മുന്നേറ്റമുണ്ടാക്കുന്നുണ്ട്. സഖ്യകക്ഷിയായ അസാം ഗണ പരിഷത് (എ ജി പി) മത്സരിച്ച മൂന്നിൽ രണ്ടെണ്ണത്തിലും ആൾ ഇന്ത്യാ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ ഐ യു ഡി എഫ്) രണ്ട് സീറ്റുകളിലും മുന്നിലാണ്. 14 സീറ്റുകളിൽ ഒരെണ്ണത്തിൽ പോലും കോൺഗ്രസ് മുന്നേറ്റം ഒരു ഘട്ടത്തിലുമുണ്ടായിട്ടില്ല. അരുണാചലിലെ രണ്ട് മണ്ഡലങ്ങളിൽ കേന്ദ്രമന്ത്രി കിരൺ റിജിജു (അരുണാചൽ വെസ്റ്റ്)വും ബി ജെ പി സംസ്ഥാന അധ്യക്ഷൻ തപിർ ഗാവോയും (അരുണാചൽ ഈസ്റ്റ്) മുന്നേറ്റമുണ്ടാക്കുന്നുണ്ട്.
ത്രിപുരയിലെ രണ്ട് സീറ്റുകളിൽ ബി ജെ പി സ്ഥാനാർഥികളായ രേബതി (ത്രിപുര ഈസ്റ്റ്), പ്രതിമ ഭൗമിക് (ത്രിപുര വെസ്റ്റ്) എന്നിവർ മുന്നിട്ടുനിൽക്കുന്നു. വോട്ടെടുപ്പ് അക്രമങ്ങളെ തുടർന്ന് ത്രിപുര വെസ്റ്റിലെ 168 ബൂത്തുകളിൽ റീപോൾ നടന്നിരുന്നു. നാഗാലാൻഡിലെ ഏക ലോക്‌സഭാ സീറ്റിൽ ബി ജെ പി സഖ്യകക്ഷിയായ നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗസ്സീവ് പാർട്ടി (എൻ ഡി പി പി) സ്ഥാനാർഥിയും സിറ്റിംഗ് എം പിയുമായ ടോകിഹോ യെപ്‌തോമി മുന്നിട്ടുനിൽക്കുന്നു. മിസോറമിലെ ഏക മണ്ഡലത്തിൽ എൻ ഡി എ സഖ്യകക്ഷിയായ മിസോ നാഷനൽ ഫ്രണ്ട് (എം എൻ എഫ്) സ്ഥാനാർഥി സി ലാൽറോസംഗ ആണ് മുന്നിട്ടുനിൽക്കുന്നത്.
മേഘാലയയിൽ എൻ ഡി എ സഖ്യകക്ഷി നാഷനൽ പീപ്പിൾസ് പാർട്ടി (എൻ പി പി) സ്ഥാനാർഥി അഗത സാംഗ്മ ടുറ സീറ്റിലും സിറ്റിംഗ് കോൺഗ്രസ് എം പി വിൻസന്റ് പാല ഷില്ലോംഗിലും വിജിച്ചു.

മണിപ്പൂരിൽ ബി ജെ പി സ്ഥാനാർഥി രാജ്കുമാർ രഞ്ജൻ സിംഗ് ഇന്നർ മണിപ്പൂരിലും നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻ പി എഫ്) സ്ഥാനാർഥി എൽ എസ് പ്‌ഫോസ് ഔട്ടർ മണിപ്പൂരിലും മുന്നേറി. നാഗാലാൻഡിൽ ബി ജെ പിയുമായി എൻ പി എഫ് അത്ര രസത്തിലല്ലെങ്കിലും മണിപ്പൂരിൽ ഭരണത്തിൽ സഖ്യകക്ഷിയാണ്. ഏതാനും വർഷം മുമ്പ് വരെ മേഖലയിൽ കോൺഗ്രസിനായിരുന്നു ആധിപത്യം. 2014ൽ 24 സീറ്റുകളിൽ എട്ട് സീറ്റുകളാണ് പാർട്ടിക്ക് ലഭിച്ചത്.