Connect with us

Ongoing News

പാട്ടും പാടി രമ്യ പാർലിമെന്റിലേക്ക്

Published

|

Last Updated

രമ്യയുടെ വിജയം ടി വിയിലൂടെ കാണുന്ന കുടുംബാംഗങ്ങൾ

കോഴിക്കോട്: ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ സി പി എം സ്ഥാനാർഥിയുടെ ഹാട്രിക് വിജയ സ്വപ്നങ്ങളെ തച്ചുടച്ച് വിജയരഥത്തിലേറി രമ്യ ഹരിദാസ്. ഇടതു പക്ഷത്തിന്റെ ശക്തി കേന്ദ്രമായാണ് ആലത്തൂർ മണ്ഡലത്തിലെ സി പി എം സിറ്റിംഗ് സ്ഥാനാർഥി പി കെ ബിജുവിനെതിരെ ഒന്നരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് രമ്യ നേടിയത്. എട്ട് മണിക്ക് തുടങ്ങിയ വോട്ടെടുപ്പിൽ പോസ്റ്റൽ വോട്ടുകൾ എണ്ണിയ ആദ്യ ഘട്ടത്തിൽ മാത്രമാണ് പി കെ ബിജുവിന് ലീഡ് പിടിക്കാൻ കഴിഞ്ഞത്.

തുടർന്ന്് ഒരു ലക്ഷത്തിന് മീതെ വോട്ടിന് ലീഡ് നിലനിർത്തി രമ്യ മുന്നേറുകയായിരുന്നു. കോഴിക്കോട് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി എം കെ രാഘവന് വേണ്ടി സജീവമായി പ്രചാരണം നത്തുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ആലത്തൂർ മണ്ഡലത്തിൽ കോൺഗ്രസിന്റെ സ്ഥാനാർഥിയായി രമ്യ ഹരിദാസിന്റെ പേര് പ്രഖ്യാപിക്കുന്നത്.പതിവു രീതികളിൽ നിന്ന് വ്യത്യസ്തമായി പാട്ടു പാടി പ്രചാരണം നടത്തി ജനങ്ങളുടെ ശ്രദ്ധയാകർഷിച്ചിരുന്നു രമ്യ. കന്നിയങ്കത്തിൽ ഒട്ടും പതറാതെ ആലത്തൂരിന്റെ മണ്ണിലേക്ക് പ്രചാരണത്തിനിറങ്ങിയ രമ്യയെ തളർത്താനുള്ള നീക്കങ്ങളായിരുന്നു സി പി എം നടത്തിയത്. ഇടതുമുന്നണി കൺവീനർ നടത്തിയ അശ്ലീല പരമാർശവുംദീപ നിശാന്ത് ഫേസ്ബുക്കിലൂടെ നടത്തിയ വിമർശനങ്ങളെയും ശക്തമായി നേരിട്ട രമ്യ പാട്ടുപാടിയാണ് ആലത്തൂരിന്റെ സ്വന്തം എം പിയായി മാറിയിരിക്കുന്നത്. ആറ് വർഷങ്ങൾക്ക് മുന്പ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ വെച്ച് നടന്ന “ടാലന്റ് ഹണ്ട്” എന്ന പരിപാടിയിലൂടെയാണ് രമ്യ ശ്രദ്ധിക്കപ്പെടുന്നത്.

നാല് ദിവസം നീണ്ടുനിന്ന പരിപാടിക്കിടെ വ്യത്യസ്തമായ അഭിപ്രായങ്ങളും നിലപാടുകളും പങ്കുവെച്ച രമ്യ, രാഹുൽഗാന്ധിയുടെ “ടാലന്റഡ്” ലിസ്റ്റിൽ വരികയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവി മുതൽ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കോ-ഓഡിനേറ്റർ പദവി വരെ രമ്യയെ തേടിയെത്തി. 29ാം വയസ്സിലാണ് രമ്യ ഈ പദവിയിൽ എത്തുന്നത്. ജവഹർ ബാലജനവേദിയിലൂടെയാണ് രമ്യ ഹരിദാസ് സംഘടനാ രംഗത്തെത്തുന്നത്. വിദ്യാഭ്യാസ കാലഘട്ടത്തിൽ കെ എസ് യുവിൽ പ്രവർത്തിച്ചു.
കെ എസ് യു പെരുവയൽ മണ്ഡലം സെക്രട്ടറിയായിരുന്നു. മ്യൂസിക് ബിരുദധാരിയായ രമ്യ കലോത്സവ വേദികളിലും താരമായി.

വിദ്യാർഥി സംഘടനാ പ്രവർത്തനത്തിന് ശേഷം യൂത്ത്‌കോൺഗ്രസിൽ സജീവമായി. യൂത്ത് കോൺഗ്രസ് പെരുവയൽ മണ്ഡലം സെക്രട്ടറി, കുന്ദമംഗലം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി, കോഴിക്കോട് പാർലിമെന്റ് മണ്ഡലം ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇക്കാലത്ത് തന്നെ ആദിവാസി മേഖലകളിലേക്കും തന്റെ പ്രവർത്തനം വ്യാപിപ്പിച്ചിരുന്നു. അട്ടപ്പാടിയിലെ ഊരുകളിൽ അവർ സേവനം ചെയ്തു.

2007ൽ നെഹ്‌റു യുവകേന്ദ്രയുടെ പൊതുപ്രവർത്തക അവാർഡിന് അർഹയായി. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുടുംബത്തിലാണ് രമ്യ ഹരിദാസ് വളർന്നത്.സാധാരണക്കാർക്ക് ഇടയിലേക്ക് ഇറങ്ങി മറ്റുള്ളവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ രമ്യ മുന്നിൽ നിന്നിരുന്നുവെന്ന് രമ്യയുടെ അമ്മ രാധാ ഹരിദാസ് പറയുന്നു. മാതാപിതാക്കൾക്കൊപ്പം കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് താമസിക്കുന്നത്. മാതാവ് രാധ ഹരിദാസ് മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആണ്.

കോഴിക്കോട്