Connect with us

Book Review

ജീവിക്കാം രാജപാതകളിൽ

Published

|

Last Updated

വിജയത്തിലേക്കുള്ള രാജപാത • ഫൈസൽ അഹ്സനി സിദ്ദീഖി ഉളിയിൽ രാജപാത

തമിഴിൽ ഇങ്ങനെയൊരു കഥയുണ്ട്; ഗ്രാമത്തിൽ നിന്ന് ഒരാൾ കാളവണ്ടിയിൽ പട്ടണത്തിലെ ചന്തയിൽ പോയി. സ്വന്തം കാളകളെ കൊടുത്ത് പുതിയ കാളകളെ വാങ്ങി വണ്ടിയിൽ കെട്ടി. സന്ധ്യ കഴിഞ്ഞപ്പോഴാണ് തിരികെ പുറപ്പെട്ടത്. അല്പം മദ്യവും സേവിച്ചിട്ടുണ്ടാകാം; വിളക്ക് കത്തിച്ച് തൂക്കി, കാളകൾ ഓടാൻ തുടങ്ങിയതും മൂപ്പർ നല്ല ഉറക്കമായി. രാവിലെയായപ്പോഴാണ് മനസ്സിലായത്, വണ്ടി പുറപ്പെട്ട സ്ഥലത്ത് തന്നെയാണുള്ളതെന്ന്. കാളകൾ ഓടിക്കൊണ്ടിരിക്കുന്നുണ്ട്. പക്ഷേ അവ ചക്കിന് കെട്ടിയ കാളകളായിരുന്നു. അവക്ക് വൃത്തത്തിൽ ഓടാനേ അറിയുകയുള്ളൂ!

ഏതാണ്ടിത് പോലെയാണ് ആധുനിക മനുഷ്യന്റെയും സ്ഥിതി. ഭൗതിക സുഖം എന്ന കേന്ദ്രത്തിന് ചുറ്റും വൃത്തത്തിൽ ഓടിക്കൊണ്ടിരിക്കുകയാണ് ഈ വണ്ടി. നമ്മളാകട്ടെ നല്ല ഉറക്കത്തിലും. ഇത് മുന്നോട്ടുപോയ്‌ക്കൊണ്ടിരിക്കുകയാണെന്നാണ് നമ്മൾ വിചാരിക്കുന്നത്. പക്ഷേ സത്യത്തിൽ അങ്ങനെ സംഭവിക്കുന്നില്ല. അതറിയണമെങ്കിൽ നാം ഉറക്കത്തിൽ നിന്ന് ഉണരണം. ജ്ഞാന പ്രകാശം ഉണ്ടാകണം. നേത്രമുണ്ടെന്നാകിലും കാൺമതിനുണ്ടുപണിയൊരുവന് രാത്രിയിൽ തന്റെ പദം എന്ന് രാമായണം. നിങ്ങളുടെ കപ്പൽ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും നിങ്ങളുടെ വീടിന് തീപ്പിടിച്ചിരിക്കുകയാണെന്നും ഫൈസൽ അഹ്‌സനി ഉളിയിൽ പറയുമ്പോൾ ഇതാണർഥമാക്കുന്നത്. (വിജയത്തിലേക്കുള്ള രാജപാത. പേജ്: 27)
മനുഷ്യ ജീവിതത്തിൽ മനസ്സിന് വലിയ പ്രാധാന്യമുണ്ട്. ചിന്തിക്കാനുള്ള കഴിവാണ് മനുഷ്യന്റെ ഏറ്റവും വലിയ അനുഗ്രഹം. അതുതന്നെയാണ് നമ്മുടെ ശാപവും. നിന്റെ ബന്ധുവും ശത്രുവും നീ തന്നെയാണെന്ന് ഭഗവദ്ഗീതയിൽ പറയുന്നു. വിജയത്തിലേക്കുള്ള രാജപാതയിൽ ഒമ്പത്, പത്ത് ഭാഗങ്ങൾ മനസ്സിനെ ബാധിക്കുന്ന രോഗങ്ങളെ കുറിച്ചാണ്. മനസ്സ് രോഗാതുരമാകുമ്പോൾ അത് നമ്മുടെ ശത്രുവാകുന്നു. കഠോപനിഷത്തിൽ ശരീരത്തെ രഥമായും ഇന്ദ്രിയങ്ങളെ കുതിരകളായും മനസ്സിനെ കടിഞ്ഞാണായും ബുദ്ധിയെ സാരഥി(ഡ്രൈവർ)യായും സങ്കൽപ്പിക്കുന്നു. ബുദ്ധികൊണ്ടാണ് മനസ്സാകുന്ന കടിഞ്ഞാണിലൂടെ ഇന്ദ്രിയങ്ങളാകുന്ന കുതിരകളെ നിയന്ത്രിക്കേണ്ടത്. മനുഷ്യജീവിതത്തിൽ ഇത് പലപ്പോഴും തിരിച്ചാകുന്നു എന്നതാണ് പ്രശ്‌നം. ഇന്ദ്രിയങ്ങൾ മനസ്സിനെയും ബുദ്ധിയെയും സ്വാധീനിക്കാൻ തുടങ്ങുമ്പോൾ അത് അപകടത്തിലേക്കുള്ള യാത്രയാകുന്നു. രജോഗുണത്തിൽ നിന്നുത്ഭവിച്ച് എത്രയെത്ര അനുഭവിച്ചാലും തൃപ്തിപ്പെടാത്തതായും ഘോരപാപത്തിന് ഹേതുവുമായുള്ള ഈ കാമവും ക്രോധവുമാണ് സംസാരത്തിലെ (ജീവിതത്തിലെ) ശത്രുക്കൾ എന്ന് അറിഞ്ഞാലും (ഭഗവദ് ഗീത 3/37). കാമം എന്നാൽ ഭൗതിക കാമന എന്ന പൊതുവായ അർഥമാണുള്ളത്. “കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം” എന്ന് കുഞ്ചൻ നമ്പ്യാരും പാടിയിട്ടുണ്ടല്ലൊ. മനസ്സ് നന്നായാൽ മനുഷ്യൻ നന്നാകും. എല്ലാ മതങ്ങളുടെയും ആത്മീയ ഗ്രന്ഥങ്ങളുടെയും പരിശ്രമം ഇതാണ്.

ഹിമാലയസാനുക്കളിൽ നൂറുകണക്കിന് വർഷം ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്ന യോഗിമാരുണ്ട്. അതുതന്നെയാണ് നമ്മുടെയും ലക്ഷ്യം. പക്ഷെ അതാഗ്രഹിക്കുകയാണെങ്കിൽ ഒരിക്കലും അത് നേടാനാകില്ല. കാരണം, പൂർണമായ സ്വതന്ത്രതയിലാണ് സഹജമായ ആയൂരാരോഗ്യം ഉണ്ടാകുന്നത്. നമുക്ക് ആകപ്പാടെ ചെയ്യാനാകുന്നത് സ്വതന്ത്രരായിരിക്കുക എന്നതാണ്. പ്രകൃതിയിലേക്ക്- ദൈവത്തിലേക്ക്- സമർപ്പിതരായിരിക്കുക എന്നതാണ്. പക്ഷെ, നാം കൂടുതൽ കാലം ജീവിക്കാൻ ആഗ്രഹിക്കുകയും അതിന് വേണ്ടി ധാരാളം ആതുരാലയങ്ങൾ നിർമിക്കുകയും ചെയ്യുന്നു എന്നതാണ് ലക്ഷ്യം കൈവിട്ട് പോകാനുള്ള മൂലകാരണം. ഇപ്പോൾ ഈ ആശുപത്രികൾ പുതിയ രോഗങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. എല്ലാ ജീവികളെയും സംരക്ഷിച്ച് മാത്രമെ മനുഷ്യനെയും സംരക്ഷിക്കാൻ കഴിയൂ. അതിന് നാം നമ്മുടെതായ ശീലങ്ങൾ ഉപേക്ഷിക്കേണ്ടതായിവരും.

നാം എത്രയധികം ഈശ്വരവിചാരം ഉൾക്കൊള്ളുന്നുവോ അത്രയധികം അന്യവിചാരങ്ങൾ ഒഴിവാകും. അങ്ങനെയാണ് മനസ്സ് ശുദ്ധീകരിക്കപ്പെടുന്നത്. എല്ലാവിധ ഭൗതിക മോഹങ്ങളും ഭേദചിന്തകളും മനസ്സിലാണ് നിലനിൽക്കുന്നത്. ആ മനസ്സ് ഈശ്വരാർപ്പിതമാകുമ്പോൾ നാം പൂർണമായും സമത്വത്തിലും സ്വതന്ത്രചിന്തയിലുമെത്തും. അതായത് ഭേദചിന്തകളെല്ലാം മനസ്സിന്റെ സൃഷ്ടിയാണെന്നർഥം. മനസ്സിനെ മാറ്റിനിർത്തിയാൽ എല്ലാവരും ഒന്നുതന്നെ. എല്ലാ ജീവികളും ഒന്നുതന്നെ. അതാണ് സത്യം. ഓരോ ദിവസവും ഈ സത്യത്തിലാണ് നാം സുഖമായി ഉറങ്ങുന്നത്. മനുഷ്യനെന്നോ ഹിന്ദുവെന്നോ മുസ്‌ലിമെന്നോ ക്രിസ്ത്യാനിയെന്നോ ഉള്ള അഹംഭാവത്തോടെ ആർക്കും ഉറങ്ങാനാകില്ല. ഒന്നുകൂടി വ്യക്തമാക്കിയാൽ എപ്പോഴൊക്കെ നാം സന്തോഷം- സമാധാനം- അനുഭവിക്കുന്നുവോ അപ്പോഴൊക്കെ നാം സമത്വത്തിലും സ്വതന്ത്രതയിലുമാണ്. സമത്വത്തിൽ എത്തുന്നതിനെയാണ് ഈശ്വരപ്രാപ്തി എന്ന് പറയുന്നത്. അഹംഭാവം ഇല്ലാതായാൽ മാത്രമെ ഈശ്വരനോടടുക്കാൻ കഴിയൂ. അതിനുള്ള മാർഗമാണ് മതം.
ആയതിനാൽ, നാം ഒരു ഹിന്ദുവിനെയും ഒരു ക്രിസ്ത്യാനിയെയും വെറുക്കരുത്. അവർക്കെതിരിൽ ഗൂഢാലോചന നടത്തരുത്. അവർ തിരിച്ചും അത് ചെയ്യരുത് (വിജയത്തിന്റെ രാജപാത. പേജ്: 79).

മനുഷ്യന്റെ ഏറ്റവും വലിയ ഭയമാണ് മരണഭയം. ഓഷോ പറയുന്നു: ഭയം ഉണ്ടാകണമെങ്കിൽ നിങ്ങൾക്കും മരണത്തിനുമിടയിൽ ഒരു വിടവ് ആവശ്യമാണ്. അല്പം സമയം ആവശ്യമാണ്. അതില്ലാതായാൽ ഭയവും ഇല്ലാതാകും. ജനനവും മരണവും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ പോലെയാണ്. ഒന്ന് മാത്രമായി ഒരിക്കലും ഉണ്ടാകില്ല. നാം ജനിച്ചു എന്ന കാരണം കൊണ്ടുതന്നെ മരിക്കാനും ബാധ്യസ്ഥരാണ്. അതാകട്ടെ എപ്പോഴും കൂടെയുണ്ടുതാനും. ഒരു കാര്യം തീർച്ചയാണെങ്കിൽ പിന്നെ അധികം ചിന്തിച്ച് വിഷമിച്ചിട്ട് കാര്യമില്ലല്ലൊ. നമ്മൾ എന്തൊക്കെയോ ആണെന്ന ധാരണയാണ് പ്രശ്‌നം. നമ്മൾ സ്വതന്ത്രരാകുമ്പോൾ മരണവും സ്വാഭാവികമാകും. ബുദ്ധസന്യാസിമാർ ശ്മശാനത്തിൽ ഇരുന്ന് ധ്യാനിക്കാറുണ്ട്. മരണം എന്ന സത്യത്തിൽ നിന്നാണ് ഒരു ബുദ്ധൻ ഉയർന്നുവന്നത്. വിജയത്തിലേക്കുള്ള രാജപാതയിൽ പന്ത്രണ്ടാമത്തെ ലേഖനം മരണത്തെ കുറിച്ചാണ്. മരണത്തെ ഇത്ര മനോഹരമായി അവതരിപ്പിച്ച കൃതികൾ വേറെയുണ്ടോ എന്ന് സംശയമാണ്. അപ്രിയ സത്യങ്ങളെ നർമത്തിന്റെ മേമ്പൊടി ചേർത്ത് മധുരതരമാക്കാനുള്ള ലേഖകന്റെ ശ്രമം പ്രശംസനീയം തന്നെയെന്ന് ഏതൊരാൾക്കും ബോധ്യപ്പെടാതിരിക്കില്ല.

ഈശ്വരാനുഗ്രഹം ഏറ്റവും എളുപ്പത്തിൽ നേടാനുള്ള വഴിയാണ് മാതാപിതാക്കളെ വേണ്ടവിധം സ്‌നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുക എന്നത്. ഇത് ചെയ്യാതെ വേറെ എന്തൊക്കെ ചെയ്തിട്ടും കാര്യമില്ല. മാതാപിതാക്കൾക്ക് സമയത്തിന് ഭക്ഷണവും നല്ല കിടക്കയും മറ്റും കൊടുത്താൽ മാത്രം പോരാ, അവരോട് ദിവസവും അല്പമെങ്കിലും സംസാരിക്കാനുള്ള സമയം കണ്ടെത്തണം. അവർ കുടുംബത്തിലെ അനിവാര്യ ഘടകമാണെന്ന പരിഗണനയുണ്ടാകണം. അവർ ഉണ്ടായതുകൊണ്ടാണ് നമ്മൾ ഉണ്ടായത്. നമ്മുടെ എല്ലാ കാര്യങ്ങളിലും അവർക്ക് അനിഷേധ്യമായ അവകാശമുണ്ട്. അതോർമവേണം. അവർക്ക് ഇപ്പോൾ തന്നെ നമ്മെ അനുഗ്രഹിക്കാൻ കഴിയും. അതാണ് നമ്മുടെ ജീവിതത്തിലെ വിലമതിക്കാനാകാത്ത സമ്പാദ്യം. എല്ലാ നന്മകളുടെയും ഉറവിടം (പേജ് 42 ലേഖകൻ മാതാപിതാക്കൾക്കായി നീക്കിവെച്ചിരിക്കുന്നു). നല്ല വാക്കോതുവാൻ ത്രാണിയുണ്ടായാൽ തന്നെ നാം പാതി വിജയിച്ചു.

അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം. നിങ്ങളുടെ ജീവിതം അവസാനിച്ചിട്ടില്ല. നിങ്ങൾ ഇനിയും മരിച്ചിട്ടില്ല. ആരോടും ബന്ധപ്പെടാൻ കഴിയാത്ത വിധം ഇരുളടഞ്ഞ വഴിമുട്ടി ഖബ്‌റിൽ എത്തിയിട്ടില്ല (പേജ്: 26). നിങ്ങളുടെ ഹൃദയം ഇപ്പോഴും മിടിച്ചുകൊണ്ടിരിക്കുന്നു, നിങ്ങൾക്കിപ്പോഴും പ്രാണവായു വലിച്ചുകയറ്റാൻ കഴിയുന്നു, നിങ്ങൾ കഴിക്കുന്ന ആഹാരം ഇപ്പോഴും സ്വീകരിക്കപ്പെടുന്നു എന്നതിന്റെ അർഥം; എനിക്കിതെഴുതാനും നിങ്ങൾക്കിത് വായിച്ച് മനസ്സിലാക്കാനും കഴിയുന്നു എന്നതിന്റെ അർഥം, അല്ലാഹുവിന്റെ അപാരമായ കൃപാവിശേഷം നമ്മിലേക്ക് ചൊരിഞ്ഞുകൊണ്ടിരിക്കുന്നു എന്ന് തന്നെയാണ്.
ഭൂതകാലം കഴിഞ്ഞുപോയി. അതിനി തിരിച്ചുവരില്ല. സംഭവിക്കേണ്ടതൊക്കെ സംഭവിച്ചുകഴിഞ്ഞു. അതിനി നേരെയാക്കാനാകില്ല. ഭാവികാലമാണെങ്കിൽ അനിശ്ചിതമാണ്. എന്ത് സംഭവിക്കും എന്നാർക്കും പറയാനാകില്ല. ടെമ്പറേച്ചർ അളന്ന് പനി നിർണയിക്കാം. പക്ഷേ ആരോഗ്യം അളന്ന് ആയുസ്സ് നിർണയിച്ചുകൂടാ. “കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്ന് വരുത്തുന്നതും ഭവാൻ” എന്ന് ജ്ഞാനപ്പാന. മനുഷ്യൻ ബലഹീനനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന് ഖുർആൻ (പേജ് 20).

നമ്മൾ ജീവിച്ചിരിക്കുന്നു എന്നതുതന്നെയാണ് ഏറ്റവും വലിയ ആനന്ദം. അസ്തിത്വത്തിന് നിങ്ങളൊരു കാരണം കണ്ടുപിടിക്കുകയാണെങ്കിൽ അതിന്റെ മുഴുവൻ സൗന്ദര്യവും നഷ്ടപ്പെടും. എന്നാൽ, മനസ്സ് പരിപോഷിപ്പിക്കുന്നതിനായി എന്തെങ്കിലും ആവശ്യപ്പെട്ടുകൊണ്ടിരിക്കും. നിങ്ങളിവിടെ ജനിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയാണെന്നും മഹത്തായ കാര്യങ്ങൾ ചെയ്യാനുണ്ടെന്നുമൊക്കെ അത് വിശ്വസിക്കുന്നു. നിങ്ങളുടെ അഹന്ത ഊതിവീർപ്പിക്കപ്പെടുകയാണ്. നിങ്ങൾ യഥാർഥത്തിൽ മരിച്ചുകൊണ്ടിരിക്കുകയാണ് (ഓഷോ. അഹന്തയില്ലായ്മയുടെ മനശ്ശാസ്ത്രം). നിങ്ങളുടെ ഹൃദയം ഇപ്പോഴും എപ്പോഴും ദൈവത്താൽ പോഷിപ്പിക്കപ്പെടുന്നുണ്ട്. പക്ഷെ നിങ്ങളവിടെയില്ല. നിങ്ങൾ വസിക്കുന്നത് നിങ്ങളുടെ ശിരസ്സിലാണ്. അഹന്തയിലാണ്. അനേകം പദ്ധതികൾക്ക് പിറകെയാണ് നിങ്ങൾ. ഹൃദയത്തിലേക്ക് തിരിച്ചുവരികയാണെങ്കിൽ നിങ്ങൾ സത്യത്തെ അവിടെ കണ്ടെത്തും. എപ്പോഴും സന്തോഷമായിരിക്കാൻ എന്ത് ചെയ്യണം എന്ന ചോദ്യത്തിന് ശ്രീ ശ്രീ രവിശങ്കറിന്റെ മറുപടി എപ്പോഴും എന്നത് മറന്നുകളയുക. ഇപ്പോൾ (present)സന്തോഷമായിരിക്കാൻ കഴിയുമോ എന്ന് നോക്കുക. അപ്പോൾ എല്ലാ സമയവും സന്തോഷമായിരിക്കാനാകും.

ഇപ്പോൾ സന്തോഷമായിരിക്കണമെങ്കിൽ മനസ്സ് സംതൃപ്തമാകണം. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം തിരിച്ചറിയണം. അല്ലാഹുവിൽ ജീവിക്കുന്നവർക്ക് നരകത്തെ ഭയപ്പെടേണ്ടി വരില്ല. സ്വർഗത്തെ ആഗ്രഹിക്കേണ്ടതായും വരില്ല. അനിശ്ചിതമായ മറ്റൊരവസരത്തിനായി കാത്തിരിക്കാതിരിക്കുക. പ്രസാധകർ: ഹിദായ പാലാഴി.

വി വിഷ്ണു നന്പൂതിരി പയ്യന്നൂർ
• vishnukoorkara@gmail.com