Connect with us

Kerala

പുനര്‍വിചിന്തനം നടത്തണം;കോര്‍പ്പറേറ്റുകളെ പുറത്തുനിര്‍ത്തി ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകണം: വിഎസ്

Published

|

Last Updated

തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതെന്ന് വിഎസ് അച്യുതാനന്ദന്‍. കള്ളനെ കാവലേല്‍പ്പിക്കുക എന്നൊക്കെ പറയുന്നതുപോലൊരു സ്ഥിതിവിശേഷമാണ് സംജാതമായിട്ടുള്ളതെന്നും വി എസ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. മുഖ്യശത്രുവിനെ തുരത്തുന്ന കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ നിലനിന്ന യോജിപ്പില്ലായ്മയും ഉള്‍പ്പോരുമെല്ലാമാണ് പരാജയ കാരണം.

കേരള ജനത ബിജെപിയെ തുരത്തുന്നതില്‍ വിജയിച്ചു എന്നത് ആശ്വാസകരമാണ്. ഇടതുപക്ഷത്തിന്റെ അടിത്തറ കെട്ടിപ്പടുക്കേണ്ടതെങ്ങനെ എന്ന കാര്യത്തില്‍ പുനര്‍ വിചിന്തനം നടത്തേണ്ടതുണ്ട്. പറ്റിയ തെറ്റുകള്‍ പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞുകഴിഞ്ഞുവെന്നും വി എസ് വിശദമാക്കി.ജനങ്ങളോടൊപ്പം നിന്ന്, ജനങ്ങളെ പുറത്തുനിര്‍ത്താതെ, കോര്‍പ്പറേറ്റ് വികസന മാതൃകകളെ പുറത്തുനിര്‍ത്തി, കര്‍ഷകരെയും തൊഴിലാളികളെയും പരിസ്ഥിതിയെയും ഭൂമിയെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോവുകയല്ലാതെ ഇടതുപക്ഷത്തിന് വേറെ മാര്‍ഗങ്ങളില്ല. അതാണ് ഇടതുപക്ഷ രാഷ്ട്രീയമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ വിഎസ് പറയുന്നു.