കംപ്ലയിന്റ് അതോറിറ്റിക്ക് അന്വേഷണ വിംഗ്

  Posted on: May 20, 2019 10:49 am | Last updated: May 20, 2019 at 10:49 am

  പോലീസ് കംപ്ലയിന്റ് അതോറിറ്റി പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് അതോറിറ്റിക്ക് കീഴില്‍ അന്വേഷണോദ്യോഗസ്ഥനെ നിയമിക്കാനുള്ള നടപടി ഊര്‍ജിതമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. സി ബി ഐ, എന്‍ ഐ എ തുടങ്ങിയ കേന്ദ്ര ഏജന്‍സികളില്‍ എസ് പി റാങ്കിലോ അതിനു മുകളിലോ ഉള്ള തസ്തികയില്‍ പ്രവര്‍ത്തിച്ച, മലയാളം നന്നായി സംസാരിക്കാന്‍ കഴിയുന്നവരെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനാണ് തീരുമാനം. ഇതിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് ആഭ്യന്തര വകുപ്പ് പരസ്യം നല്‍കിയിരുന്നു. ഇതനുസരിച്ച് ലഭിച്ച അപേക്ഷകളില്‍ നിന്ന് പരിഗണിക്കുന്നവരെ ഇന്റര്‍വ്യൂ നടത്തി താമസിയാതെ നിയമന നടപടി പൂര്‍ത്തിയാക്കാനാണ് തീരുമാനം.

  പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയരുന്ന പരാതികളില്‍ തീര്‍പ്പു കല്‍പിക്കാനുള്ള സംവിധാനമാണ് പോലീസ് കംപ്ലയിന്റ് അതോറിറ്റി. അതോറിറ്റിക്ക് ഒരു അന്വേഷണ വിഭാഗം രൂപവത്കരിക്കണമെന്ന് അതിന്റെ നിയമാവലിയില്‍ പറയുന്നുണ്ടെങ്കിലും ഇതുവരെയും അത് നിലവില്‍ വന്നിട്ടില്ല. പോലീസിന്റെ അതിക്രമങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും കുറിച്ച് ഉയരുന്ന പരാതികള്‍ നിലവില്‍ കംപ്ലയിന്റ് അതോറിറ്റി നടത്തുന്ന സിറ്റിംഗിലെ പരാതിക്കാരുടെയും സാക്ഷികളുടെയും ആരോപണവിധേയരുടെയും മൊഴികള്‍ വിലയിരുത്തിയാണ് തീര്‍പ്പ് കല്‍പിക്കുന്നത്. അതിനപ്പുറം വിശദമായ അന്വേഷണം നടത്താന്‍ സംവിധാനമില്ല. പരാതികളില്‍ ഏറെയും ലോക്കപ്പ് മര്‍ദനം, പീഡനം തുടങ്ങി പോലീസ് സ്റ്റേഷനുകളില്‍ നടക്കുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടവയായതിനാല്‍, ഉത്തരവാദപ്പെട്ട പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് അതിന്റെ സത്യാവസ്ഥ ലഭിക്കാന്‍ പ്രയാസമാണ്. ഇതേതുടര്‍ന്ന് അതോറിറ്റിക്ക് കീഴില്‍ എത്രയും വേഗത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന ആവശ്യവുമായി ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് കെ വി മോഹനന്‍ സര്‍ക്കാറിനെ സമീപിച്ചിരുന്നു.

  മനുഷ്യാവകാശ സംരക്ഷകരാകേണ്ട പോലീസില്‍ നിന്ന് മനുഷ്യാവകാശ ലംഘനങ്ങള്‍ അടിക്കടി വര്‍ധിച്ചു വരികയാണ്. വേലിതന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് പോലീസ് വകുപ്പില്‍ നിലവിലുള്ളത്. മൂന്നാംമുറ, അന്യായ തടങ്കല്‍, തീവ്രവാദ വിരുദ്ധ നടപടിയുടെ പേരില്‍ നിരപരാധികളെ വേട്ടയാടല്‍, വിയോജിക്കാനുള്ള അവകാശത്തെ ദേശവിരുദ്ധതയായി കാണല്‍, കേസുകള്‍ അട്ടിമറിക്കല്‍, അഴിമതി എന്നിങ്ങനെ നിരവധി പരാതികളാണ് പോലീസിനെക്കുറിച്ച് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. അടുത്തിടെ ചില വേദികളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വര്‍ധിച്ചു വരുന്ന പോലീസ് അതിക്രമങ്ങളില്‍ ആശങ്ക രേഖപ്പെടുത്തുകയുണ്ടായി. പോലീസ് എക്കാലത്തും ആഭ്യന്തര വകുപ്പിന് കടുത്ത തലവേദനയാണ്. ക്രിമിനല്‍ സ്വഭാവം അവസാനിപ്പിച്ച് പോലീസിനെ ജനകീയമാക്കാന്‍ പല ശ്രമങ്ങളും നടന്നിട്ടുണ്ടെങ്കിലും ഇതുവരെയും അത് ഫലവത്തായിട്ടില്ല.

  2018 ഏപ്രിലില്‍ ലഭിച്ച വിവരാവകാശ രേഖ പ്രകാരം 40,000ഓളം വരുന്ന പോലീസ് സേനാംഗങ്ങളില്‍ 1,129 പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഇവരില്‍ 215 പേര്‍ എസ് ഐ റാങ്കിലുള്ളവരും 230 പേര്‍ എ എസ് ഐ റാങ്കിലുള്ളവരുമാണ്. ഡി വൈ എസ് പി റാങ്കിലുള്ള 46 പേരും സി ഐ റാങ്കിലുള്ള 10 പേരുമുണ്ട് പട്ടികയില്‍. സ്ത്രീധന പീഡനം, കൈക്കൂലി, പരാതിക്കാരെ പീഡിപ്പിക്കല്‍, കസ്റ്റഡി മര്‍ദനം തുടങ്ങിയവയാണ് ഇവരില്‍ ഭൂരിഭാഗം പേര്‍ക്കുമെതിരെ ചുമത്തപ്പെട്ട കേസുകള്‍. ഇവരില്‍ അധിക പേര്‍ക്കും സസ്‌പെന്‍ഷനില്‍ അപ്പുറമുള്ള നിയമ നടപടികളുണ്ടാകാറുമില്ല. സേനയുടെ തലപ്പത്തുള്ളവര്‍ ഇടപെട്ട് കേസുകള്‍ ഒതുക്കി തീര്‍ക്കുകയാണ് പതിവ്. ടി പി സെന്‍കുമാര്‍ ഇന്റലിജന്‍സ് മേധാവിയായിരുന്ന കാലത്ത് ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്നവരെ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പോലീസില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദത്തിനു മുമ്പില്‍ അത് അവഗണിക്കപ്പെട്ടു. പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് കീഴില്‍ ശക്തമായ ഒരു അന്വേഷണ വിഭാഗം വരുന്നതോടെ ഇത്തരക്കാരെ കണ്ടെത്തി ശക്തമായ നടപടിയെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  എന്നാല്‍ അന്വേഷണ വിഭാഗം വന്നതു കൊണ്ടു മാത്രമായില്ല, പോലീസ് കംപ്ലയിന്റ് അതോറിറ്റി സുപ്രീം കോടതി നിര്‍ദേശമനുസരിച്ച് പുനഃസംഘടിപ്പിക്കുക കൂടി വേണ്ടതുണ്ട്. ഡി വൈ എസ് പി റാങ്ക് വരെയുള്ളവര്‍ക്കെതിരെ ഉന്നയിക്കപ്പെടുന്ന പരാതികള്‍ പരിശോധിക്കാന്‍ ജില്ലാ തലത്തിലും പോലീസ് സൂപ്രണ്ട് തൊട്ട് മുകളിലോട്ടുള്ളവര്‍ക്ക് എതിരെയുള്ള പരാതികളില്‍ തീര്‍പ്പുണ്ടാക്കാന്‍ സംസ്ഥാന തലത്തിലും അതോറിറ്റികള്‍ രൂപവത്കരിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശം. എന്നാല്‍ സംസ്ഥാനതല അതോറിറ്റി മാത്രമാണ് നിലവിലുള്ളത്. സംസ്ഥാനതല അതോറിറ്റിയുടെ തലവന്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസ് നല്‍കുന്ന പാനലില്‍ നിന്നുള്ള ഹൈക്കോടതി റിട്ട. ജഡ്ജിയായിരിക്കണം. ജില്ലാതല അതോറിറ്റി തലവന്‍ ചീഫ് ജസ്റ്റിസോ, ചീഫ് ജസ്റ്റിസ് നിര്‍ദേശിക്കുന്ന മറ്റൊരു ഹൈക്കോടതി ജഡ്ജിയോ തയ്യാറാക്കുന്ന റിട്ട. ജഡ്ജിമാരുടെ പാനലില്‍ നിന്നുമാകണം. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ തയ്യാറാക്കുന്ന പാനലില്‍ നിന്നുള്ളവരായിരിക്കണം അതോറിറ്റിയിലെ മറ്റംഗങ്ങളെന്നും സുപ്രീം കോടതി ഉത്തരവിലുണ്ട്. പോലീസ് ബില്‍ വന്നപ്പോള്‍ കോടതി നിര്‍ദേശങ്ങള്‍ അവഗണിച്ച് അതോറിറ്റിയുടെ തലപ്പത്ത് സര്‍ക്കാറിന് ഇഷ്ടമുള്ള റിട്ട. ജഡ്ജിമാരെ നിയമിക്കാം എന്ന വ്യവസ്ഥ വെക്കുകയാണുണ്ടായത്. കോടതി ഉത്തരവ് പ്രകാരമുള്ള നിയമനം അധികാരത്തിലിരിക്കുന്നവര്‍ക്ക് പോലീസിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ തടസ്സമാകുമെന്നതായിരിക്കാം ഇതിനു പിന്നില്‍. ജില്ലാതല അതോറിറ്റികള്‍ രൂപവത്കരിച്ചതുമില്ല. കോടതി നിര്‍ദേശപ്രകാരമുള്ള പോലീസ് കംപ്ലയിന്റ് അതോറിറ്റികള്‍ നിലവില്‍ വന്നിരുന്നെങ്കില്‍ സംസ്ഥാന പോലീസ് കൂടുതല്‍ മെച്ചപ്പെടുമായിരുന്നുവെന്നാണ് നിയമപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ ടി തോമസ് തുടങ്ങിയ നിയമജ്ഞരുടെ അഭിപ്രായം.