Connect with us

Cover Story

പത്തേമാരി മേറ്റ്‌സ് @ 50

Published

|

Last Updated

കുഞ്ഞുമുഹമ്മദ് ഹാജിയും കുട്ടനും സുബ്രനും ബാലനും • ചിത്രം: അൻഷാദ് വടക്കേകാട്‌

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ കുറേ മനുഷ്യർ. അവരിൽ പല ദേശക്കാർ. ഭാഷകളും പലത്. പ്രവാസമെന്നത് അനുഭവിച്ചറിയേണ്ട അനുഭൂതി തന്നെയാണ്. പ്രത്യേകിച്ച് അറബ് നാടുകളിലെ പ്രവാസം; അതിൽ തന്നെ കുടുംബത്തെ നാട്ടിൽ വിട്ട് മരുഭൂമിയിൽ പൊള്ളിപ്പിടയുന്നവരുടെത്. പറഞ്ഞു വരുന്നത് പ്രവാസികളെ കുറിച്ചാണ്. ജീവിതം തന്നെ സമരമാക്കിയ ഒരു ജനതയെ കുറിച്ച്. അറേബ്യൻ മരുഭൂമിക്ക് ഒരുപാട് പ്രവാസി കഥകൾ പറയാനുണ്ട്. ദുഃഖത്തിന്റെയും സന്തോഷത്തിന്റെയും വിജയങ്ങളുടെയും പരാജയങ്ങളുടെയുമെല്ലാം കഥകളുണ്ടവിടെ. കുറഞ്ഞ കാലത്തിനുള്ളിൽ മുത്തും പവിഴവും വാരിയവരുണ്ട്. ഒരായുസ്സ് മുഴുവൻ അധ്വാനിച്ചിട്ടും ജീവിതം പച്ച പിടിക്കാത്തവരുമുണ്ട്. നിർഭാഗ്യവശാൽ നമ്മൾ കേട്ട കഥകൾ മിക്കതും പരാജയപ്പെട്ടവരുടെത് മാത്രമായിപ്പോയി. നാടും വീടുമൊക്കെ വിട്ട് ആർത്തലക്കുന്ന തിരമാലകൾക്ക് മീതെ പത്തേമാരിയിലൂടെ യാത്ര ചെയ്ത വൈവിധ്യങ്ങളുടെ മറ്റൊരു നാട്ടിലേക്കെത്തിപ്പെട്ട് ഒരു ചെറുസംഘത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. അഞ്ച് പതിറ്റാണ്ടിന് ശേഷം അവർ കൂടിച്ചേർന്നപ്പോഴുണ്ടായ ഓർമകളെ കുറിച്ച്…

ആടിയുലയും
ലാഞ്ചിയിൽ 21 പേർ

കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓർമകൾ കൂടി ചേരുമ്പോൾ അത് അനുഭവങ്ങളുടെ കോക്‌ടെയിലായി മാറും. അത്തരത്തിലൊരോർമക്കാരുടെ സംഗമം ഈയിടെ നടന്നു. 50 വർഷം മുമ്പ് പത്തേമാരിയിലൂടെ യാത്ര ചെയ്ത് അറേബ്യൻ മണലാരണ്യത്തിലെത്തിയ ചാവക്കാടിനടുത്ത് വടക്കേകാട് എം വി കുഞ്ഞുമുഹമ്മദ് ഹാജി എന്ന തടാകം കുഞ്ഞുമുഹമ്മദ് ഹാജിയും സംഘവുമായിരുന്നു ആ കൂടിച്ചേരലിൽ പങ്കാളികളായത്. കുഞ്ഞുമുഹമ്മദ് ഹാജിയുടെ വീട്ടിലായിരുന്നു സംഗമം.

കുഞ്ഞുമുഹമ്മദ് ഹാജിയെ കൂടാതെ കുട്ടനും സുബ്രനും ബാലനും… 40 ദിവസത്തെ പത്തേമാരി ജീവിതത്തിൽ ഒരുമിച്ചുണ്ടായിരുന്ന 21 പേരിൽ നാല് പേർ മാത്രമാണ് സംഗമത്തിലുണ്ടായിരുന്നതെങ്കിലും അവരുടെ ഓർമകളിലിപ്പോഴും അന്നത്തെ ആ പത്തേമാരി ആടിയുലയുന്നുണ്ട്. യാത്രയിൽ നേരിട്ട അനുഭവങ്ങൾ ഓർത്തെടുത്ത് പത്തേമാരി ജീവിതത്തിലേക്ക് അവർ ഒത്തൊരുമിച്ച് പിന്തിരിഞ്ഞു നടന്നു. കുഞ്ഞുമുഹമ്മദ് ഹാജിയാണ് ഓർമകളുടെ വീണ്ടെടുപ്പിന് തുടക്കമിട്ടത്. കൃത്യമായി പറഞ്ഞാൽ 1969 മെയ് അഞ്ചിനായിരുന്നു അറേബ്യൻ മണലാരണ്യത്തിലേക്കുള്ള ആ പത്തേമാരി യാത്ര. കോഴിക്കോട് നിന്നായിരുന്നു യാത്ര. പത്തേമാരിയിൽ ജീവനക്കാരെ കൂടാതെ ഉണ്ടായിരുന്നത് 21 പേർ. കണ്ണെത്താ ദൂരത്തോളം പരന്നു കിടന്ന കടലിനു മീതെയുള്ള പത്തേമാരിയിലെ യാത്ര വലിയ അനുഭവമായിരുന്നുവെന്ന് കുഞ്ഞുമുഹമ്മദ് ഹാജി പറയുന്നു. ഒരാളുടെ യാത്രാ ചെലവ് 500 രൂപയാണ്. ജീവിതം കരുപ്പിടിപ്പിക്കാനുള്ള ദക്ഷിണ. ഗോതമ്പ് പൊടി, ചെറുപയർ, അരി, പരിപ്പ്, വെള്ളം ഇവയെല്ലാം കരുതുകയും വേണം. ഭക്ഷണ വസ്തുക്കളെല്ലാം സംഘടിപ്പിച്ച് കോഴിക്കാട്ടെത്തി. വലിയ പ്രതീക്ഷകൾക്ക് ജീവൻ നൽകാൻ വേണ്ടിയുള്ള ആ യാത്ര, ദുരിത സാഹചര്യത്തിൽ നിന്ന് കുതറി മാറാനുള്ള കഠിന യത്‌നത്തിന്റെ ഭാഗവുമായിരുന്നു.

കുടിവെള്ളം
പോലുമില്ലാതെ…

യാത്ര ആരംഭിച്ചു. ആദ്യ ദിനം എല്ലാവരും ഒത്തുകൂടി കളിതമാശകളുമായി സമയം നീക്കി. ആദ്യ വിദേശയാത്രയുടെ ആവേശവും ആരവങ്ങളുമായിരുന്നു പത്തേമാരിയിൽ. കടൽ യാത്രയായപ്പോൾ പ്രത്യേക അനുഭൂതിയും. ഒന്നുരണ്ട് ദിവസങ്ങളൊക്കെ കഴിഞ്ഞു. ഛർദ്ദിയും ബഹളങ്ങളും പതുക്കെ രംഗം കീഴടക്കാൻ തുടങ്ങി. പത്തേമാരിയിലുള്ളവർക്ക്, കടൽ കടക്കാൻ കയറിക്കൂടിയവർ വെറുമൊരു ലാഭക്കേസായതിനാൽ മതിയായ ചികിത്സയും പരിചരണവുമൊന്നും ലഭിച്ചില്ല. പുറത്തെ കാർമേഘങ്ങൾ കൂടുതൽ ഇരുണ്ടതായി തോന്നി. തിരമാലകൾ ലാഞ്ചിയെ അപ്പാടെ എടുത്തുമറിക്കുമെന്ന് ആധിയുയർന്നു. കുഞ്ഞുമുഹമ്മദ് ഹാജിയുടെയും സംഘത്തിന്റെയും ഓർമകളെ കേട്ടിരിക്കാൻ പോലും ഭയം തോന്നി. പത്ത് ദിവസം കൊണ്ട് എത്തുമെന്നായിരുന്നു പത്തേമാരിയിലുള്ളവർ പറഞ്ഞിരുന്നത്. എന്നാൽ, പത്തും കഴിഞ്ഞ് 15ഉം 18ഉം ദിവസമായി കടലിലൂടെയുള്ള യാത്ര തുടരുകയാണ്. കരക്കണയാനുള്ള ദിവസം വൈകും തോറും കരുതിവെച്ച ഭക്ഷണവും കുടിവെള്ളവും തീർന്നു കൊണ്ടിരുന്നു. ഒടുവിൽ കുടിവെള്ളം ഒരു തുള്ളി പോലുമില്ലാതായി. മെച്ചപ്പെട്ട ജീവിതം മോഹിച്ച് ഉറ്റവരെയും പിറന്ന നാടിനെയും വിട്ടിറങ്ങിയവർ ആ കരകാണാ കടലിൽ ഒടുങ്ങുമെന്ന ഭയം സിരകളിൽ പടർന്ന സമയം. വല്ലാതെ വ്യാകുലപ്പെട്ട നിമിഷങ്ങൾ.

അതോടെ പത്തേമാരി ജീവനക്കാർ രംഗത്തെത്തി. ചുറ്റുപാടും നിരീക്ഷിച്ചു. നോക്കെത്താ ദൂരത്ത് ഒരു കപ്പൽ കണ്ടു. അവർ തുണികെട്ടി പന്തമുണ്ടാക്കി കത്തിച്ച് ദൂരെ കപ്പലിന് നേരെ വീശിക്കൊണ്ടിരുന്നു. കപ്പിത്താന്റെ ശ്രദ്ധപതിഞ്ഞതോടെ കപ്പൽ വേഗത കുറച്ചു. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ കപ്പൽ ജീവനക്കാർ ചെറിയ ബോട്ടിലൂടെ പത്തേമാരിക്കടുത്തെത്തി കാര്യമന്വേഷിച്ചു. വെള്ളം തീർന്ന കാര്യം അവരെ അറിയിച്ചു. നിരവധി കന്നാസുകളിൽ കപ്പലിൽ നിന്നും അവർ വെള്ളം നിറച്ചു നൽകി. അപ്പോഴാണ് ആശ്വാസമായതെന്ന് കുഞ്ഞുമുഹമ്മദ് ഹാജി പറയുന്നു. യാത്ര പിന്നെയും തുടർന്നു. ഭക്ഷണം തീർന്ന് തുടങ്ങിയിരുന്നു.

അതുകൊണ്ട് തന്നെ ഓരോരുത്തർക്കും റേഷൻ കണക്കിലാണ് ഭക്ഷണം. അതിനിടിയിലാണ് കടലിലൂടെ വലിയ പെട്ടികൾ ഒഴുകി വരുന്നത് കണ്ടത്. ഒന്നും രണ്ടുമല്ല. നിരവധി പെട്ടികൾ. നീന്താനറിയാവുന്നവരിൽ ചിലർ കടലിലേക്ക് ചാടി പെട്ടികൾ ഓരോന്നായി പത്തേമാരിയിലേക്ക് കയറ്റി. പെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് നല്ല തുടുത്ത ആപ്പിളുകൾ. എല്ലാവർക്കും സന്തോഷമായി. യാത്രാവസാനം വരെ എല്ലാവരും ആപ്പിളുകൾ കഴിച്ചു.

ലക്ഷ്യം ദുബൈ,
എത്തിയത് ഒമാനിൽ

40 ദിവസം കഴിഞ്ഞാണ് തങ്ങളുടെ പത്തേമാരി കരക്കണഞ്ഞത്. പത്തേമാരിയിൽ നിന്ന് കരയിലേക്ക് നീന്തിക്കയറണം. ഒമാൻ അതിർത്തിയിലേക്കാണ് എല്ലാവരും നീന്തിയത്. ഈന്തപ്പഴ തോട്ടത്തിലായിരുന്നു എല്ലാവരും ചെന്നുപെട്ടത്. അവിടെ കണ്ടവരോട് തങ്ങൾക്ക് വിശക്കുന്നതായി അറിയിച്ചു. ഉടൻ തന്നെ അവർ തോട്ടത്തിൽ നിന്ന് ഈന്തപ്പഴം പൊട്ടിച്ചു നൽകി. വിവരമറിഞ്ഞ് പോലീസെത്തി എല്ലാവരെയും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി. എല്ലാവരോടും ദുബൈയിലേക്ക് പോകാനായിരുന്നു അവർ ആവശ്യപ്പെട്ടത്. ഇതിനിടെ വിശക്കുന്നതായി അറിയിച്ചപ്പോൾ സേമിയ കൊണ്ടുണ്ടാക്കിയ പലഹാരവും അവർ നൽകി. പിന്നീട് മുഴുവൻ പേരെയും ദുബൈ അതിർത്തിയിൽ കൊണ്ടുവിട്ടു. അവിടെ നിന്ന് ചെറു സംഘങ്ങളായി പിരിഞ്ഞു. പലരും വിവിധ തൊഴിലുകൾ കണ്ടെത്തി.

യാത്രാ സംഘത്തിലെ പലരുമായും ബന്ധമുണ്ടായിരുന്നെങ്കിലും ഒരു കൂടിച്ചേരൽ ആദ്യമായിട്ടായിരുന്നു. കുഞ്ഞുമുഹമ്മദ് ഹാജിയാണ് അതിന് മുൻകൈയെടുത്തത്. പഴയ പത്തേമാരി മേറ്റ്‌സുകളെ നേരിട്ടു കണ്ട് വീട്ടിലേക്ക് ക്ഷണിച്ചു. പത്തേമാരിയിൽ യാത്രയാരംഭിച്ച മെയ് അഞ്ച് തന്നെ അതിന് തിരഞ്ഞെടുക്കുകയും ചെയ്തു. എല്ലാവരും വൈകുന്നേരം 5.30ന് വടക്കേകാടുള്ള കുഞ്ഞുമുഹമ്മദ് ഹാജിയുടെ വീട്ടിലെത്തി. ഇതേസമയം പത്തേമാരി മേറ്റ്‌സിനെ കാത്തിരിക്കുകയായിരുന്നു അദ്ദേഹം. പ്രായത്തിന്റെ അവശത വകവെക്കാതെയായിരുന്നു കുട്ടൻ വീട്ടിലെത്തിയത്. ഒടുവിൽ കുഞ്ഞുമുഹമ്മദ് ഹാജിയും കുട്ടനും സുബ്രനും ബാലനുമെല്ലാം 50 വർഷം മുമ്പ് തങ്ങളുടെ 40 ദിവസം നീണ്ട പത്തേമാരി യാത്രയുടെ ഓർമയോരോന്നായി പങ്കുവെച്ചു. സമ്പത്തും സൗകര്യവും വർധിച്ചാലും അക്കാലത്തെ റൊട്ടിയുടെ രുചിയോളം വരില്ല ഒന്നിനുമെന്ന് കുഞ്ഞുമുഹമ്മദ് ഹാജി സാക്ഷ്യപ്പെടുത്തുന്നു. അടുത്ത വർഷം കൂടുതൽ പേരെ ഉൾപ്പെടുത്തി സംഗമിക്കണമെന്ന് പറഞ്ഞപ്പോൾ എല്ലാവരുടെയും മുഖത്ത് നിറഞ്ഞ ചിരി. കവർ നിറയെ ഈന്തപ്പഴവും സമ്മാനിച്ചാണ് കുഞ്ഞുമുഹമ്മദ് ഹാജി പത്തേമാരി ചങ്ക്‌സിനെ യാത്രയാക്കിയത്.

kmakbar935@gmail.com

---- facebook comment plugin here -----

Latest