600 കോടിയുടെ ഹെറോയിനുമായി പാക്ക് ബോട്ട് പിടിയില്‍

Posted on: May 21, 2019 9:11 pm | Last updated: May 22, 2019 at 9:32 am

മുംബൈ: കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി എത്തിയ പാക്കിസ്ഥാന്‍ മത്സ്യ ബന്ധന ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി. ഗുജറാത്ത് തീരത്തുവെച്ചാണ് ബോട്ട് പിടികൂടിയത്. 600 കോടി രൂപ വിലമതിക്കുന്ന 200 കിലോ ഹെറോയിനാണ് അല്‍ മദീന എന്ന ബോട്ടില്‍നിന്നും കണ്ടെത്തിയത്. ബോട്ടിലുള്ളവരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തതായി കോസ്റ്റ് ഗാര്‍ഡ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

പാക്ക് ബോട്ടില്‍നിന്നും മയക്ക് മരുന്ന് ഏറ്റ് വാങ്ങാനെത്തിയ ഇന്ത്യന്‍ മത്സ്യ ബന്ധന ബോട്ടിലുണ്ടായിരുന്ന 13 പേരും അറസ്റ്റിലായിട്ടുണ്ട്. രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് ബോട്ട് പിടികൂടിയത്. മയക്ക് മരുന്നുകള്‍ കടലിലുപേക്ഷിച്ച് രക്ഷപ്പെടാന്‍ പാക്ക് ബോട്ട് ശ്രമിച്ചുവെങ്കിലും കോസ്റ്റ് ഗാര്‍ഡ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കടലിലെറിഞ്ഞ മയക്ക് മരുന്ന് പൊതികളും വീണ്ടെടുക്കാന്‍ കോസ്റ്റ് ഗാര്‍ഡിനായി. കഴിഞ്ഞ മാര്‍ച്ചില്‍ ഗുജറാത്ത് തീരത്തുനിന്നും 300 കോടി രൂപ വിലമതിക്കുന്ന 100 കിലോ ഹെറോയിന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടിയിരുന്നു.