Connect with us

Education

പ്ലസ് വൺ ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന്; പ്രവേശനം 27 വരെ

Published

|

Last Updated

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ്‍ലിസ്റ്റ് ഇന്ന് രാവിലെ 10 മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. എസ് എസ് എൽ സി പുനർ മൂല്യനിർണയത്തിലൂടെ ഉയർന്ന ഗ്രേഡ് ലഭിച്ചവരുടെ ഗ്രേഡുകൾ പരീക്ഷാ ഭവനിൽ നിന്ന് നേരിട്ട് ഉൾപ്പെടുത്തിയാണ് അലോട്ട്‌മെന്റ് പ്രക്രിയ നടത്തിയിട്ടുള്ളത്. പുനർ മൂല്യ നിർണയത്തിൽ ഗ്രേഡ് വ്യത്യാസം വന്നവർ പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നുള്ള റിസൽട്ടിന്റെ പ്രിന്റ് ഔട്ട് പ്രവേശനസമയത്ത് ഹാജരാക്കണം.

ആദ്യലിസ്റ്റ് പ്രകാരമുള്ളവിദ്യാർഥി പ്രവേശനം 24 മുതൽ 27 വരെ നടക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ www.hscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ നിർബന്ധമായി അലോട്ട്‌മെന്റ് ലഭിക്കുന്ന സ്‌കൂളിൽ മേയ് 27ന് വൈകിട്ട് നാലിന് മുമ്പ് പ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും താല്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. ആദ്യ അലോട്ട്‌മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളിൽ അലോട്ട്‌മെന്റ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താത്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം.

താത്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ടതില്ല. താത്കാലികപ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തിരഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കുകയും ചെയ്യാം. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്‌കൂളിലാണ് നൽകേണ്ടത്. ആദ്യ അലോട്ട്‌മെന്റിൽ ഇടം നേടാത്തവർ അടുത്ത അലോട്ട്‌മെന്റുകൾക്കായി കാത്തിരിക്കണം. വിദ്യാർഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്‌കൂളിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാം. അലോട്ടമെന്റ് ലഭിക്കുന്ന വിദ്യാർഥികളെല്ലാം നിശ്ചിത സമയത്തിനുള്ളിൽ സ്‌കൂളുകളിൽ പ്രവേശനത്തിന് ഹാജരാകണമെന്നും ഹയർ സെക്കൻഡറി ഡയറക്‍ടർ അറിയിച്ചു.

രണ്ടാമത്തെ അലോട്ട്‌മെന്റിനുശേഷം ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷകൾ സ്വീകരിക്കും. സ്‌പോർട്‌സ് ക്വാട്ട സ്‌പെഷ്യൽ അലോട്ട്‌മെന്റ് റിസൾട്ടും ഇതിനോടൊപ്പം പ്രസിദ്ധീകരിക്കും. അഡ്മിഷൻ ഇന്ന് മുതൽ 27 വരെ ആയിരിക്കും.

വെബ്‌സൈറ്റിൽ അലോട്ട്‌മെന്റ്റിസൽട്ടിനോടൊപ്പം പ്രസിദ്ധീകരിക്കുന്ന നിർദേശങ്ങളനുസരിച്ച് നിശ്ചിത സമയത്തിനുള്ളിൽ പ്രിൻസിപ്പൽമാർ പ്രവേശനനടപടികൾ പൂർത്തിയാക്കണമെന്ന് ഹയർ സെക്കൻഡറി ഡയറക്‍ടർ അറിയിച്ചു.

Latest