Connect with us

Malappuram

രാജ്യത്തെ ഏറ്റവും വലിയ റമസാൻ പ്രാർഥനാ സമ്മേളനം 31ന്

Published

|

Last Updated

ന്യൂഡൽഹി: ഭീകരതക്കെതിരെ സമാധാന പ്രതിജ്ഞയുമായി വിശ്വാസി ലക്ഷങ്ങൾ മലപ്പുറം സ്വലാത്ത് നഗറിൽ ഒത്തു ചേരും. ഈ മാസം 31ന്, വിശുദ്ധ റമസാൻ ഇരുപത്തിയേഴാം രാവിലാണ് രാജ്യത്തെ ഏറ്റവും വലിയ റമസാൻ ആത്മീയ സമ്മേളനം നടക്കുക.

ഏറ്റവും പുണ്യം കൽപ്പിക്കപ്പെടുന്ന റമസാനിലെ അവസാനത്തെ വെള്ളിയാഴ്ച കൂടിയായതിനാൽ വിപുലമായ സൗകര്യങ്ങളാണ് പ്രാർത്ഥനാ സമ്മേളനത്തിനായി മലപ്പുറം സ്വലാത്ത് നഗറിൽ ഒരുക്കുന്നതെന്ന് സ്വാഗത സംഘം ചെയർമാൻ കർണാടക നഗര വികസന മന്ത്രി യു ടി ഖാദർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഭീകര-വിധ്വംസക പ്രവണതകൾക്കെതിരെയുള്ള പ്രതിജ്ഞയോടൊപ്പം ലഹരി വിപത്തിനെതിരെയുള്ള ബോധവത്കരണം കൂടി നടക്കും. മത-രാഷ്ട്രീയ മുദ്രാവാക്യങ്ങളുടെ മറപിടിച്ചാണ് ലോകത്തെമ്പാടും ഭീകരത വളരുന്നത്. ഇവക്കെതിരെ സമൂഹത്തെ ബോധവത്കരിക്കുകയും ആത്മീയതയിലധിഷ്ഠിതമായ ഇസ്‌ലാമിന്റെ സമാധാന സന്ദേശം പരിചയപ്പെടുത്തുകയുമാണ് പരിപാടിയുടെ ലക്ഷ്യം.

മഅ്ദിൻ ചെയർമാനും കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നിർവഹിക്കും. സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. സമസ്ത സെക്രട്ടറിമാരായ പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, പേരോട് അബ്ദുർറഹ്‌മാൻ സഖാഫി പ്രഭാഷണം നടത്തും. രാത്രി ഒമ്പത് മണിയോടെ പ്രാർത്ഥനാ സമ്മേളനത്തിന്റെ പ്രധാന ചടങ്ങുകൾ ആരംഭിക്കും.
സമ്മേളനത്തിനെത്തുന്ന വിശ്വാസികളുടെ സൗകര്യാർത്ഥം സമ്മേളന നഗരിയിലും പരിസരത്തും വിശാലമായ പന്തലുകളും ഓഡിറ്റോറിയങ്ങളും ഒരുക്കും. പോലീസ്, ഫയർ ഫോഴ്‌സ്, മെഡിക്കൽ വിംഗുകൾ ഉൾപ്പെടെ നഗരിയിലും പരിസരങ്ങളിലുമായി നൂറിലധികം ഹെൽപ്പ് ലൈൻ കൗണ്ടറുകൾ സജ്ജീകരിക്കുന്നുണ്ട്. പ്രവാസികൾക്കായി പ്രത്യേക സൗകര്യം ഒരുക്കും. വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം കൺവീനർ സൈനുദ്ദീൻ നിസാമി കുന്ദമംഗലം, ജോ. കൺവിനർ, ഫർസാൻ ഖുറേശി, ഖാലിദ് സഖാഫി, ഡോ. സുബൈർ അംജദി സംബന്ധിച്ചു.

Latest