Connect with us

Eranakulam

മധ്യകേരളത്തിലും "വിശ്വാസികൾ' ബി ജെ പി യെ കൈവിട്ടു

Published

|

Last Updated

കൊച്ചി: വിശ്വാസി വോട്ടുകൾ കോൺഗ്രസിന് അനുകൂലമാകാതിരിക്കാൻ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ ആർ എസ് എസ് നടത്തിയ ശ്രമവും ഫലം കണ്ടില്ല. മധ്യ കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലും ബി ജെ പിക്ക് കൈനിറയെ കിട്ടുമെന്ന് കരുതിയ വോട്ട് ഇക്കുറിയും കിട്ടിയില്ല.

തൃശൂരിൽ സുരേഷ്‌ ഗോപിക്ക് താരപരിവേഷത്തിന്റെ പശ്ചാത്തലത്തിൽ കിട്ടിയ വോട്ടൊഴിച്ച് നിർത്തിയാൽ ഇടുക്കി, ചാലക്കുടി, എറണാകുളം, കോട്ടയം മണ്ഡലങ്ങളിൽ പ്രതീക്ഷിച്ച വോട്ടൊന്നും ബി ജെ പിക്ക് ലഭിച്ചില്ല. വിശ്വാസികളുടെ ഇടയിൽ നിന്ന് ലഭിക്കുമെന്ന് കരുതിയ വോട്ടുകൾക്ക് പുറമേ പരമ്പരാഗത വോട്ടുകൾ കൂടി ചോർന്നുവെന്ന് കണക്കുകൾ കൂട്ടി വായിച്ചാൽ വ്യക്തമാകും.

ത്രികോണ മത്സരം സാധ്യമാകാത്തിടത്ത് പോലും വോട്ട് ശതമാനം ഉയർത്താനുള്ള സുവർണാവസരമുണ്ടെന്ന് തിരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ ബി ജെ പി വിലയിരുത്തിയിരുന്നു. എന്നാൽ തൃശൂർ ഒഴികെയുള്ള മധ്യകേരളത്തിലെ മറ്റ് മണ്ഡലങ്ങളിൽ പരമ്പരാഗത വോട്ടുകളിൽ പോലും ചോർച്ച ഉണ്ടായെന്നാണ് പ്രാഥമിക കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. വിശ്വാസി വോട്ടുകൾ കോൺഗ്രസ് പാളയത്തിലേക്ക് പോകാതിരിക്കാനുള്ള നീക്കങ്ങൾ പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ ആർ എസ് എസ് നടത്തിയിരുന്നു. ഹിന്ദുവോട്ടുകളുടെ ഏകീകരണത്തിന് വീടുവീടാന്തരം കയറിയുള്ള പ്രചാരണമുൾപ്പെടെ നടത്തിയിരുന്നുവെങ്കിലും അതൊന്നും ബി ജെ പിയുടെ വോട്ട് വർധനക്ക് ഗുണകരമായില്ല. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലാണ് കേരളത്തിൽ 30 വർഷത്തെ ചരിത്രത്തിലെ മെച്ചപ്പെട്ട പ്രകടനം ബി ജെ പി കാഴ്ചവെച്ചിരുന്നത്. ആ തിരഞ്ഞെടുപ്പിൽ എൻ ഡി എ സഖ്യം 10.84 ശതമാനം വോട്ട് നേടി. മധ്യ കേരളത്തിൽ നിന്നാണ് ഇതിൽ വലിയൊരു പങ്കും ലഭിച്ചത്.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി തങ്ങളുടെ വോട്ട് ഷെയർ 2011ലെ ആറ് ശതമാനത്തിൽ നിന്നും 10.6 ശതമാനമായി ഉയർത്തിയിരുന്നു. ഇതിൽ ഇത്തവണയും നേരിയ വ്യത്യാസമുണ്ടാകുമെങ്കിലും ബി ജെ പി കേന്ദ്രങ്ങൾ പ്രതീക്ഷിച്ച വോട്ട് ഇത്തവണ എവിടെയും ലഭിച്ചില്ല. എറണാകുളത്ത് എൻ ഡി എ സ്ഥാനാർഥിയായ അൽഫോൺസ് കണ്ണന്താനത്തിന് 1,37,531 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ തവണ ബി ജെ പി സ്ഥാനാർഥിക്ക് ലഭിച്ചിരുന്നത് 99,003 വോട്ടായിരുന്നു. പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് 1,30,000 ആയി വർധിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തവണ എറണാകുളത്തെ രാഷ്ട്രീയ സാഹചര്യവും കേന്ദ്രമന്ത്രി തന്നെ സ്ഥാനാർഥിയായി വന്നതുമെല്ലാം കണക്കിലെടുക്കുമ്പോൾ രണ്ട് ലക്ഷത്തിലധികം വോട്ടെങ്കിലും ലഭിക്കുമെന്നാണ് ബി ജെ പി കണക്കുകൂട്ടിയിരുന്നത്.

എന്നാൽ ഇവിടെ ഹിന്ദു വോട്ടുകളുടെ ഏകീകരണം ബി ജെ പിക്ക് തുണയായില്ല. ഇടുക്കിയിലാണ് ബി ജെ പിക്ക് വലിയ തിരിച്ചടി നേരിട്ട മധ്യകേരളത്തിലെ മറ്റൊരു മണ്ഡലം. ബി ജെ പി, ബി ഡി ജെ എസിന് വെച്ചുമാറിയ ഇവിടെ 78,648 വോട്ടുമാത്രമാണ് സ്ഥാനാർഥിയായ ബിജു കൃഷ്ണന് ലഭിച്ചത്. കഴിഞ്ഞ തവണത്തേതിനേക്കാൾ വലിയ വർധനവുണ്ടാക്കാനായില്ല. 2014ൽ ബി ജെ പിക്ക് 6.15 ശതമാനം (50,438) വോട്ടുകളാണ് ലഭിച്ചിരുന്നത്. കേരള കോൺഗ്രസ് സ്ഥാപക നേതാവ് പി ടി ചാക്കോയുടെ മകൻ കേരള കോൺഗ്രസ് നേതാവ് പി സി തോമസാണ് ഇത്തവണ കോട്ടയത്ത് എൻ ഡി എ സ്ഥാനാർഥിയായുണ്ടായിരുന്നത്.
ശബരിമല വിഷയത്തിന്റെ പേരിൽ ബി ജെ പി ഏറ്റവും കൂടുതൽ പ്രചാരണം നടത്തിയ ജില്ലകളിലൊന്ന് കൂടിയായ കോട്ടയത്ത് വിശ്വാസികളുടെ വോട്ടിനൊപ്പം കൃസ്ത്യൻ വോട്ടുകൾ കൂടി ലക്ഷ്യമിട്ടാണ് തോമസിനെ സ്ഥാനാർഥിയാക്കിയത്.

ശബരിമല കർമസമിതിയടക്കം എൻ ഡി എ സ്ഥാനാർഥിക്കായി ഇവിടെ പരസ്യപ്രചാരണത്തിനിറങ്ങുകയും ചെയ്തു. കേരള കോൺഗ്രസിലെ പടലപ്പിണക്കങ്ങൾക്കിടയിൽ മുമ്പ് എം പിയായും കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചിട്ടുള്ള പി സി തോമസിലൂടെ കോട്ടയത്ത് അട്ടിമറി വിജയം പോലും ഒരുവേള ബി ജെ പി പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇവിടെ വലിയ രീതിയിൽ വോട്ട് കൊയ്യാനുള്ള ബി ജെ പി- സംഘ്പരിവാർ ശ്രമം വിജയിച്ചില്ല. പി സി തോമസ് 1,54,658 വോട്ടാണ് നേടിയത്. കഴിഞ്ഞ തവണ ബി ജെ പി സ്വതന്ത്രൻ നേടിയ (44,357) വോട്ടിന്റെ രണ്ടിരട്ടിയുണ്ടെങ്കിലും ശബരിമല ഇവിടെ കാര്യമായി ഏശിയില്ല. തൃശൂരിൽ 2014ൽ ബി ജെ പിക്ക് 92,848 വോട്ടാണ്‌ ലഭിച്ചിരുന്നത്. ആകെയുള്ള വോട്ടിന്റെ 10.49 ശതമാനമാണ് ഇത്.

എന്നാൽ ഇക്കുറി 2,93,822 വോട്ട് നേടി നില മെച്ചപ്പെടുത്താൻ ഇവിടെ ബി ജെ പിക്ക് കഴിഞ്ഞു. എന്നാൽ സുരേഷ്‌ഗോപിയുടെ താര പരിവേഷത്തിനപ്പുറം വിശ്വാസികളുടെയുൾപ്പെടെ വലിയ തോതിലുള്ള വോട്ട് നേടാൻ കഴിഞ്ഞില്ലെന്നാണ് ബി ജെ പി തന്നെ വിലയിരുത്തുന്നത്. ശബരിമല ഇവിടെ യു ഡി എഫിനാണ് ഗുണം ചെയ്‌തതെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

---- facebook comment plugin here -----

Latest