കൊച്ചിയിലെ സൗരോർജ പദ്ധതി ലോകരാജ്യങ്ങൾ മാതൃകയാക്കുന്നു

Posted on: May 21, 2019 9:11 am | Last updated: May 21, 2019 at 9:11 am


കൊച്ചി: ലോകത്തെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായ സിയാലിന്റെ സൗരോർജ പദ്ധതിയെക്കുറിച്ച് പഠിക്കാൻ 40 രാഷ്ട്ര പ്രതിനിധികളുടെ സംഘം നാളെ കൊച്ചിയിലെത്തും. ഇന്റർനാഷനൽ സോളാർ അലയൻസിന്റെ ആഭിമുഖ്യത്തിലാണ് 40 രാജ്യങ്ങളുടെ അബാംസിഡർമാരും ഹൈക്കമ്മീഷണർമാരുമടങ്ങിയ സംഘം സിയാൽ സന്ദർശനത്തിനെത്തുന്നത്.
ഈജിപ്ത്, സെനഗൽ, നൈജീരിയ, ടാൻസാനിയ, നമീബിയ തുടങ്ങി 25 ആഫ്രിക്കൻ രാജ്യങ്ങളിലേയും ഫ്രാൻസ്, ബ്രസീൽ, ചിലി, ബൊളീവിയ, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേയും പ്രതിനിധികളാണ് സിയാലിലെത്തുന്നത്. ഇന്ത്യയും ഫ്രാൻസും മുൻകൈയെടുത്ത് 2015 ൽ രൂപവത്കരിച്ച ആഗോള സംഘടനയാണ് ഇന്റർനാഷനൽ സോളാർ അലയൻസ് (ഐ എസ് എ). 74 രാജ്യങ്ങൾ ഇതിൽ അംഗമാണ്. പരമാവധി രാജ്യങ്ങളിൽ സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ച് ഫോസിൽ ഇന്ധനങ്ങളോടുള്ള ആശ്രയം കുറക്കുക, ഇതിനായി മികച്ച മാതൃകകൾ അന്വേഷിക്കുക, 2030 ഓടെ ആയിരം കോടി ഡോളറിന്റെ ഫണ്ട് രൂപവത്കരിക്കുക എന്നിവയാണ് ഐ എസ് എയുടെ ലക്ഷ്യങ്ങൾ.

വലിയ തോതിൽ ഊർജ ഉപഭോഗം വേണ്ടിവരുന്ന സ്ഥാപനങ്ങളിലും സൗരോർജം ഉപയുക്തമാക്കാമെന്ന ആശയം പ്രാവർത്തികമാക്കിയ സിയാലിനെ മികച്ച മാതൃകയായി ഐ എസ് എ കാണുന്നു. സമാന പദ്ധതി വിവിധ രാജ്യങ്ങളിൽ നടപ്പാക്കാനുള്ള സാധ്യത ആരാഞ്ഞാണ് 40 രാഷ്ട്രങ്ങളുടെ പ്രതിനിധികളെ ഇന്റർനാഷനൽ സോളാർ അലയൻസ് സിയാലിൽ എത്തിക്കുന്നത്. നാളെ രാവിലെ 10 ന് എത്തുന്ന സംഘം സിയാൽ അധികൃതരുമായി ചർച്ച നടത്തും. തുടർന്ന് പ്രധാന സൗരോർജ പ്ലാന്റ് സന്ദർശിക്കും. 2015 ആഗസ്ത് മുതൽ പൂർണമായും സൗരോർജത്താലാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തിക്കുന്നത്. വിപ്ലവകരമായ ആശയം നടപ്പാക്കിയതിന് 2018ൽ ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌കാരമായ ” ചാമ്പ്യൻസ് ഓഫ് എർത്ത് ‘ ന് സിയാൽ അർഹമായിരുന്നു. നിലവിൽ എട്ട് പ്ലാന്റുകളിലായി 40 മെഗാവാട്ടിന്റെ മൊത്തം സ്ഥാപിതശേഷിയുണ്ട്. പ്രതിദിനം ശരാശരി 1.63 ലക്ഷം യൂനിറ്റ് വൈദ്യുതി ഇവ ഉത്പാദിപ്പിക്കുന്നു. 1.53 ലക്ഷം യൂനിറ്റാണ് സിയാലിന്റെ പ്രതിദിന ഊർജാവശ്യം.