Connect with us

Kozhikode

ജൂൺ അഞ്ചിന് പരിസ്ഥിതി സംഘടനകൾ ചെടി നടാതെ പ്രതിഷേധിക്കുന്നു

Published

|

Last Updated

കോഴിക്കോട്: ജൂൺ അഞ്ചിന് എല്ലാ വർഷവും ചെടി നട്ട് പരിസ്ഥിതി ദിനം ആചരിക്കുന്നതിൽ നിന്ന് ഇപ്രാവശ്യം ഏറെ മാറ്റം. ചെടി നടാതെ പ്രതിഷേധിക്കാനൊരുങ്ങുകയാണ് പരിസ്ഥിതി പ്രവർത്തകർ.
കേരളത്തിലുള്ള പ്രബല പരിസ്ഥിതി സംഘടനകൾ കഴിഞ്ഞ ദിവസം കൊച്ചിയിൽ യോഗം ചേർന്ന് പരിസ്ഥിതി ദിനത്തിൽ ചെടി നടുന്നില്ലെന്ന് അറിയിച്ചു. സർക്കാറിന്റെ സോഷ്യൽ ഫോറസ്ട്രി പരിപാടിയുമായും സഹകരിക്കേണ്ടതില്ലെന്നാണ് സംഘടനകളുടെ തീരുമാനം. തീരുമാനം സംസ്ഥാന സർക്കാറിനെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷത്തെ കണക്കെടുമ്പോൾ ഏറ്റവും കൂടുതൽ പാരിസ്ഥിതിക കൈയേറ്റങ്ങളും ചൂഷണങ്ങളും നടന്നത് കഴിഞ്ഞ രണ്ട് വർഷത്തിനിടയിലാണെന്ന് പരിസ്ഥിതി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ഇതിൽ പ്രതിഷേധിച്ചാണ് വ്യത്യസ്തമായ പ്രതിഷേധ പരിപാടിയുമായി ഇവർ രംഗത്തെത്തുന്നത്.

സോഷ്യൽ ഫോറസ്ട്രി പദ്ധതി പ്രകാരം കഴിഞ്ഞ വർഷം ഒരു കോടി വൃക്ഷത്തൈകളാണ് നട്ടത്. ഈ വർഷവും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ സോഷ്യൽ ഫോറസ്ട്രി പദ്ധതി അനുസരിച്ച് ഒരു കോടി വൃക്ഷത്തൈകൾ നടാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. എന്നാൽ ഓരോ വർഷവും നട്ടുപോകുന്ന വൃക്ഷത്തൈകൾ പരിപാലിക്കപ്പെടുന്നില്ലെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ടി വി രാജൻ പറഞ്ഞു. ഓരോ വർഷവും നടുന്ന ചെടികളുടെ പ്ലാസ്റ്റിക് കവറുകൾ കുന്നുകൂടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ചെടികൾ മൂന്ന് വർഷമെങ്കിലും തുടർച്ചയായി പരിപാലിക്കപ്പെടേണ്ടതുണ്ട്. എന്നാൽ ഒരു വർഷത്തിൽ നട്ട ചെടികളിൽ ഒരു ലക്ഷത്തിൽ താഴെ മാത്രമേ നിലനിൽക്കുന്നുള്ളൂ.

എല്ലാ വർഷവും സർക്കാറിന് കോടികളുടെ നഷ്ടമാണ് സോഷ്യൽ ഫോസ്ട്രി പദ്ധതിയിലൂടെ ഉണ്ടാകുന്നതെന്നാണ് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. ഹരിതമുദ്രാവാക്യങ്ങൾ ഉയർത്തുമ്പോഴും സർക്കാർ കായൽ കൈയേറ്റ നടപടികളും കുന്നിടിക്കലും വനത്തിൽ ക്വാറി അനുവദിക്കലുമായിട്ടുള്ള പരിപാടികളുമായി മുന്നോട്ട്‌ പോകുകയാണെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടി.

ഇതിനെതിരെയുള്ള പ്രതിഷേധമായിട്ടാണ് ജൂൺ അഞ്ചിന് ചെടി നടാതെ പരിസ്ഥിതി ദിനം ആചരിക്കാൻ പ്രവർത്തകർ തീരുമാനിച്ചത്. സംസ്ഥാനത്തെ പ്രമുഖ 13 പരിസ്ഥിതി സംഘടനകളാണ് കൊച്ചിയിൽ യോഗം ചേർന്നത്. എന്നാൽ മറ്റ് പരിപാടികളുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും അവർ അറിയിച്ചു.