Connect with us

Kozhikode

കോഴിക്കോട് മെഡി. കോളജ് അടിമുടി മാറുന്നു; നവീകരണത്തിന് 3,000 കോടിയുടെ പദ്ധതി

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിന്റെ സമഗ്രപരിഷ്‌കരണം ലക്ഷ്യമിട്ട് പുതിയ രൂപരേഖ തയ്യാറായി. മൂവായിരം കോടി രൂപയാണ് മെഡിക്കൽ കോളജിന്റെ കെട്ടിട സമുച്ചയങ്ങളുടെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതി ആവിഷ്‌കരിക്കാൻ വേണ്ടത്. ഇത് സംബന്ധിച്ച പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇത്തരത്തിലുള്ള പ്രൊപ്പോസൽ സർക്കാറിന് സമർപ്പിച്ചതായി എ പ്രദീപ് കുമാർ എം എൽ എ അറിയിച്ചു.

വിവിധ വിഭാഗങ്ങളിലുള്ള ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും മറ്റു പ്രമുഖരുമായും ആലോചിച്ച് പരിഷ്‌കരിച്ച രൂപം മെഡിക്കൽ കോളജിൽ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. തിരക്ക് കൂടിയാൽ നിയന്ത്രിക്കാൻ കഴിയാത്ത നിലയിലുള്ള നിലവിലെ കാഷ്വാലിറ്റി സംവിധാനങ്ങൾ ഉൾപ്പെടെ എല്ലാം മാറ്റത്തിന് വിധേയമാകും. മൂന്ന് ഘട്ടത്തിലുള്ള നിർമാണപ്രവർത്തനങ്ങളാണ് ഇതിനായി ഉദ്ദേശിക്കുന്നത്. നിപ്പ പോലുള്ള ദുരന്തങ്ങളുണ്ടാകുമ്പോൾ അതിന് പര്യാപ്തമാകുന്ന രീതിയിലുള്ള ഐസൊലേഷൻ വാർഡുകൾ ഉൾപ്പെടെ എല്ലാം സജ്ജീകരിക്കും.

പുതിയ പദ്ധതി പ്രാവർത്തികമായാൽ മെഡിക്കൽ കോളജ് ക്യാമ്പസ് തന്നെ അടിമുടി മാറും. ഹോസ്പിറ്റലിൽ ഏഴായിരം ബെഡുള്ള സംവിധാനമാണ് ഒരുക്കുക. എന്നാൽ നിലവിൽ ക്ലാസുകൾ നടക്കുന്ന മെഡിക്കൽ കോളജിന്റെ ഭാഗം അതേപടി തന്നെ നിലനിർത്തും. ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സ്റ്റാഫ് ക്വാർട്ടേഴ്‌സുകൾ പരിഷ്‌കരിക്കും. വിവിധ ഡിപ്പാർട്ട്‌മെന്റുകൾ ആധുനികവത്കരിക്കും. മൂവായിരം കോടി രൂപ സർക്കാറിൽ നിന്ന് ഒന്നിച്ചെടുക്കാൻ കഴിയാത്തതിനാലാണ് മൂന്ന് ഘട്ടങ്ങളിലായി പദ്ധതി പ്രാവർത്തികമാക്കാൻ ഉദ്ദേശിക്കുന്നതെന്ന് പ്രദീപ് കുമാർ എം എൽ എ പറഞ്ഞു.
ഉദ്യോഗസ്ഥരുമായും നഴ്‌സുമാരുമായും സംസാരിച്ച ശേഷം ഏറ്റവും പുതിയ രൂപത്തിൽ കെട്ടിടങ്ങളെ മാറ്റാൻ കഴിവുള്ള ആർക്കിടെക്ടിനെ വെച്ച് ആശുപത്രിയുടെ പുതിയ രൂപം ഡിസൈൻ ചെയ്തിട്ടുണ്ട്. നിലവിൽ സർക്കാർ എൻജിനീയർമാർ തയ്യാറാക്കുന്ന രൂപരേഖ അനുസരിച്ചുള്ള വികസന പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ ഓരോ വർഷവും ഒരു കോടി രൂപയുടെ പ്രവൃത്തികൾ നടന്നുവരാറുണ്ട്. എന്നാൽ ഇതെല്ലാം ശരിയായ രൂപത്തിലാകുന്നില്ല എന്ന പരാതിയെ തുടർന്നാണ് സമഗ്രമായ പരിഷ്‌കരണ പ്രവർത്തനങ്ങൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇത് സംബന്ധിച്ച പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനാണ് നീക്കം. ഫലപ്രഖ്യാപനത്തിന് ശേഷം സർക്കാർ ഇതിനായി തുക പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.

ആശുപത്രികളുടെ നിർമാണ പ്രവർത്തനങ്ങൾ ശാസ്ത്രീയമായി മാറ്റണമെന്ന് പ്രദീപ് കുമാർ എം എൽ എ പറഞ്ഞു. നിലവിലുള്ള കാഷ്വാലിറ്റി സംവിധാനം കഴിഞ്ഞ വർഷം നിപ്പ ഉൾപ്പെടെയുള്ള അസുഖങ്ങൾ പടരാൻ ഇടയാക്കിയെന്നാണ് വിലയിരുത്തൽ. ജനങ്ങൾ ഏറെ ഇടപഴകുന്ന സ്ഥലമായതിനാൽ ഇതിന് വിശാലത വേണമെന്നാണ് ആവശ്യമുയർന്നത്. അതേസമയം നിപ്പാ കാലത്ത് ഐസൊലേഷൻ വാർഡായി മാറ്റിയ പേവാർഡ് പൂർവസ്ഥിതിയിലാക്കിയില്ല. നിപ്പാ ദുരന്തമുണ്ടായി ഒരു വർഷം പിന്നിടുമ്പോഴും വാർഡ് ഉപയോഗമില്ലാതെ പഴയ പടി തന്നെ കിടക്കുകയാണ്. ഇതിനാൽ പേവാർഡിന്റെ ഉപയോഗം നടക്കുന്നില്ല. നിപ്പ പോലുള്ള ദുരന്തമുണ്ടാകുമ്പോൾ ഉപയോഗിക്കത്തക്ക രീതിയിൽ സ്ഥിരം ഐസൊലേഷൻ വാർഡുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും നടപ്പായിട്ടില്ല. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെട്ടാലുള്ള മുൻകരുതൽ നടപടികൾ മെഡിക്കൽ കോളജിൽ സജ്ജമല്ലെന്നാണ് പരാതി. 1957ലാണ് കോഴിക്കോട് മെഡിക്കൽ കോളജ് സ്ഥാപിച്ചത്. ഇതിന് ശേഷം സംസ്ഥാനത്തെ ഏറ്റവും മികച്ച മെഡിക്കൽ വിദ്യാഭ്യാസം ലഭിക്കുന്ന കേന്ദ്രമായി കോഴിക്കോട് മെഡിക്കൽ കോളജ് മാറി. കാലിക്കറ്റ് സർവകലാശാല, ആരോഗ്യ സർവകലാശാല എന്നിവയിൽ അഫിയിലിയേറ്റ് ചെയ്തിട്ടുള്ള സ്ഥാപനത്തിൽ ഡെന്റൽ കോളജ്, നഴ്‌സിംഗ് കോളജ്, ഫാർമസി കോളജ്, മാതൃശിശു സംരക്ഷണ കേന്ദ്രം, സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, ചെസ്റ്റ് ആശുപത്രി തുടങ്ങിയവയാണ് പ്രവർത്തിക്കുന്നത്.

Latest