Connect with us

Sports

ബ്ലാസ്റ്റേഴ്‌സിനെ രക്ഷിക്കാന്‍ ഡച്ച് തന്ത്രം !

Published

|

Last Updated

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സ് ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ട് തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ഡച്ചുകാരനായ ഈല്‍ക്ക ഷറ്റോരി പരിശീലകനായെത്തി. മഞ്ഞപ്പടയുടെ പുതിയ കോച്ചായി ടോട്ടല്‍ ഫുട്‌ബോളിന്റെ നാട്ടുകാരനായ ഷറ്റോരിയെ നിയമിച്ചിരിക്കുകയാണ്.

കഴിഞ്ഞ സീസണിലെ ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ പ്ലേഓഫ് വരെയെത്തിച്ച ശേഷമാണ് ഇത്തവണ അദ്ദേഹം ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ചേര്‍ന്നത്. നെലോ വിന്‍ഗാദയുടെ പകരക്കാരനായാണ് 47 കാരനായ ഷറ്റോരി ബ്ലാസ്‌റ്റേഴ്‌സ് കോച്ചായി ചുമതലയേറ്റത്. പരിശീലകനെന്ന നിലയില്‍ ഏറെ അനുഭവസമ്പത്തുള്ള ഷറ്റോരിയുടെ സാന്നിധ്യം ബ്ലാസ്‌റ്റേഴ്‌സിനെ പഴയ പ്രതാപത്തിലേക്കു തിരികെ കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റ്.

കഴിഞ്ഞ 20 വര്‍ഷത്തോളമായി പരിശീലക രംഗത്ത് സജീവമാണ് ഷറ്റോരി. പശ്ചിമേഷ്യന്‍ ടീമുകളെയാണ് അദ്ദേഹം കൂടുതലായും പരിശീലിപ്പിച്ചിട്ടുള്ളത്.
കൂടാതെ ഐ ലീഗില്‍ പ്രയാഗ് യുനൈറ്റഡ്, ഈസ്റ്റ് ബംഗാള്‍ ടീമുകളുടെയും കോച്ചായിരുന്നു ഷറ്റോരി. കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട് ബ്ലാസ്‌റ്റേഴ്‌സ് നാണം കെട്ടിരുന്നു. ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്നു സീസണിന്റെ പകുതിക്കു ശേഷം ഡേവിഡ് ജെയിംസിനെ ഒഴിവാക്കി പകരം വിന്‍ഗാദയെ ചുമതലയേല്‍പ്പിക്കുകയായിരുന്നു.

എന്നാല്‍ അദ്ദേഹത്തിനും വലിയ ചലനങ്ങളൊന്നും സൃഷ്ടിക്കാനായില്ല. ഇതോടെയാണ് നോര്‍ത്ത് ഈസ്റ്റിനെ കഴിഞ്ഞ തവണ ഐഎസ്എല്ലിലെ കറുത്ത കുതിരകളാക്കിയ ഷറ്റോരിയെ ബ്ലാസറ്റേഴ്‌സ് തങ്ങളുടെ കൂടാരത്തിലെത്തിച്ചത്.
ബ്ലാസ്‌റ്റേഴ്‌സിനെ പഴയ മികവിലേക്ക് കൊണ്ടുവരാനുള്ള ചുമതല തന്നെയേല്‍പ്പിച്ചത് അഭിമാനം നല്‍കുന്ന കാര്യമാണെന്നു ഷറ്റോരി പ്രതികരിച്ചു. ഐഎസ്എഎല്ലില്‍ ഏറ്റവുമധികം ആരാധകരുള്ള ടീമാണ് ബ്ലാസ്‌റ്റേഴ്‌സ്. പ്രതിഭാശാലികളായ നിരവധി യുവതാരങ്ങള്‍ കേരളത്തിലുണ്ട്. അവരെ കണ്ടെത്തി ബ്ലാസ്‌റ്റേഴ്‌സ് ടീമിലേക്കു ഉയര്‍ത്തിക്കൊണ്ടുവരികയാണ് ലക്ഷ്യമെന്നും ഷറ്റോരി കൂട്ടിച്ചേര്‍ത്തു.

Latest