Connect with us

Ongoing News

കോ ലീ ബി സഖ്യം പ്രകടമായില്ല; ചോർന്നത് എൽ ഡി എഫ് വോട്ട്

Published

|

Last Updated

തിരുവനന്തപുരം: നിലവിലെ 12 സീറ്റിൽ നിന്ന് 19 ലേക്ക് ഉയർന്ന യു ഡി എഫ് കേരളത്തിൽ തങ്ങളുടെ സീറ്റ് വർധിപ്പിച്ചതും വിജയിച്ച മണ്ഡലങ്ങളിൽ വൻതോതിൽ ലീഡ് വർധിപ്പിച്ചതും എൽ ഡി എഫിന്റെ പരമ്പരാഗത വോട്ടുകൾ പിടിച്ചെടുത്താണെന്ന് തിരഞ്ഞെടുപ്പ് ഫലം പ്രകടമാക്കുന്നു.
ഇടതുപക്ഷത്തിന്റെ കോട്ടകളിൽ പോലും ലീഡ് ഉയർത്താൻ യു ഡി എഫിന് കഴിഞ്ഞുവെന്നത് ഏറെ ശ്രദ്ധേയമാണ്. എട്ട് സീറ്റിൽ നിന്ന് ഒരു സീറ്റിലേക്ക് ഒതുങ്ങിയ എൽ ഡി എഫിന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയ വോട്ടുകൾ പലയിടത്തും നിലനിർത്താൻ കഴിഞ്ഞിട്ടില്ല.

അതേസമയം, തിരഞ്ഞെടുപ്പിന് മുമ്പ് സി പി എം ഉന്നയിച്ച കോ-ലീ-ബി സഖ്യ ആരോപണം തിരഞ്ഞെടുപ്പിൽ പ്രകടമായിരുന്നില്ല. കോ-ലീ-ബി സഖ്യ ആരോപണം പ്രധാനമായും ഉന്നയിക്കപ്പെട്ട വടകര, കൊല്ലം, കണ്ണൂർ, കോഴിക്കോട്, പൊന്നാനി മണ്ഡലങ്ങളിലെല്ലാം ബി ജെ പി വോട്ട് വർധിപ്പിച്ചിട്ടുണ്ട്.

എന്നാൽ യു ഡി എഫ് സ്ഥാനാർഥികൾ വൻ ഭൂരിപക്ഷം നേടിയ മണ്ഡലങ്ങളിലെല്ലാം ഇടതുപക്ഷത്തിന്റെ വോട്ടിൽ വൻ ചോർച്ചയാണുണ്ടായത്. ഭൂരിപക്ഷം നാല് ലക്ഷം കടന്ന വയനാട്ടിൽ എൽ ഡി എഫ് വോട്ടിൽ നിന്ന് ഒരുലക്ഷത്തി പതിനായിരത്തോളവും പൊന്നാനിയിൽ 30,000ത്തിലധികവും ഇടുക്കിയിൽ അരലക്ഷത്തിലധികവും ആലത്തൂരിൽ 38,000ത്തിലധികവും കൊല്ലത്ത് 27,500 വോട്ടും ചാലക്കുടിയിൽ 20,500 ലധികം വോട്ടും ഇത്തവണ കുറഞ്ഞിട്ടുണ്ട്.

ഇതെല്ലം യു ഡി എഫ് പെട്ടിയിലാണ് വീണിരിക്കുന്നത്. മാത്രമല്ല ഈ മണ്ഡലങ്ങളിൽ വർധിച്ച ഒരു ലക്ഷത്തോളം വോട്ട് കാര്യമായി പിടിക്കാൻ ഇടതിനായില്ലെന്നും അനുമാനിക്കാം.

യു ഡി എഫ് ജയിച്ചിടത്തെല്ലാം എൽ ഡി എഫ് വോട്ടിൽ താരതമ്യേന കുറവ് വന്നിട്ടുണ്ട്.

യു ഡി എഫ് തരംഗത്തിൽ എക്സിറ്റ് പോളുകളടക്കുള്ള ഒരു സർവേയിലും ഇടതിനെ കൈവിടാതിരുന്ന പാലക്കാടും ഫോട്ടോഫിനിഷ് മാത്രം പ്രവചിക്കപ്പെട്ട ആറ്റിങ്ങലിലും ഇടതുപക്ഷം വൻ പരാജയമേറ്റുവാങ്ങേണ്ടി വന്നതിനും സ്വന്തം പെട്ടിയിലെ വോട്ട് ചോർച്ച കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

Latest