Connect with us

Ongoing News

വില്ലൻ പലിശാധിഷ്ഠിത സാമ്പത്തിക വ്യവസ്ഥ

Published

|

Last Updated

ആത്മഹത്യകൾ പതിവായ കേരളത്തിൽ ഏറെ സാമൂഹിക ശ്രദ്ധ നേടുകയുണ്ടായി നെയ്യാറ്റിൻകരയിൽ ലേഖയും മകൾ വൈഷ്ണവിയും ഒരുമിച്ചു ജീവനൊടുക്കിയ സംഭവം. പ്രത്യക്ഷത്തിൽ ശാന്തവും സന്തുഷ്ടവുമായിരുന്നു ആ കുടുംബത്തിന്റെ ജീവിതം. ആത്മഹത്യയോടെയാണ് അകമേ അത് സംഘർഷഭരിതമായിരുന്നുവെന്ന് അയൽക്കാരും നാട്ടുകാരും അറിയുന്നത്. കടക്കെണിയാണ് ആത്മഹത്യക്ക് കാരണമെന്നായിരുന്നു ആദ്യത്തെ നിഗമനം. ബേങ്കിൽ നിന്നെടുത്ത കടം തിരിച്ചടക്കാനാകാതിരുന്നതോടെ ജപ്തി നടപടികൾ ആരംഭിച്ച ഘട്ടത്തിലായിരുന്നു ഇരുവരും തീകൊളുത്തി ആത്മഹത്യ ചെയ്തത്. ലേഖയെഴുതിയ കുറിപ്പ് പുറത്തു വന്നതോടെ കുടുംബ വഴക്കാണെന്ന അഭിപ്രായമുയർന്നു. എഫ് ഐ ആറിൽ പോലീസ് രണ്ട് കാരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഏതായാലും പലിശാധിഷ്ഠിത സാമ്പത്തിക വ്യവസ്ഥിതി സൃഷ്ടിക്കുന്ന കെടുതികളിലേക്കും ദുരന്തങ്ങളിലേക്കുമാണ് ആത്യന്തികമായി ഇത് വിരൽ ചൂണ്ടുന്നത്.

പ്രശ്‌നങ്ങളില്ലാതെ സന്തോഷത്തോടെ നീങ്ങിയ ചന്ദ്രൻ -ലേഖ ദമ്പതികൾക്കിടയിൽ ബേങ്ക് ലോണിന്റെ പെരുപ്പം സൃഷ്ടിച്ച ആകുലതകളാണ് പൊട്ടലിനും ചീറ്റലിനുമിടയാക്കിയത്. ആദ്യമൊന്നും ഗൾഫിൽ നിന്നയക്കുന്ന പണത്തിന്റെ വിനിയോഗത്തെക്കുറിച്ച് വിശദാംശങ്ങൾ അന്വേഷിക്കാതിരുന്ന ചന്ദ്രൻ വീടുപണിക്കു വേണ്ടി ബേങ്കിൽ നിന്നെടുത്ത ലോൺ അടിക്കടി പെരുകുകയും ആ കുടുംബത്തിന് താങ്ങാവുന്നതിലപ്പുറമാകുകയും ചെയ്തപ്പോഴാണ് താൻ അയച്ചു കൊടുക്കുന്ന പണത്തിന്റെ കണക്ക് ചോദിച്ചു കുറ്റപ്പെടുത്തലും ശകാരവുമൊക്കെ തുടങ്ങിയത്. അഞ്ച് ലക്ഷം രൂപയാണ് പതിനഞ്ച് വർഷം മുമ്പ് അവർ ബേങ്കിൽ നിന്ന് വായ്പയെടുത്തത്. 7.8 ലക്ഷം ഇതിനകം തിരിച്ചടച്ചു. 6.72 ലക്ഷം ഇനിയും അടക്കാനുണ്ടെന്നും ഉടനടി അടച്ചില്ലെങ്കിൽ താമസിക്കുന്ന പുരയിടവും പറമ്പും ജപ്തി ചെയ്യുമെന്നും പറയുമ്പോൾ ആരുടെ മനസ്സും സംഘർഷ ഭരിതമാകുകയും ചിലപ്പോൾ സമനില തെറ്റുകയും ചെയ്യും.

ഇടപാടുകാരെ വരിഞ്ഞു മുറുക്കുന്ന നീരാളി സ്ഥാപനങ്ങളാണ് ഇന്നത്തെ ബേങ്കുകൾ. ആകർഷകങ്ങളായ പരസ്യങ്ങളിലൂടെ സാധാരണക്കാരന്റെ മനസ്സിൽ നല്ല ഒരു വീടിനെക്കുറിച്ചോ, വാഹനത്തെക്കുറിച്ചോ മറ്റോ മോഹങ്ങൾ ജനിപ്പിച്ചാണ് ഈ സ്ഥാപനങ്ങൾ ആളുകളെ വലയിലാക്കുന്നത്. എട്ട് ശതമാനം, പത്ത് ശതമാനം എന്നിങ്ങനെ കുറഞ്ഞ പലിശ നിരക്കേയുള്ളൂവെന്നാണ് അവർ ഇടപാടുകാരെ ധരിപ്പിക്കുന്നത്. അതിനടിയിൽ ഒളിഞ്ഞു കിടക്കുന്ന കൂട്ടുപലിശ, പിഴപ്പലിശ തുടങ്ങിയ അപകടങ്ങളെക്കുറിച്ച് പറയാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിക്കും. ഇടപാടുകാരൻ കഴിവതും മുടങ്ങാതെ ഗഡുക്കളായി വായ്പ തിരിച്ചടച്ചു കൊണ്ടിരിക്കുന്നതിനിടെ, പെരുകിയ കടത്തിന്റെ കണക്കും ജപ്തിനോട്ടീസും കൈയിൽ കിട്ടുമ്പോഴാണ് ഇതൊരു വല്ലാത്ത കെണിയാണെന്നു മനസ്സിലാക്കുന്നത്. തുടർന്ന് ജീവിതം വഴിമുട്ടി മാനസികമായി തകരുകയും അതു കുടുംബ വഴക്കിലേക്കും ശൈഥ്യത്തിലേക്കും എത്തിച്ചേരുകയും ചെയ്യുന്നു. കുടുംബ ശൈഥില്യത്തിലെ പ്രധാന വില്ലൻ മദ്യമാണെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. പലിശാധിഷ്ഠിത വ്യവസ്ഥക്കുമുണ്ട് ഇതിൽ ചെറുതല്ലാത്ത പങ്ക്. മനുഷ്യന്റെ അധ്വാന ചിന്ത അത് ഇല്ലാതാക്കുകയും ചൂഷണത്തിലധിഷ്ഠിതമായ ഒരു സാമൂഹിക ക്രമം വളർത്തുകയും ചെയ്യുന്നു.

പണം പ്രത്യുത്പാദനപരമായ മാർഗത്തിൽ വിനിയോഗിക്കപ്പെടുന്പോൾ മാത്രമേ നാടിനും സമൂഹത്തിനും ഉപകാരപ്രദമാവുകയുള്ളൂ. പലിശ കൊണ്ട് ഈ സാമൂഹിക ഗുണം ലഭിക്കുന്നില്ല. നാടിന്റെ വികസനത്തിലും അതിന്റെ പങ്ക് വട്ടപ്പൂജ്യമാണ്. ഗ്രീക്ക് കാലഘട്ടത്തിലെ വിശ്വപ്രസിദ്ധ ചിന്തകനായ അരിസ്റ്റോട്ടിലിന്റെ വാക്കുകൾ ഇക്കാര്യത്തിൽ ശ്രദ്ധേയമാണ് “പണം പണത്തെ പ്രസവിക്കുകയില്ല. പണത്തിന്റെ പ്രഥമവും മുഖ്യവുമായ ആവശ്യം ഇടപാടുകൾ സുഗമമാക്കലും ജനങ്ങളുടെ ആവശ്യം പൂർത്തീകരിക്കലുമാണ്. പലിശ ഇത് നിർവഹിക്കുന്നില്ല.

പലിശയിലൂടെയുള്ള സമ്പാദ്യം പ്രകൃതി വരുദ്ധവുമാണ്. അതിൽ മനുഷ്യന്റെ പ്രയത്‌നത്തിനോ അധ്വാനത്തിനോ സ്ഥാനമില്ല. ആഡംസ് മിത്ത്, ജെ എം കീൻസ്, സാമുവൽസൺ, മാർഗ്രറ്റ് കെന്നഡി, അമൃതാസെൻ വരെയുള്ള ആധുനിക സാമ്പത്തിക ചിന്തകരും പലിശാധിഷ്ഠിത വ്യവസ്ഥയുടെ വിമർശകരാണ്. ആധുനിക സാമ്പത്തിക വ്യവസ്ഥയെ ബാധിച്ച അർബുദമെന്നാണ് മാർഗരറ്റ് കെന്നഡി പലിശയെക്കുറിച്ച് പറഞ്ഞത്. ഇസ്‌ലാം, ക്രിസ്ത്യാനിസം, ജൂതായിസം തുടങ്ങി ലോകത്തെ ഒരു മതവും പലിശാധിഷ്ഠിത ഇടപാടുകളെ അംഗീകരിക്കുന്നില്ല. എങ്കിലും ആഗോളതലത്തിൽ ഇന്ന് ബേങ്ക് വ്യവസായത്തെ നിയന്ത്രിക്കുന്നത് മുഖ്യമായും ജൂതരാണ്. ലോകത്തെ മൊത്തം ബേങ്കിംഗ് ശൃംഖലയിൽ പകുതിയിലധികവും ആകെ 16 മില്യൻ മാത്രം വരുന്ന ജൂതരുടെ കൈകളിലാണ്.
പരസ്പരം സഹകരിച്ചും സഹായിച്ചും ജീവിക്കേണ്ടവരാണ് സാമൂഹിക ജീവിയായ മനുഷ്യർ. ഒരാൾ സാമ്പത്തിക പരാധീനത അനുഭവിക്കുമ്പോൾ മറ്റുള്ളവർ അവന് താങ്ങും തണലുമായി വർത്തിക്കണം. ഇത് സൗഹൃദവും സാഹോദര്യവും വളർത്തുകയും സന്തുഷ്ടവും കെട്ടുറപ്പുള്ളതുമായ ഒരു സാമൂഹികാന്തരീക്ഷം സംജാതമാക്കുകയും ചെയ്യും. ഇത്തരമൊരു സാമൂഹിക സങ്കൽപ്പത്തിന് കടകവിരുദ്ധമാണ് പലിശയും അതിലധിഷ്ഠിതമായ സാമ്പത്തിക വ്യവസ്ഥയും. സമ്പന്നനെ അത് കൂടുതൽ ചൂഷണം ചെയ്യാൻ പ്രേരിപ്പിക്കുകയും അതുവഴി ചൂഷിതർ മുഴു പട്ടിണിയിലും ദുരിതത്തിലും ആപതിക്കുകയും ചെയ്യുന്നു. സാമൂഹിക അസമത്വത്തിലേക്കും രക്തച്ചൊരിച്ചിലുകളിലേക്കും നയിക്കുകയും ചെയ്യും പലിശ. ഇന്ന് രാഷ്ട്രങ്ങൾ തമ്മിലും ആഭ്യന്തരമായും ഉടലെടുക്കുന്ന ഭിന്നതയുടെയും രക്തരൂഷിത അട്ടിമറികളുടെയും കാരണങ്ങൾ തേടുമ്പോൾ തെറ്റായ സാമ്പത്തിക നയങ്ങൾക്കും വലിയൊരു പങ്കുള്ളതായി കണ്ടെത്താനാകും. പലിശ മുക്തമായ ഒരു സാമ്പത്തിക വ്യവസ്ഥയിൽ മാത്രമേ പരസ്പരബന്ധങ്ങളും പരസ്പരാശ്രിതത്വവും പുലർത്തുന്ന നല്ല കുടുംബവും ഉത്തമ സമുദായവും ശക്തമായ രാഷ്ട്രവും രൂപപ്പെടുകയുള്ളൂ.

Latest