Connect with us

Kerala

എവറസ്റ്റ് താണ്ടി മലയാളിയും

Published

|

Last Updated

കൊപ്പം: എവറസ്റ്റ് താണ്ടിയവരുടെ കൂട്ടത്തിൽ മലയാളിയും. തിരുവേഗപ്പുറ നെടുങ്ങോട്ടൂർ സ്വദേശിയും ഖത്വർ പെട്രോളിയത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റുമായ അയേൺ അബ്ദുൽനാസർ (43) ആണ് കേരളത്തിന് അഭിമാനമായി എവറസ്റ്റ് ചവിട്ടിയത്.

കഴിഞ്ഞ 16നാണ് അബ്ദുൽനാസർ എവറസ്റ്റ് ചവിട്ടിയത്. എവറസ്റ്റ് താണ്ടിയ കാര്യം കഴിഞ്ഞ ദിവസം രാത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അബ്ദുൽനാസർ പുറത്തു വിട്ടത്. ഇപ്പോൾ വിശ്രമത്തിലാണെന്നും കൂടുതൽ ഫോട്ടോകളും വിവരങ്ങളും ഉടൻ പുറത്ത് വിടുമെന്നും അദ്ദേഹം തന്റെ മുഖപുസ്തകത്തിലൂടെ അറിയിച്ചു. ഒപ്പം ഉണ്ടായിരുന്ന രണ്ട് പേർ യാത്രയുടെ ഇടയിൽ മരണത്തിന് കീഴടങ്ങിയതായും അദ്ദേഹം പറയുന്നു.

എവറസ്റ്റ് ഉച്ചകോടിയിലെത്താൻ കഴിഞ്ഞത് നിങ്ങളുമായി പങ്കിടുന്നതിൽ സന്തോഷമുണ്ട്. ഏവരുടെയും ആത്മാർഥമായ പ്രാർഥനക്ക് നന്ദി പ്രകാശിപ്പിക്കുന്നതായും നാസർ ഫേസ് ബുക്കിൽ കുറിച്ചിട്ടു.
പ്രതികൂല കാലാവസ്ഥയെയും മറ്റ് സാഹചര്യങ്ങളെയും മറികടന്ന് 29, 029 അടി താണ്ടിയാണ് നാസറും സംഘവും എവറസ്റ്റ് കീഴടക്കിയത്. ഈ ദൗത്യത്തിൽ സ്‌പെയ്ൻ, ഇറ്റലി, യു എസ ്എ, ആസ്‌ത്രേലിയ, യു കെ എന്നീ രാജ്യങ്ങളിൽ നിന്നായി 26 പേർ സഹയാത്രികരായി ഉണ്ടായിരുന്നു.

മലേഷ്യയിൽ നടന്ന രാജ്യാന്തര അയേൺമാൻ 2018 മൽസരത്തിൽ വിജയ കിരീടം സ്വന്തം പേരിനോടൊപ്പം ചേർത്ത് പിടിച്ചാണ് ശ്രമകരമായ ദൗത്യത്തിന് നാസർ തയ്യാറെടുത്തത്.

3. 8 കിലോ മീറ്റർ കടലിലൂടെ നീന്തൽ, 180 കിലോ മീറ്റർ സൈക്കിൾ ചവിട്ടൽ, 42. 2 കിലോ മീറ്റർ ഓട്ടം എന്നിവ 17 മണിക്കൂറിനകം പൂർത്തിയാക്കുന്നവർക്കാണ് അയേൺ പട്ടം ലഭിക്കുക. ഇവയെല്ലാം പൂർത്തിയാക്കിയ ശേഷമാണ് നാസർ എവറസ്റ്റ് മുത്തമിടാൻ കയറിയത്.

പട്ടാമ്പി ഗവ സംസ്‌കൃത കോളജിൽ നിന്ന് ബി കോമിൽ ആറാം റാങ്ക് കരസ്ഥമാക്കിയ നാസറിന് 2018ൽ ഖത്വറിലെ ഇന്ത്യൻ എംബസിയുടെ സ്‌പോർട്‌സ് എക്‌സലൻസി അവാർഡും ലഭിച്ചിട്ടുണ്ട്.

2017ലെ ഫ്രഞ്ച് മാരത്തോൺ, കൊളംബോ അയേൺമാൻ, ജി സി സിയിലെ പ്രധാന മാരത്തോണുകളിലും പങ്കെടുത്ത് മികവ് തെളിയിച്ചിട്ടുണ്ട്. കൂടാതെ രാജ്യാന്തര മോട്ടിവേഷൻ സ്പീക്കർ ട്രെയിനർ രംഗങ്ങളിലും വ്യക്തി മുദ്ര പതിപ്പിച്ചു. തിരുവേഗപ്പുറ പഞ്ചായത്തിലെ നെടുങ്ങോട്ടൂർ പി കുഞ്ഞഹമ്മദ് മുസ്‌ലിയാർ- നഫീസ ദമ്പതികളുടെ മകനാണ്.