രാജ്യത്ത് നാളെ അക്രമങ്ങള്‍ക്ക് സാധ്യതയെന്ന്; കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

Posted on: May 22, 2019 7:27 pm | Last updated: May 23, 2019 at 11:10 am

ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ ദിനമായ നാളെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷത്തിനും അക്രമങ്ങള്‍ക്കും സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര അഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. നിയമവാഴ്ച ഉറപ്പു വരുത്തണമെന്നും ക്രമസമാധാന നില തകരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും എല്ലാ സംസ്ഥാനങ്ങളുടേയും ചീഫ് സെക്രട്ടറിമാര്‍ക്കും സംസ്ഥാന പോലീസ് മേധാവിമാര്‍ക്കും നല്‍കിയ ജാഗ്രതാ നിര്‍ദേശത്തില്‍ കേന്ദ്ര അഭ്യന്തര മന്ത്രാലയം പറയുന്നു. കേന്ദ്രഭരണ പ്രദേശങ്ങളോടും ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മുന്‍കരുതലെന്ന നിലയില്‍ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമുകള്‍ക്കും, കൗണ്ടിംഗ് സ്റ്റേഷനുകള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്നും വോട്ടിംഗ് നടപടികള്‍ പ്രശ്‌നങ്ങളില്ലാതെ പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കണമെന്നും കേന്ദ്ര അഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍സംഘര്‍ഷമുണ്ടായിരുന്നു. ബംഗാളില്‍ അക്രമസംഭവങ്ങളും വെടിവെപ്പുംവരെ റിപ്പോര്‍ട്ടുചെയ്യപ്പെട്ടു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.