Connect with us

National

മോദിയുടെ കേദാര്‍നാഥ് യാത്ര: പരാതിയുമായി തൃണമൂല്‍; വിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കേദാര്‍നാഥ് യാത്ര തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കി. കേദാര്‍നാഥിലെ വികസന പ്രവര്‍ത്തനങ്ങളെയും മാസ്റ്റര്‍ പ്ലാനിനെയും സംബന്ധിച്ച് മോദി മാധ്യമങ്ങളോടു സംസാരിച്ചതും പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. കഴിഞ്ഞ രണ്ടു ദിവസമായി മാധ്യമങ്ങള്‍ മോദിയുടെ യാത്രയെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കു മാത്രമാണ് പ്രാധാന്യം നല്‍കുന്നതെന്നും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

അതിനിടെ, മോദിയുടെ കേദാര്‍നാഥ് യാത്രക്കെതിരെ കോണ്‍ഗ്രസും രംഗത്തെത്തി. ചുവപ്പു പരവതാനിയിലൂടെ മോദി ക്ഷേത്രത്തിലേക്കു പോകുന്ന ചിത്രം ട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയാണ് ആദ്യ വെടിപൊട്ടിച്ചത്. ധാര്‍ഷ്ട്യവും അഹങ്കാരവുമെല്ലാം ത്യജിച്ചാണ് ആളുകള്‍ ക്ഷേത്ര ദര്‍ശനം നടത്താറുള്ളത്. എന്നാല്‍, അങ്ങനെയല്ല മോദി എത്തിയതെന്ന് ചുവപ്പു പരവതാനിയിലൂടെ അദ്ദേഹത്തിന്റെ നടത്തം വ്യക്തമാക്കുന്നു. സുര്‍ജേവാല പറഞ്ഞു.

കേദാര്‍നാഥ് ക്ഷേത്രം സന്ദര്‍ശിച്ചും കാവി പുതച്ച് ഗുഹയില്‍ ധ്യാനമിരുന്നും എന്ത് സന്ദേശമാണ് മോദി രാജ്യത്തിനു നല്‍കിയതെന്ന് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്‌ലോട്ട് ചോദിച്ചു. വര്‍ഗീയ ധ്രുവീകരണമാണ് ഇതിലൂടെ മോദി ലക്ഷ്യമിടുന്നതെന്ന് വാര്‍ത്താ ഏജന്‍സിയോടു സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പ്രധാന മന്ത്രി പദത്തിലിരുന്ന അഞ്ച് വര്‍ഷക്കാലും വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ക്കാതെയും മാധ്യമങ്ങളോട് സംസാരിക്കാന്‍ തയാറാകാതെയും മൗനം പാലിച്ച മോദി എന്തിനാണ് ഇപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നിലെത്തിയതെന്ന ചോദ്യവും ഗെഹ്‌ലോട്ട് ഉന്നയിച്ചു.

Latest