Connect with us

National

വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കണം, വിവിപാറ്റ് സ്ലിപ്പുകള്‍ ആദ്യം എണ്ണണം; കമ്മീഷനെ കണ്ട് പ്രതിപക്ഷം

Published

|

Last Updated

ന്യൂഡല്‍ഹി: വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തണമെന്നും വോട്ടെണ്ണുമ്പോള്‍ വിവിപാറ്റ് സ്ലിപ്പുകള്‍ ആദ്യം എണ്ണണമെന്നും 22 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് ആവശ്യപ്പെട്ടു. ഇന്ന് ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ യോഗം ചേര്‍ന്നതിനു ശേഷമാണ് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പ്രതിനിധികള്‍ കമ്മീഷനെ കണ്ടത്.

വിവിപാറ്റിലെയും വോട്ടിംഗ് യന്ത്രത്തിലെയും വോട്ടുകള്‍ ഒത്തുചേരാതെ വന്നാല്‍ പ്രസ്തുത നിയോജക മണ്ഡലത്തിലെ മുഴുവന്‍ വിവിപാറ്റുകളും എണ്ണണമെന്നും പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ആവശ്യം ബുധനാഴ്ച പരിഗണിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കിയതായി നേതാക്കള്‍ പറഞ്ഞു. വോട്ടിംഗ് യന്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ബന്ധപ്പെട്ടവര്‍ വേണ്ടത്ര ഉത്തരവാദിത്തം കാണിച്ചില്ലെന്നും സുരക്ഷ ഏര്‍പ്പെടുത്തിയില്ലെന്നും പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നായിരുന്നു കമ്മീഷന്റെ പ്രതികരണം.

നായിഡുവിനെ കൂടാതെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍, ഡി എം കെ നേതാവ് കനിമൊഴി തുടങ്ങിയവര്‍ പ്രതിപക്ഷ സംഘത്തിലുണ്ടായിരുന്നു.

Latest