Connect with us

Kerala

കാലവർഷം കുറയും; ജൂൺ ആറിനെത്തും

Published

|

Last Updated

തിരുവനന്തപുരം: ഇത്തവണ കാലവർഷം ജൂൺ ആദ്യ വാരത്തോടെ കേരളത്തിലെത്തും. സാധാരണയിൽ നിന്ന് വ്യത്യസ്തമായി അഞ്ച് ദിവസം വൈകി ജൂൺ ആറിന് കേരളത്തിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന അറിയിപ്പ്. സാധാരണ ഗതിയിൽ ജൂൺ ഒന്നിനാണ് കാലവർഷം കേരളത്തിൽ ആരംഭിക്കുക.

നിലവിൽ ആൻഡമാൻ നിക്കോബാർ ദ്വീപിലെത്തിയ മൺസൂൺ ജൂൺ ആദ്യവാരത്തിൽ കേരളത്തിലെത്തും. അതേസമയം, രണ്ട് വ്യത്യസ്ത കാലാവസ്ഥാ മോഡലുകളിൽ 96, 94 ശതമാനം മഴയാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ അഞ്ച് ശതമാനം വരെ കുറവ് വന്നേക്കാം.

പെസഫിക് സമുദ്ര മേഖലയിൽ നിലനിൽക്കുന്ന എൽനിനോ പ്രതിഭാസം ഇത്തവണ രാജ്യത്ത് ലഭിക്കുന്ന മഴയുടെ അളവ് കുറച്ചേക്കുമെന്ന് സൂചനയുണ്ട്.
ഈ വർഷം രാജ്യത്ത് ലഭിച്ച വേനൽ മഴയിൽ 22 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി ഐ എം ഡി അറിയിച്ചു. ഇത്തവണ ഏറ്റവും കുറവ് വേനൽ മഴ ലഭിച്ചത് ആലപ്പുഴ ജില്ലയിലാണ്. വയനാട്ടിൽ പ്രതീക്ഷച്ചതിനെക്കാൾ അധികം മഴ ലഭിച്ചു. ഈ മാസം അവസാന വാരത്തിൽ കേരളത്തിൽ ചെറിയ തോതിൽ വേനൽമഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നല്ല മഴ ലഭിച്ചെങ്കിലും ആലപ്പുഴയിൽ ലഭിച്ച മഴയുടെ അളവ് താരതമ്യേന കുറവായിരുന്നു. മാർച്ച് ഒന്ന് മുതൽ മെയ് 15വരെ 89.3 മില്ലി മീറ്റർ മഴയാണ് ആലപ്പുഴയിൽ പെയ്തത്. പ്രതീക്ഷിച്ച മഴയെക്കാൾ 69 ശതമാനം കുറവാണിത്. വേനൽമഴയിൽ കുറവ് രേഖപ്പെടുത്തിയ സംസ്ഥാനത്താകെ ഈ വർഷം 123.5 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. പ്രതീക്ഷിച്ചതിനേക്കാൾ 45 ശതമാനത്തിന്റെ കുറവുണ്ട്. ലക്ഷദ്വീപിൽ 75 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

26.5 മില്ലിമീറ്റർ വേനൽ മഴ മാത്രമാണ് ലക്ഷദ്വീപിൽ ഇക്കാലയളവിൽ ലഭിച്ചത്. വയനാട്ടിൽ പ്രതീക്ഷിച്ചതിനേക്കാൾ 16 ശതമാനം അധിക മഴ ലഭിച്ചു. ആകെ 187.4 മില്ലി മീറ്റർ വേനൽ മഴയാണ് വയനാട്ടിൽ പെയ്തത്. പത്തനംതിട്ടയിലും ഒരു ശതമാനം വർധന രേഖപ്പെടുത്തി. വയനാടും പത്തനംതിട്ടയും ഒഴികെയുള്ള ജില്ലകളിലെല്ലാം മഴ കുറഞ്ഞു. ആലപ്പുഴക്ക് പുറമെ കണ്ണൂർ, കാസർകോട്, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലും വേനൽമഴയിൽ വലിയ കുറവ് അനുഭവപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു.

മൺസൂൺ അനുകൂല സാഹചര്യമാണ് അറബിക്കടലിൽ ഇപ്പോൾ ഉള്ളതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. സാധാരണ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ മൺസൂൺ എത്തി പത്ത് ദിവസത്തിനകം കേരള തീരത്തെത്തുകയാണ് പതിവ്. എന്നാൽ, ഇത്തവണ ഇത് രണ്ടാഴ്ച വൈകും.
അതേസമയം, നിർണായകമായ വേനൽ മഴ കുറഞ്ഞത് കാർഷിക മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഒപ്പം സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പും അപകടകരമായ നിലയിൽ താഴ്ന്നിട്ടുണ്ട്. ദീർഘകാല ശരാശരിയുടെ 96 ശതമാനം മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ മാസം വിലയിരുത്തിയിരുന്നത്.

ജൂൺ നാലിന് മഴയെത്തുമെന്നും രാജ്യത്താകെ മഴ കുറയുമെന്നുമാണ് സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജൻസിയായ സ്‌കൈമെറ്റ് രണ്ട് ദിവസം മുമ്പ് പ്രവചിച്ചത്.

Latest