Connect with us

Sports

ആ വിജയഗോള്‍ ജിറൂദ് നേടുമോ ?

Published

|

Last Updated

ലണ്ടന്‍: യൂറോപ ലീഗയില്‍ മുന്‍ ക്ലബ്ബായ ആഴ്‌സണലിനെതിരെ വിജയഗോളടിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളുണ്ട് – ഒലിവര്‍ ജിറൂദ്. ഈ മാസം 29ന് ബാക്കുവില്‍ നടക്കുന്ന കലാശപ്പോരില്‍ ചെല്‍സിക്ക് കിരീടം സമ്മാനിക്കാന്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

ആഴ്‌സണലില്‍ പകരക്കാരുടെ ബെഞ്ചിലായതിന്റെ നിരാശയിലാണ് ജിറൂദ് ചെല്‍സിയുടെ നീലക്കുപ്പായത്തിലേക്ക് ചുവട് മാറ്റിയത്. ആ മാറ്റം നല്ലതിനായിരുന്നു. യൂറോപ ലീഗയില്‍ ചെല്‍സിയെ പത്ത് ഗോളുകള്‍ നേടി കുതിപ്പിച്ചത് ജിറൂദാണ്. ടൂര്‍ണമെന്റില്‍ ടോപ് സ്‌കോറര്‍ സ്ഥാനത്ത് നില്‍ക്കുന്ന ജിറൂദ് കരിയറിലെ പ്രധാന കിരീട വിജയത്തിനരികിലാണ്. ചെല്‍സി ചാമ്പ്യന്‍മാരായാല്‍ ജിറൂദ് എക്കാലവും സ്മരിക്കപ്പെടും.

ആഴ്‌സണലിനൊപ്പം അഞ്ചര വര്‍ഷം തുടര്‍ന്ന ജിറൂദ് മൂന്ന് എഫ് എ കപ്പ് നേട്ടത്തില്‍ പങ്കാളിയായി. മുന്‍ ക്ലബ്ബിനെതിരെ കളിക്കുക എന്നത് പ്രയാസകരമാണ്. എന്നാല്‍, അത്തരം വികാരങ്ങള്‍ക്കൊന്നും ഫുട്‌ബോളില്‍ സ്ഥാനമില്ല.

ഗ്രൗണ്ടിലിറങ്ങിയാല്‍ ടീമിന്റെ വിജയം ഉറപ്പിക്കാന്‍ പോരാടണം. ആഴ്‌സണലിനോട് പ്രത്യേക ഇഷ്ടമുണ്ട്. ഇംഗ്ലണ്ടില്‍ തന്റെ ആദ്യ ക്ലബ്ബാണ്. പക്ഷേ, ഇപ്പോള്‍ തന്റെ രക്തം നീലയാണ്. ഫ്രഞ്ച് ടീമിന്റേതിന് സമാനമാണിത്. നീലയാണ് തനിക്ക് ഉചിതം – ജിറൂദ് ജഴ്‌സിയുടെ നിറത്തോടുള്ള താത്പര്യം അടിവരയിടുന്നു.
ചെല്‍സിയുമായി ഒരു വര്‍ഷത്തെ പുതിയ കരാറില്‍ ജിറൂദ് ഇന്നലെ ഒപ്പുവെച്ചു. 2018 ജനുവരിയിലാണ് ജിറൂദ് ചെല്‍സിയിലെത്തിയത്. 62 മത്സരങ്ങളില്‍ നിന്ന് 17 ഗോളുകള്‍ നേടി.

ജിറൂദ് ഒരു വര്‍ഷം കൂടി ചെല്‍സിയുടെ താരമായി തുടരുന്നതില്‍ സന്തോഷിക്കുന്നുവെന്ന് ചെല്‍സി ഡയറക്ടര്‍ മറീന ഗ്രനോസ്‌കിയ പറഞ്ഞു.