Connect with us

Malappuram

എൽ ഡി എഫ് വിട്ടുനിന്നു; മമ്പാട്ട്‌ അവിശ്വാസ പ്രമേയം പാസായി

Published

|

Last Updated

വണ്ടൂർ: ഒരു വർഷത്തെ ഇടവേളക്ക് ശേഷം മമ്പാട് പഞ്ചായത്തിൽ വീണ്ടും ഭരണമാറ്റം. പ്രസിഡന്റായിരുന്ന എൽ ഡി എഫിലെ ടി കെ ഷിഫ്‌നക്കെതിരെ യു ഡി എഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം പാസായി. 19 ൽ 10 വോട്ടുകൾക്കാണ് പ്രമേയം പാസായത്. എൽ ഡി എഫ് അംഗങ്ങൾ അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും വിട്ടുനിന്നു. രാവിലെ 11 നാണ് അവിശ്വാസ പ്രമേയം ചർച്ചക്കെടുത്തത്. യു ഡി എഫിലെ 10 അംഗങ്ങളും ഹാജരായി.

മൂന്നാം വാർഡ് അംഗം വി ടി നാസറാണ് പ്രമേയം അവതരിപ്പിച്ചത്. പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരെ വൈസ് പ്രസിഡന്റ് പന്താർ മുഹമ്മദിനായിരിക്കും പ്രസിഡന്റിന്റെ താത്കാലിക ചുമതല. വരണാധികാരിയായ വണ്ടൂർ ബി ഡി ഓ എ ജെ സന്തോഷാണ് നടപടികൾ നിയന്ത്രിച്ചത്. മൂന്നാഴ്ചക്കുള്ളിൽ പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷമുണ്ടായിട്ടും നേരത്തെ രണ്ട് തവണ യു ഡി എഫിന് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടിരുന്നു.
നാടകീയ സംഭവങ്ങൾ അരങ്ങേറിയതിനെ തുടർന്നാണ് യു ഡി എഫിന് ഭരണ നഷ്ടമുണ്ടായിരുന്നത്. ഒരു വർഷം മുന്പ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കണ്ണിയൻ റുഖിയ യു ഡി എഫിലെ ധാരണ പ്രകാരം രാജി വെച്ചിരുന്നു.

തുടർന്ന് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു ഡി എഫ് അംഗത്തിന്റെ വോട്ട് അസാധുവാകുകയും തിരഞ്ഞെടുപ്പ് ബഹളത്തിൽ കലാശിക്കുകയും ചെയ്തിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച രണ്ടു പേർക്കും തുല്യ വോട്ടുകൾ വന്നതോടെ പിന്നീട് നറുക്കെടുപ്പിലാണ് എൽ ഡി എഫിന് ഭരണം ലഭിച്ചത്.

ആറു മാസത്തിന് ശേഷം യു ഡി എഫ് അവിശ്വാസ പ്രമേയം കൊണ്ടു വന്നെങ്കിലും മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കണ്ണിയൻ റുഖിയ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു. ഇതോടെ എൽ ഡി എഫിന് തുടർ ഭരണം ലഭിക്കുകയായിരുന്നു.
നിലമ്പൂർ, വണ്ടൂർ സ്റ്റേഷനുകളിൽ നിന്നുള്ള പോലീസിന്റെ സുരക്ഷയിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

Latest