Connect with us

International

അമേരിക്കയുമായി സാമ്പത്തിക യുദ്ധത്തിന് തയ്യാറെന്ന് ഇറാന്‍

Published

|

Last Updated

തെഹ്‌റാൻ: അമേരിക്കയുമായി ചർച്ചക്ക് സന്നദ്ധമല്ലെന്നും സാമ്പത്തിക യുദ്ധത്തിന് തയ്യാറാണെന്നും ഇറാൻ. മധ്യപൂർവേഷ്യൻ മേഖലയിൽ സംഘർഷ സാധ്യത നിലനിൽക്കെയാണ് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയുടെ പ്രസ്താവന.
സമ്പദ്‌വ്യവസ്ഥയെ തകർക്കാനുള്ള അമേരിക്കയുടെ നീക്കം തടയാനും നേരിടാനുമുള്ള കഴിവ് ഇറാനുണ്ടെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ അമേരിക്കയുമായൊരു ചർച്ച അനുയോജ്യമല്ലെന്നും പ്രതിരോധം മാത്രമാണ് ഇറാന്റെ ഒരേയൊരു മാർഗമെന്നും റൂഹാനി വ്യക്തമാക്കി.

യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാൻവിരുദ്ധ നിലപാടുമായി മുന്നോട്ടുപോകുമ്പോഴാണ് റൂഹാനിയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. അമേരിക്കയുമായി യുദ്ധത്തിന് തയ്യാറെടുക്കുകയാണെങ്കിൽ അത് ഇറാന്റെ അന്ത്യമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ ആർ എൻ എയോട് റൂഹാനി നിലപാട് വ്യക്തമാക്കിയത്.
അമേരിക്കയുമായി സാമ്പത്തിക യുദ്ധത്തിന് എല്ലാവരും സന്നദ്ധമാകണമെന്നും നിലവിൽ ബേങ്കിംഗ്, ക്രൂഡ് ഓയിൽ മേഖലയിൽ ശക്തമായ പ്രതിസന്ധി ഇറാൻ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും റൂഹാനി വ്യക്തമാക്കി.

അതിനിടെ, സാമ്പത്തിക അട്ടിമറി നടത്തിയ പത്ത് വ്യവസായികൾക്ക് 20 വർഷം നീണ്ടുനിൽക്കുന്ന ജയിൽ ശിക്ഷ വിധിച്ചതായി ജുഡൂഷ്യറി വക്താവ് ഗുലാംഹുസൈൻ ഇസ്മാഈലി അറിയിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടിക്ക് അധികൃതർ ശിപാർശ ചെയ്തിട്ടുണ്ട്.

ഇറാനുമായുള്ള ബന്ധം സങ്കീർണമാകുന്നതിനിടെ കഴിഞ്ഞയാഴ്ചയാണ് പേർഷ്യൻ ഉൾക്കടലിലേക്ക് അമേരിക്ക സൈനിക നീക്കം ശക്തമാക്കിയത്. യുദ്ധവിമാനങ്ങളും പാട്രിയറ്റ് മിസൈലുകളുമായി അമേരിക്കയുടെ യുദ്ധക്കപ്പൽ യു എസ് എസ് ആർലിംഗ്ടൺ ഗൾഫിലേക്ക് നീങ്ങിയതായി പെന്റഗൺ അറിയിക്കുകയായിരുന്നു.
യു എസ് ബി 52 ബോംബർ വിമാനങ്ങൾ ഖത്വറിലെ യു എസ് താവളത്തിലെത്തിയതായും പെന്റഗൺ അറിയിച്ചിരുന്നു. തങ്ങൾക്കെതിരെ ആക്രമണം ഉണ്ടാകാൻ സാധ്യതയുള്ളതുകൊണ്ടാണ് സൈനിക നീക്കം നടത്തുന്നതെന്നാണ് അമേരിക്കയുടെ ന്യായീകരണം.

അതിനിടെ, രാജ്യത്തെ ഭീഷണിപ്പെടുത്തി നിർത്താനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് അമേരിക്ക സൈനിക നീക്കം നടത്തുന്നതെന്ന് ഇറാൻ ആരോപിച്ചിരുന്നു. അതേസമയം, ട്രംപിന്റെ ഭീഷണിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് ള്വരീഫ് രംഗത്തെത്തി. ട്രംപ് അനാവശ്യമായ ഭീഷണി മുഴക്കരുതെന്നും ചരിത്രം മനസ്സിലാക്കുന്നത് നന്നാകുമെന്നും ള്വരീഫ് വ്യക്തമാക്കിയിരുന്നു.

2015ലെ ആണവകരാറിൽ നിന്ന് കഴിഞ്ഞ വർഷം അമേരിക്ക പിന്മാറിയതിന് പിന്നാലെ കടുത്ത ഉപരോധങ്ങളാണ് ഇറാന് മേൽ ചുമത്തിയത്. ഇതോടെ രാജ്യം കനത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്നു. ഇറാൻ റിയാലിന്റെ മൂല്യം കഴിഞ്ഞ വർഷത്തേക്കാൾ 60 ശതമാനം കൂപ്പുകുത്തി.

Latest