Connect with us

Ongoing News

വോട്ടെണ്ണല്‍ തുടങ്ങി; തപാല്‍ വോട്ടുകളില്‍ ഒപ്പത്തിനൊപ്പം

Published

|

Last Updated

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ഫല സൂചനകള്‍ അറിഞ്ഞു തുടങ്ങിയിട്ടുണ്ട്. തപാല്‍ വോട്ടുകളുടെ എണ്ണല്‍ പുരോഗമിക്കുമ്പോള്‍ സംസ്ഥാനത്ത് ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണ്. ദേശീയ തലത്തില്‍ എന്‍ ഡി എ മുന്നിലാണ്.

ഒരു മാസത്തിലേറെ നീണ്ട പ്രചാരണം, വോട്ടെടുപ്പ് കഴിഞ്ഞ് ഒരു മാസം നീണ്ട കാത്തിരിപ്പ്. എല്ലാത്തിനും ഇന്ന് ഏതാനും സമയത്തിനകം ഉത്തരമാകും. ഡല്‍ഹിയിലേക്ക് കേരളം അയക്കുന്ന ഇരുപത് എം പിമാര്‍ ആരെന്ന് ഇന്ന് ഉച്ചയോടെ അറിയാം. അര മണിക്കൂറിനകം ആദ്യ റൗണ്ട് പിന്നിടുന്നതോടെ ഫല സൂചനകളും ലഭിക്കും. രണ്ട് മണിക്കൂറിനകം ഏകദേശ ചിത്രമാകും. അല്‍പ്പം കൂടി കാത്തിരുന്നാല്‍ ഫലവുമറിയാം. വി വി പാറ്റ് എണ്ണുന്നതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പ്രഖ്യാപനം രാത്രിയാകും.

കേരള രാഷ്ട്രീയത്തില്‍ വമ്പന്‍ പ്രതിഫലനങ്ങള്‍ക്ക് വഴിവെക്കുന്നതാകും തിരഞ്ഞെടുപ്പ് ഫലം. ദേശീയ രാഷ്ട്രീയ പാര്‍ട്ടി പദവി നിലനിര്‍ത്താന്‍ കൂടി മത്സരിച്ച സി പി എമ്മിന് നിര്‍ണായകമാണ് ഇന്നത്തെ ദിവസം. രാഹുല്‍ വന്നിട്ടും എന്ത് നേടിയെന്ന ചോദ്യത്തിന് കോണ്‍ഗ്രസിനും ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ബി ജെ പിയുടെ അക്കൗണ്ട് തുറക്കുകയെന്ന മോഹം പൂവണിയുമെന്ന എക്സിറ്റ് പോള്‍ പ്രവചനത്തിന്റെ ആത്മവിശ്വാസത്തില്‍ അവരും കാത്തിരിക്കുന്നു. എക്സിറ്റ്പോള്‍ ഭൂരിഭാഗവും യു ഡി എഫിനൊപ്പമാണ്. നിലവിലുള്ള എട്ടെങ്കിലും നിലനിര്‍ത്തിയാല്‍ എല്‍ ഡി എഫിന് പിടിച്ചുനില്‍ക്കാം. അല്ലെങ്കില്‍ തോല്‍വിയുടെ കാരണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരം നല്‍കേണ്ടി വരും.

നിലവിലുള്ള പന്ത്രണ്ടില്‍ നിന്ന് പിന്നാക്കം പോയാല്‍ യു ഡി എഫിലും വലിയ പ്രതിസന്ധിയുണ്ടാക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുതല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വരെ ഉത്തരം പറയേണ്ടി വരും. അക്കൗണ്ട് തുറക്കാനായില്ലെങ്കില്‍ പൊട്ടിത്തെറിയാണ് ബി ജെ പിയെ കാത്തിരിക്കുന്നത്. പി എസ് ശ്രീധരന്‍ പിള്ളക്കെതിരായ പടയൊരുക്കം ഇന്ന് തന്നെ തുടങ്ങും. ഒരിടത്ത് ജയിക്കാനായാല്‍ അത് ചരിത്രത്തിന്റെ ഭാഗവുമാകും.

സംസ്ഥാനത്തൊട്ടാകെ 29 ഇടങ്ങളിലായി 140 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഓരോ ലോക്സഭാ മണ്ഡലത്തിലും വരുന്ന നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകള്‍ ഒരുമിച്ച് എണ്ണിത്തുടങ്ങും. ഒരു ടേബിളില്‍ പോസ്റ്റല്‍ ബാലറ്റും മറ്റ് ടേബിളുകളില്‍ ഇ വി എം വോട്ടും രാവിലെ എട്ട് മണിക്ക് തന്നെ എണ്ണിത്തുടങ്ങും. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്ന ടേബിളില്‍ രാവിലെ 8.30 ഓടെ മാത്രമേ ഇ വി എം വോട്ട് എണ്ണിത്തുടങ്ങൂ. ഇന്ന് രാവിലെ എട്ട് വരെ ലഭിക്കുന്ന എല്ലാ തപാല്‍ വോട്ടുകളും എണ്ണും. മൊത്തം ലഭിച്ച പോസ്റ്റല്‍ ബാലറ്റുകളേക്കാള്‍ കുറവാണ് വിജയിച്ച സ്ഥാനാര്‍ഥിയുടെ മാര്‍ജിന്‍ എങ്കില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ വീണ്ടും എണ്ണി ഉറപ്പാക്കും.

---- facebook comment plugin here -----

Latest