Connect with us

Ongoing News

വോട്ടെണ്ണൽ നാളെ, ക്രമീകരണം ഇങ്ങനെ

Published

|

Last Updated

നാളെ രാവിലെ എട്ടിനാണ് വോട്ടെണ്ണൽ ആരംഭിക്കുക. സംസ്ഥാനത്തൊട്ടാകെ 29 ഇടങ്ങളിലായി 140 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സംവിധാനിച്ചിരിക്കുന്നത്.

ഒരു റൗണ്ട് എണ്ണിയാൽ ആദ്യസൂചന

നിയമസഭാമണ്ഡലം അടിസ്ഥാനമാക്കിയാകും വോട്ടെണ്ണുന്നത്. ഓരോലോക്‌സഭാ മണ്ഡലത്തിലും വരുന്ന നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകൾ ഒരുമിച്ച് എണ്ണി തുടങ്ങും. ഒരു ടേബിളിൽ പോസ്റ്റൽ ബാലറ്റും മറ്റ് ടേബിളുകളിൽ മെഷീനിലെ വോട്ടും രാവിലെ എട്ടിന് തന്നെ എണ്ണി തുടങ്ങും. പോസ്റ്റൽ ബാലറ്റ് എണ്ണുന്ന ടേബിളിൽ രാവിലെ 8.30ഓടെ മാത്രമേ മെഷീനിലെ വോട്ട് എണ്ണി തുടങ്ങൂ. ഇ ടി പി ബി എസ് വഴി ലഭിച്ച സർവീസ് വോട്ടുകൾ സ്‌കാനിംഗ് ആരംഭിക്കും.
ഒരു കേന്ദ്രത്തിൽ പത്ത് മുതൽ 16 വരെ ടേബിളുകൾ സജ്ജീകരിക്കും. ഒരു ടേബിളിൽ ഒന്ന് എന്ന ക്രമത്തിൽ വോട്ട് എണ്ണുന്നതോടെ ഒരു റൗണ്ട് പൂർത്തിയാകും. ഒരു റൗണ്ട് എണ്ണാൻ പത്ത് മുതൽ 15 മിനുട്ട് വരെ സമയം വേണ്ടി വരും.

ഇങ്ങനെ ഓരോ റൗണ്ടും പൂർത്തിയായി കൗണ്ടിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ ഫലം പ്രഖ്യാപിച്ച് കമ്മീഷന്റെ വെബ്‌സൈറ്റിലും അപ്‌ലോഡ് ചെയ്യും. ഇതിന് ശേഷമേഅടുത്ത റൗണ്ടിലേക്കുള്ള മെഷീനുകൾ സ്‌ട്രോംഗ് റൂമിൽ നിന്ന് എടുക്കൂ. വോട്ടർമാരുടേയും പോളിംഗ് ബൂത്തുകളുടെയും എണ്ണത്തിന് അനുസരിച്ച് പത്ത് മുതൽ 16 റൗണ്ട് വരെ കൗണ്ടിംഗ് ഉണ്ടാകും. വോട്ടെണ്ണൽ ദിവസം രാവിലെ എട്ട് വരെ ലഭിക്കുന്ന എല്ലാ തപാൽ വോട്ടുകളും എണ്ണാൻ ഉൾപ്പെടുത്തും. നാല് കൗണ്ടിംഗ് ടേബിളുകളാണ് പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ എണ്ണുന്നതിന് നിർദേശിച്ചിട്ടുള്ളതെങ്കിലും കൂടുതൽ പോസ്റ്റൽ ബാലറ്റുകൾ ഉള്ള സ്ഥലങ്ങളിൽ കമ്മീഷൻ അനുമതിയോടെ കൂടുതൽ ടേബിളുകൾ ഒരുക്കും. മൊത്തം ലഭിച്ച പോസ്റ്റൽ ബാലറ്റുകളേക്കാൾ കുറവാണ് വിജയിച്ച സ്ഥാനാർഥിയുടെ മാർജിൻ എങ്കിൽ പോസ്റ്റൽ ബാലറ്റുകൾ വീണ്ടും എണ്ണി ഉറപ്പാക്കുകയും അത് വീഡിയോയിൽ പകർത്തുകയും ചെയ്യും.

ആർക്കൊക്കെ പ്രവേശിക്കാം

കൗണ്ടിംഗ് സൂപ്പർവൈസർ, കൗണ്ടിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സർവർമാർ, ഇലക്്ഷൻ കമ്മീഷൻ അനുവദിച്ച തിരിച്ചറിയൽ കാർഡുള്ളവർ, ഒബ്‌സർവർമാർ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർ, സ്ഥാനാർഥി/ഇലക്്ഷൻ ഏജന്റ്/കൗണ്ടിംഗ് ഏജന്റ് എന്നിവർക്ക് മാത്രമായിരിക്കും വോട്ടെണ്ണൽ ഹാളുകളിൽ പ്രവേശനം.

പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ എണ്ണുന്ന കൗണ്ടിംഗ് ടേബിളുകളിൽ സ്ഥാനാർഥികൾക്ക് അവരുടെ ഏജന്റുമാരെ ഒരു ടേബിളിൽ ഒരു ഏജന്റ് എന്ന കണക്കിൽ ഏർപ്പെടുത്താം. ഔദ്യോഗിക വീഡിയോ ക്യാമറ മാത്രമേ കൗണ്ടിംഗ് ഹാളിൽ സജ്ജീകരിക്കാൻ അനുമതിയുള്ളൂ. മാധ്യമ പ്രവർത്തകർക്ക് കൗണ്ടിംഗ് ഹാളിൽ ക്യാമറ സ്റ്റാൻഡ് അനുവദിക്കില്ല. ഇലക്്ഷൻ കമ്മീഷൻ അനുവദിച്ച മീഡിയാ പാസ്സുള്ള മാധ്യമ പ്രവർത്തകർക്ക് കൗണ്ടിംഗ് ഹാളിൽ വീഡിയോ ക്യാമറ ഉപയോഗിക്കാം. ഇങ്ങിനെ എടുക്കുന്ന വീഡിയോ ക്ലിപ്പിംഗുകളിൽ പോസ്റ്റൽ ബാലറ്റ്, ഇ വി എം, വി വി പാറ്റുകൾ എന്നിവയിലെ യഥാർഥ വോട്ടുകൾ കവർ ചെയ്യാൻ പാടില്ല. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥർ, റിട്ടേണിംഗ് ഓഫീസർ/ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ ആവശ്യപ്പെടുന്ന സാഹചര്യങ്ങളിലല്ലാതെ കൗണ്ടിംഗ് ഹാളിൽ പ്രവേശിക്കാൻ പാടില്ല.

എണ്ണും മുമ്പ് പരിശോധിക്കും

ഓരോ കൺട്രോൾ യൂനിറ്റിലെയും സീലുകൾ (പിങ്ക് പേപ്പർ സീൽ, ഔട്ടർ പേപ്പർ സീൽ, സ്‌പെഷ്യൽടാഗ്, ഗ്രീൻ പേപ്പർ സീൽ) പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയായിരിക്കും അവയിലെ വോട്ടെണ്ണൽ തുടങ്ങുന്നത്.ഓരോ റൗണ്ടും തീർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മുന്പ് തിരഞ്ഞെടുപ്പ് നിരിക്ഷകൻ റാൻഡം ആയി തിരഞ്ഞെടുക്കുന്ന രണ്ട് ഇ വി എംകൾ വീണ്ടും എണ്ണി കൃത്യത ഉറപ്പാക്കും. കൗണ്ടിംഗ് ഹാളിലെ എല്ലാ നടപടിക്രമങ്ങളും വീഡിയോയിൽ പകർത്തും.

വി വി പാറ്റ് എണ്ണുന്നത് ഒടുവിൽ

വോട്ടിംഗ്‌മെഷീനുകളിലെ വോട്ടെണ്ണൽ പൂർത്തിയാക്കിയശേഷമായിരിക്കും വി വി പാറ്റുകളിലെ പേപ്പർ സ്ലിപ്പുകൾ എണ്ണാൻ തുടങ്ങുന്നത്. ഒരു നിയമസഭാമണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലെ വി വി പാറ്റ് സ്ലിപ്പുകളാണ് എണ്ണുക. ഏഴ് നിയമസഭാമണ്ഡലമുള്ള ഒരു ലോക്‌സഭാമണ്ഡലമെങ്കിൽ 35 ബൂത്തുകളിലെ വി വി പാറ്റുകൾ എണ്ണണം.

ഇത് ഏതൊക്കെയെന്ന് നറുക്കെടുപ്പിലൂടെ തീരുമാനിക്കും. ഇതിന് പുറമെ മറ്റ് മൂന്ന് സാഹചര്യങ്ങൾ കൂടി സംഭവിച്ചാൽ വി വി പാറ്റ് സ്ലിപ്പുകൾ എണ്ണും. കൺട്രോൾ യൂനിറ്റിലെ ഡിസ്‌പ്ലേ പ്രവർത്തിക്കുന്നില്ലെങ്കിൽ, 1961ലെ ഇലക്്ഷൻ നടത്തിപ്പ് ചട്ടങ്ങളിലെ ചട്ടം 56 (ഡി) പ്രകാരം സ്ഥാനാർഥിയോ ഇലക്്ഷൻ ഏജന്റോ, കൗണ്ടിംഗ് ഏജന്റോ ആവശ്യപ്പെടുന്ന ബൂത്തുകളിൽ എല്ലാ വസ്തുതകളും പരിശോധിച്ച് റിട്ടേണിംഗ് ഓഫീസർക്ക് ബോധ്യമുള്ള സാഹചര്യങ്ങളിൽ, കമ്മീഷൻ നിർദേശിക്കുന്ന ബൂത്തുകളിൽ. 1961ലെ ഇലക്ഷൻ നടത്തിപ്പ് ചട്ടങ്ങളിലെ ചട്ടം 56 ഡി (4ബി) പ്രകാരം വോട്ടിംഗ് മെഷീനിലെ ഫലവും വി വി പാറ്റ് പേപ്പർ സ്ലിപ്പ് എണ്ണവും തമ്മിൽ വ്യത്യാസം ഉണ്ടെങ്കിൽ വി വി പാറ്റ് പേപ്പർ സ്ലിപ്പ് എണ്ണമായിരിക്കും അന്തിമം.

വി വി പാറ്റ് സ്ലിപ്പുകൾ എണ്ണുന്നതിനുള്ള ജീവനക്കാരെ ആവശ്യമെങ്കിൽ പ്രത്യേകമായി നിയമിക്കും. വി വി പാറ്റ് സ്ലിപ്പുകൾ എണ്ണുന്നതിനായി എല്ലാ വോട്ടെണ്ണൽ ബൂത്തുകളിലും പ്രത്യേകം വി വി പാറ്റ് കൗണ്ടിംഗ് ബൂത്തുകൾ സജ്ജീകരിക്കും. വി വി പാറ്റ് എണ്ണി തീരാൻ രാത്രി വൈകുമെന്നതിനാൽ ഔദ്യോഗിക ഫലപ്രഖ്യാപനവും ഇതിന് അനുസരിച്ച് വൈകും.

Latest