Connect with us

Sports

ജാദവ് ഫിറ്റ്, ഇന്ത്യക്ക് ആശ്വാസം

Published

|

Last Updated

മുംബൈ: ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് ആശ്വാസ വാർത്ത. ഐ പി എൽ മത്സരത്തിനിടെ തോളിന് പരുക്കേറ്റ മധ്യനിര ബാറ്റ്‌സ്മാൻ കേദാർ ജാദവ് ശാരീരിക ക്ഷമത വീണ്ടെടുത്തു. ജാദവ് പൂർണ ആരോഗ്യവാനാണെന്ന് റിപ്പോർട്ട് ടീം ഫിസിയോ പാട്രിക് ഫർഹർട്ട് ബി സി സി ഐക്ക് സമർപ്പിച്ചു. താരം പൂർണ ശാരീരികക്ഷമത വീണ്ടെടുത്തതായും ഇന്ത്യൻ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോകുമെന്നും ബി സി സി ഐ അറിയിച്ചു.

ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി കളിക്കുന്നതിനിടെയാണ് ജാദവിന് പരുക്കേറ്റത്. തുടർന്ന് ലോകകപ്പ് ടീമിൽ നിന്ന് താരം പുറത്തായേക്കുമെന്ന ആശങ്കയും ഉയർന്നു. നാലാം നമ്പറിലേക്ക് ഇന്ത്യ പരിഗണിക്കുന്ന താരമാണ് ജാദവ്. ഓൾ റൗണ്ടറായ ജാദവ് തിരിച്ചെത്തുന്നതോടെ പകരക്കാരായി ടീമിലെത്തുമെന്ന് കരുതപ്പെട്ടിരുന്ന അമ്പാട്ടി റായിഡുവിന്റെ സാധ്യത മങ്ങി. റിസർവ് താരങ്ങളുടെ ലിസ്റ്റിലാണ് റായിഡുവിന്റെ പേരുള്ളത്. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ കെ എൽ രാഹുൽ നാലാം നമ്പറിൽ കളിച്ചേക്കുമെന്നുള്ള റിപ്പോർട്ടുകളുമുണ്ട്. ഐ പി എല്ലിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ജാദവിന് കഴിഞ്ഞിരുന്നില്ല. എന്നാൽ, ഒട്ടേറ അവസരങ്ങളിൽ ഒറ്റക്ക് കളി ജയിപ്പിച്ചിട്ടുള്ള താരമാണ് ജാദവ്. നിർണായക വിക്കറ്റുവീഴ്ത്താനും റൺനിരക്ക് നിയന്ത്രിക്കാനും ജാദവിന് കഴിയുന്നു.

59 ഏകദിനങ്ങളിൽ ഇന്ത്യൻ ജേഴ്‌സിയണിഞ്ഞ താരം 43.50 ശരാശരിയിൽ 1,174 റൺസ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറികളും ആറ് അർധശതകവും ഇതിൽ ഉൾപ്പെടും. 102. 50 ആണ് സ്‌ട്രൈക്ക് റേറ്റ്. 27 വിക്കറ്റും നേടി.
മെയ് 22നാണ് ഇന്ത്യൻ ടീം ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നത്. ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായാണ് ആദ്യ മത്സരം.