Connect with us

International

ഡ്രോൺ ആക്രമണം; സഊദിയുടെ ആയുധശാല തകർത്തെന്ന് ഹൂത്തികൾ

Published

|

Last Updated

സൻആ: യമനിൽ സഊദിയുടെ നേതൃത്വത്തിൽ നടന്ന വ്യോമാക്രമണത്തിന് തിരിച്ചടി നൽകിയെന്ന് ഹൂത്തികളുടെ അവകാശവാദം. സഊദി അറേബ്യയുടെ സൈനിക കേന്ദ്രത്തിൽ ഡ്രോൺ ആക്രമണം നടത്തിയെന്നാണ് യമൻ വിമതരുടെ അവകാശവാദം. തലസ്ഥാനമായ റിയാദിൽ നിന്ന് 840 കിലോമീറ്റർ അകലെ യമൻ അതിർത്തിയിലെ നജ്‌റാനിലാണ് ഹൂത്തികളുടെ ഡ്രോൺ ആക്രമണം നടന്നതെന്ന് അൽസമീറ സാറ്റലൈറ്റ് ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്തു. ഹൂത്തികളുടെ ഖാസിഫ് 2കെ ഡ്രോൺ വിമാനമാണ് സഊദി സൈനിക കേന്ദ്രത്തിൽ ആക്രമണം നടത്തിയത്. ഡ്രോൺ ആക്രമണം നടന്നതായി സഊദി സ്ഥിരീകരിച്ചെങ്കിലും ആയുധശാല ലക്ഷ്യംവെച്ച് ഡ്രോൺ ആക്രമണം നടന്നില്ലെന്നും സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യംവെച്ച് നടന്ന ആക്രമണ ശ്രമം തങ്ങൾ തകർത്തെന്നും സഊദി സൈനിക വക്താക്കൾ അറിയിച്ചു. ഇറാന്റെ തീവ്രവാദി സേനയായ ഹൂത്തികളുടെ ആക്രമണം നേരിടാൻ സഊദിയുടെ പ്രതിരോധ സംവിധാനം ശക്തമാണെന്ന് സഊദി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മാലികി വ്യക്തമാക്കി.
സഊദിയുടെ എണ്ണ പൈപ്പ്‌ലൈന് നേരെ ഹൂത്തികൾ കഴിഞ്ഞയാഴ്ച ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം മക്കയും ജിദ്ദയും ലക്ഷ്യമാക്കി നടത്തിയ ഹൂത്തികളുടെ മിസൈൽ ആക്രമണം സഊദി വിഫലമാക്കിയിരുന്നു.

യമനിലെ ഹൂത്തി കേന്ദ്രങ്ങൾ ലക്ഷ്യമാക്കി സഊദി സഖ്യ സേനയുടെ ആക്രമണം ഒരിടവേളക്ക് ശേഷം തുടർന്നതോടെയാണ് തിരിച്ചടിയുണ്ടായത്. ഇരു സേനയും തമ്മിൽ അതിർത്തിയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. യു എന്നിന്റെ നേതൃത്വത്തിലുള്ള സമാധാന ചർച്ച നടക്കുന്നതിനിടെയാണ് ആക്രമണങ്ങളെന്നത് നിരാശാജനകമാണ്.