Connect with us

International

ഒരാഴ്ചക്കിടെ രണ്ടാം തവണ എവറസ്റ്റ് കീഴടക്കി കാമി ഋത

Published

|

Last Updated

കാഠ്മണ്ഡു: ഒരാഴ്ചക്കിടെ രണ്ടാം തവണ എവറസ്റ്റ് കൊടുമുടി കീഴടക്കി നേപ്പാൾ സ്വദേശി കാമി ഋത ഷെർപ്പ. ഇതോടെ ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ വ്യക്തി എന്ന റെക്കോർഡിന് വീണ്ടും ഉടമയായിരിക്കുകയാണ് കാമി. ഇന്നലത്തെ കയറ്റത്തോടെ 24 തവണയാണ് കാമി എവറസ്റ്റ് കീഴടക്കിയിരിക്കുന്നത്.

രാവിലെ ആറരയോടെ നേപ്പാൾ വശത്തുനിന്നാണ് കാമി എവറസ്റ്റിന് മുകളിലെത്തിയത്. മെയ് 15ന് കാമി 23ാം തവണ എവറസ്റ്റിൽ എത്തിയിരുന്നു. രണ്ട് ദശകത്തോളമായി എവറസ്റ്റ് പർവതാരോഹകർക്ക് വഴികാട്ടിയായി പ്രവർത്തിക്കുകയാണ് കാമി. സൊലുകുംഭു ജില്ലയിലെ താമെ സ്വദേശിയായ കാമി പർവതാരോഹകർക്ക് വഴികാട്ടുന്നതിന്റെ ഭാഗമായാണ് ഭൂരിഭാഗം തവണയും കൊടുമുടി കയറിയത്. കാഞ്ചൻജംഗ, ചൊ ഒയു, ലോട്‌സെ, അന്നപുർണ തുടങ്ങിയ കൊടുമുടികൾ ഇതിനകം തന്നെ കാമി കീഴടക്കിക്കഴിഞ്ഞു.1994ൽ 24 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് കാമി ആദ്യമായി എവറസ്റ്റ് കീഴടക്കിയത്. അമേരിക്ക കേന്ദ്രമായ ആൽപൈൻ അസെന്റ്‌സ് കമ്പനിയുടെ ഗൈഡാണ് കാമി. നേപ്പാളിലെ പർവത മേഖലയിൽ ജീവിക്കുന്ന പ്രത്യേക ഗോത്രവർഗമാണ് കാമി ഉൾപ്പെടുന്ന ഷെർപ്പകൾ.

Latest