Connect with us

National

ഡല്‍ഹിയില്‍ ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടി; രണ്ടുപേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ദ്വാരകാ മോഡ് മെട്രോ സ്‌റ്റേഷന്‍ പരിധിയിലെ തിരക്കേറിയ നജാഫ്ഗര്‍ റോഡിലാണ് ഞായറാഴ്ച ഉച്ചയോടെ ഏറ്റുമുട്ടലുണ്ടായതെന്ന് പോലീസ് അറിയിച്ചു കൊലപാതകമുള്‍പ്പടെയുള്ള ക്രിമിനല്‍ കേസുകളിലെ പ്രതികളായ പര്‍വീണ്‍ ഗെഹ്‌ലോട്ട്, വികാസ് ദലാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

കാറില്‍ സഞ്ചരിക്കുകയായിരുന്ന പര്‍വീണ്‍ ഉള്‍പ്പെട്ട സംഘത്തിനു നേരെ മറ്റൊരു കാറിലെത്തിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് 20 റൗണ്ടിലധികം ഇരു സംഘവും പരസ്പരം വെടിവെച്ചു. ഗെഹ്‌ലോട്ടിന്റെ ശരീരത്തില്‍ പത്തു വെടിയുണ്ടകളേറ്റു. സംഭവത്തെ തുടര്‍ന്ന് ഇവിടുത്തെ ഗതാഗതം സ്തംഭിച്ചു.

ജയിലിലുള്ള ഗുണ്ടാത്തലവന്‍ മന്‍ജീത് മഹലിന്റെ ഗ്രൂപ്പിലെ അംഗങ്ങളായിരുന്നു നേരത്തെ പര്‍വീണും വികാസും. എന്നാല്‍, ഹരിയാനയിലെ ഒരു സ്വത്തുമായി ബന്ധപ്പെട്ട് ഇരുവരും തെറ്റുകയായിരുന്നുവെന്ന് ഒരു പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു. 36 കേസിലോളം പ്രതിയായ വികാസ് ദലാല്‍ കഴിഞ്ഞ ഒക്ടോബറില്‍ ഹരിയാന പോലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പോലീസ് ഇനാം പ്രഖ്യാപിച്ചിരുന്നു. ആറ് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗെഹ്‌ലോട്ട് അടുത്തിടെയാണ് ജയിലില്‍ നിന്നിറങ്ങിയത്.