Connect with us

Kerala

തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധന വില ഉയരുന്നു

Published

|

Last Updated

തിരുവനന്തപുരം: രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയായതോടെ എണ്ണ കമ്പനികൾ പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു തുടങ്ങി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഏഴാം ഘട്ട വോട്ടെടുപ്പ് നടപടികൾ പൂർത്തിയായതിന് തൊട്ടടുത്ത ദിവസം മുതലാണ് രാജ്യത്തെ പൊതുമേഖലയിലുൾപ്പെടെയുള്ള എണ്ണ ക്കമ്പനികൾ വില വർധിപ്പിച്ചത്. ഇന്നലെ പെട്രോളിന് ലിറ്ററിന് 14 പൈസയും ഡീസലിന് ലിറ്ററിന് 10 പൈസയുമാണ് വർധിച്ചത്. ഡീലർമാരുടെ കമ്മീഷൻ കൂട്ടിയതിനെ തുടർന്നാണ് വില വർധിപ്പിച്ചതെന്നാണ് തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ വിലവർധനക്ക് എണ്ണക്കമ്പനികൾ നൽകിയ വിശദീകരണം.

അതേസമയം 19ന് അവസാനഘട്ട വോട്ടെടുപ്പ് പൂർത്തിയായ ശേഷം 20ന് പെട്രോളിന് ലിറ്ററിന് ഒമ്പത് പൈസയും ഡീസലിന് 16 പൈസയുമാണ് വർധിപ്പിച്ചത്.

കൊച്ചിയിൽ പെട്രോളിന് 73.03 രൂപയും. ഡീസലിന് 69.67 രൂപയുമാണ് ഇന്നലെ രേഖപ്പെടുത്തിയിരുന്നത്. ഡൽഹിയിൽ പെട്രോളിന് 77.17 രൂപയും ഡീസലിന് 66.20 രുപയും, മുംബൈയിൽ പെട്രോളിന് 76.78 രൂപയുമാണ് വില രേഖപ്പെടുത്തിയത്.
എണ്ണ വില നിയന്ത്രണം സർക്കാർ പരിധിയിലല്ലെന്നും എണ്ണക്കമ്പനികളുടെ പരിധിയിലുള്ള കാര്യത്തിൽ സർക്കാറിന് ഇടപെടാനാവില്ലെന്നാണ് സാധാരണ ഗതിയിൽ ഇന്ധന വില വർധന സമയത്ത് സർക്കാർ നൽകുന്ന വിശദീകരണം.

എന്നാൽ തിരഞ്ഞെടുപ്പ് സമയങ്ങളിൽ എണ്ണ വില ഉയരാതിരിക്കാൻ സർക്കാർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇതുപ്രകാരം രാജ്യത്ത് തിരഞ്ഞെടുപ്പ് നടപടികൾ നടന്ന ഒന്നര മാസക്കാലം ഇന്ധന വിലയിൽ കാര്യമായ വർധന അനുഭവപ്പെട്ടിരുന്നില്ല.
എന്നാൽ വോട്ടെടുപ്പ് നടപടികൾ പൂർത്തിയായ ഉടൻ വില വർധന അനുഭവപ്പെടുകയും ചെയ്യുന്നു. ഇതുപോലെ നേരത്തേ ഗുജറാത്ത്, ഉത്തർപ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുമ്പോഴും നിശ്ചിത കാലത്തേക്ക് എണ്ണ വില പിടിച്ചുനിർത്താൻ കേന്ദ്ര സർക്കാർ ഇടപെട്ടിരുന്നു.
പ്രതിദിനം ചെറിയതോതിൽ വർധിക്കുന്ന ഇന്ധന വില ഇന്ന് വലിയ തുകയിൽ എത്തി നിൽക്കുകയാണ്. ഓരോ ദിവസവും വില മാറുന്ന സാഹചര്യത്തിൽ ഈ നിശ്ശബ്ദ വിലവർധന ഉപഭോക്താക്കളുടെ ശ്രദ്ധയിൽപ്പെടുന്നില്ല എന്ന് മാത്രം. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ നിരക്ക് ഉയർന്ന് നിൽക്കുന്നതാണ് പ്രധാനമായും ഇന്ധന വില ഉയരാനിടയാക്കിയതെന്നാണ് വിലയിരുത്തൽ.

Latest