Connect with us

Kerala

ചേരമാൻ ജുമാ മസ്ജിദിന് സലഫി തീവ്രവാദ ഭീഷണി;  പ്രത്യേക സുരക്ഷാ നിർദേശങ്ങളുമായി പോലീസ്

Published

|

Last Updated

കൊടുങ്ങല്ലൂർ (തൃശൂർ): ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ എൻ ഐ എ അറസ്റ്റ് ചെയ്ത സലഫിതീവ്രവാദി റിയാസ് അബൂബക്കറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിന്റെ സുരക്ഷക്കായി പോലീസ് പ്രത്യേക നിർദേശങ്ങളടങ്ങിയ കത്ത് ഇന്ന് മഹല്ല് കമ്മിറ്റിക്ക് നൽകും. പള്ളിയിൽ മെറ്റൽ ഡിറ്റക്ടർ സ്ഥാപിക്കാൻ ചേരമാൻ മഹല്ല് കമ്മിറ്റി യോഗം തീരുമാനിച്ചതിന് പിന്നാലെയാണ് പോലീസ് സുരക്ഷാ നിർദേശങ്ങൾ.

മസ്ജിദിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്താൻ കൊടുങ്ങല്ലൂർ പോലീസ് സംവിധാനമൊരുക്കിയതിന്റെ ഭാഗമാണിത്. പള്ളിയിൽ നേരത്തേയുണ്ടായിരുന്ന രണ്ട്‌ സുരക്ഷാ ജീവനക്കാരെ കൂടാതെ നാല് പേരെ കൂടി കൂടുതൽ നിയമിക്കാൻ മഹല്ല് കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇവരെ കൂടാതെ പള്ളിയിൽ ഒരു പോലീസുകാരനെ സ്ഥിരമായി പോസ്റ്റ് ചെയ്യും.നേരത്തേയുണ്ടായിരുന്ന ഗേറ്റുകൾ എല്ലാം അടച്ചുപൂട്ടി പ്രവേശനം രണ്ട് ഗേറ്റുകളിലൂടെ മാത്രമാക്കാൻ കത്തിൽ സൂചിപ്പിക്കുന്നുണ്ട്. പാർക്കിംഗ് മൈതാനിയിലെത്തുന്ന വാഹനങ്ങളുടെ വിശദവിവരങ്ങൾ രേഖപ്പെടുത്തുക. പള്ളിയിലേക്കെത്തുന്ന സന്ദർശകരുടെ വിവരങ്ങൾ രേഖപ്പെടുത്തുക, സന്ദർശകരുടെ ബാഗുകൾ പോലുള്ളവ പള്ളിയിലേക്ക് പ്രവേശിപ്പിക്കാതിരിക്കുക എന്നിവയാണ് കത്തിലെ പ്രധാന നിർദേശങ്ങൾ.
ഐ എസ് സഹായത്തോടെ കൊടുങ്ങല്ലൂർ ചേരമാൻ പള്ളിയിലും സ്‌ഫോടനം നടത്താൻ താൻ പദ്ധതിയിട്ടിരുന്നു എന്ന് റിയാസ് എൻ ഐ എ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ മൊഴി നൽകിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു . ഈ പശ്ചാത്തലത്തിലാണ് പള്ളിയിൽ കൂടുതൽ സുരക്ഷാ സംവിധാനം ഏർപ്പെടുത്താൻ മഹല്ല് കമ്മിറ്റിയും മുന്നിട്ടിറങ്ങിയത്. വെള്ളിയാഴ്ചകളിൽ ആയിരങ്ങൾ സംബന്ധിക്കുന്ന പള്ളിയിൽ സഞ്ചാരികളും ചരിത്ര ഗവേഷകരുമടക്കം നൂറ് കണക്കിനാളുകൾ ദിനേന സന്ദർശനം നടത്തുന്നുണ്ട്.

ശ്രീലങ്കയിലെ ചാവേർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിന്റെ തീരപ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കിയതിന്റെ ഭാഗമായി അഴിക്കോട് മുതൽ ചേറ്റുവ വരെയുള്ള തീര പ്രദേശത്ത് വിവിധ പോലീസ് സ്റ്റേഷനുകളുടെ സഹായത്തോടെ കോസ്റ്റൽ പോലീസും അതീവ ജാഗ്രത പുലർത്തുന്നുണ്ട്. ശ്രീലങ്കൻ സ്‌ഫോടനത്തിനു പിന്നിൽ സലഫി ഭീകര സംഘടനയാണെന്ന ശ്രീലങ്കൻ സർക്കാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും വിവിധ സലഫി ഗ്രൂപ്പുകൾ നിരീക്ഷണത്തിലാണ്.

Latest