Connect with us

Kozhikode

12ാം നൂറ്റാണ്ടിലെ അത്യപൂർവ ഖുർആൻ കോഴിക്കോട്ട്

Published

|

Last Updated

കോഴിക്കോട്: വിശുദ്ധ റമസാനിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള പഞ്ചലോഹത്തിൽ തീർത്ത അത്യപൂർവ ഖുർആൻ പരിചയപ്പെടുത്തുകയാണ് സാമൂഹിക പ്രവർത്തകയായ നുസ്‌റത്ത് ജഹാൻ. ഇന്ത്യയിൽ മുഗൾ സാമ്രാജ്യത്തിന് മുമ്പ് ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന ഖുർആനാണ് ഇവരുടെ പക്കലുള്ളത്. ഖുർആനിലെ ഓരോ അധ്യായങ്ങൾ വെവ്വേറെയായിട്ടും രണ്ട് അധ്യായങ്ങൾ ഒന്നിച്ചുമൊക്കെയുള്ള ചെറുതും വലുതുമായ ഖുർആനുകളുണ്ട്.
യാസീൻ സൂറത്തും ആയത്തുൽ ഖുർസിയ്യുമുള്ള വലിയ ഖുർആന് പത്തര കിലോ തൂക്കമുണ്ട്. അമ്മ ജുസ്അ് മാത്രമുള്ള ചെറിയ ഖുർആന് ഏഴര കിലോയാണ് തൂക്കം. ഖുർആനുകൾ പഞ്ചലോഹത്തിൽ തീർത്തവയാണ്. ഗുജറാത്തിലെ രത്‌ന വ്യാപാരി ഹാസു കപാസിയെന്നയാളാണ് നുസ്‌റത്ത് ജഹാന് ഖുർആനുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൈമാറിയിരിക്കുന്നത്. ഖുർആന്റെ ഏതാനും ഭാഗങ്ങൾ മാത്രമേ വീട്ടിലുള്ളൂ. ബാക്കിയുള്ളവ തന്റെ ഉടമസ്ഥതയിൽ ഗുജറാത്തിലാണുള്ളതെന്ന് അവർ പറഞ്ഞു. ഹാസു കപാസിയുടെ കഴിഞ്ഞ നാൽപ്പത് വർഷത്തെ പുരാവസ്തുക്കളുടെ ശേഖരമാണിത്. ഖുർആനുൾപ്പെടെ ഖിൽജി കാലഘട്ടത്തിൽ ഉപയോഗിച്ചവയെന്ന് കരുതുന്ന എല്ലാ വസ്തുക്കളും കഴിഞ്ഞ വർഷമാണ് നുസ്‌റത്ത് ജഹാന് കൈമാറിയത്.

മികച്ച മ്യൂസിയം നിർമിച്ച് അതിൽ സൂക്ഷിക്കണമെന്ന് അദ്ദേഹം നിർദേശം നൽകുകയും ചെയ്തു. എന്നാൽ കോടാനു കോടി വില മതിക്കുന്ന വസ്തുക്കൾ സുരക്ഷിതത്വപ്രശ്‌നമുള്ളതിനാൽ അവർ വീട്ടിലേക്ക് കൊണ്ടുവന്നിട്ടില്ല. എല്ലാം ഗുജറാത്തിൽ ഭദ്രമായി സൂക്ഷിച്ചിരിക്കുകയാണ്.

1290 മുതൽ 1320വരെയുള്ള ഖിൽജി ഭരണകാലത്തുള്ളവയാണ് അമൂല്യമായ ഈ വസ്തുക്കളെന്നാണ് പുരാവസ്തു വകുപ്പിന്റെ പഠനത്തിൽ തെളിഞ്ഞിരിക്കുന്നതെന്ന് നുസ്‌റത്ത് ജഹാൻ പറഞ്ഞു. അക്കാലത്ത് മുസ്‌ലിം പ്രഭുക്കന്മാർ കൊട്ടാരത്തിന് കീഴിൽ ഖുർആൻ പകർത്തലും മികച്ച ലൈബ്രറി ഒരുക്കലും പതിവുള്ളവരായിരുന്നുവെന്ന് പ്രമുഖ ചരിത്രകാരൻ ഡോ. ഹുസൈൻ രണ്ടത്താണി പറഞ്ഞു.

പള്ളിയുണ്ടാക്കുന്നതിലും ഗ്രന്ഥപ്പുരയുണ്ടാക്കുന്നതിലും ഭരണാധികാരികൾ പ്രത്യേകം താത്പര്യമെടുത്തിരുന്നു. ഖുർആൻ പകർത്തൽ പുണ്യജോലിയായിട്ടായിരുന്നു അവർ കരുതിയിരുന്നത്. ഇത്തരത്തിൽ തയ്യാറാക്കുന്ന ഖുർആൻ പല ദർഗകളിലേക്കും കുടുംബങ്ങളിലേക്കും അന്ന് വിതരണം ചെയ്തിരുന്നു. അവരുടെ കുടുംബപരമ്പരയിലൂടെ ലഭിച്ച ഖുർആൻ പ്രതികളായിരിക്കാം കോഴിക്കോട്ടുള്ളതെന്ന് ഡോ. ഹുസൈൻ രണ്ടത്താണി പറഞ്ഞു.

ഖുർആനുകൾക്ക് പുറമെ പഞ്ചലോഹത്തിലുള്ള ബർകത്ത് പാത്രങ്ങളും ഇവരുടെ കോഴിക്കോട്ടെ വസതിയിലുണ്ട്. കോഴിക്കോട്ട് മികച്ച മ്യൂസിയം പണിത് അമൂല്യ വസ്തുക്കൾ അവിടെ സൂക്ഷിക്കാനാണ് ആഗ്രഹമെന്നും നുസ്‌റത്ത് ജഹാൻ പറയുന്നു.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest