പി ജയരാജന് പിന്നാലെ നസീറിനെ ആക്രമിച്ചതില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് എം വി ജയരാജനും

Posted on: May 21, 2019 9:36 am | Last updated: May 21, 2019 at 11:27 am

കോഴിക്കോട്: വെട്ടേറ്റ് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിനെ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ സന്ദര്‍ശിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും കൂടിക്കാഴ്ച കഴിഞ്ഞ് പുറത്തിറങ്ങിയ ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ നിക്ഷ്പക്ഷ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ വടകരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി ജയരാജനും നസീറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.
വടകര മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സി പി എം കൗണ്‍സിലറുമായിരുന്ന സി ഒ ടി നസീറിന് ദിവസങ്ങള്‍ക്ക് മുമ്പാണ് വെട്ടേറ്റത്. അക്രമത്തിന് പിന്നില്‍ സി പിഎമ്മാണെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നതിനിടെയാണ് പി ജയരാജനും എം വി ജയരാജും ആശുപത്രിയില്‍ സന്ദര്‍ശിച്ച് പാര്‍ട്ടിക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ചത്.