Connect with us

Kozhikode

അലി മുഴക്കുന്നത് തലമുറകളുടെ താളം

Published

|

Last Updated

അത്താഴം മുട്ടുന്ന അലി

വടകര: റമസാൻ രാവുകളിൽ താഴെ അങ്ങാടിയിൽ ഇപ്പോഴും മുഴങ്ങുന്നത് അലിയുടെ അത്താഴം മുട്ട്. പകൽ നോമ്പ് അനുഷ്ഠിച്ച് രാത്രിയിൽ തറാവീഹ് നിസ്‌കാരവും കഴിഞ്ഞ് ക്ഷീണിതരായി സുഖനിദ്രയിൽ ആണ്ടുപോകുന്നവരെ വിളിച്ചുണർത്താൻ പൂർവികർ തുടങ്ങിവെച്ചതാണ് അത്താഴം മുട്ട്. അർധരാത്രി പിന്നിടുന്നതോടെ അത്താഴം മുട്ടുമായി അലി നാലിട വഴിയിലൂടെ നീങ്ങി ആളുകളെ ഉണർത്തുന്നു. പതിനഞ്ച് വർഷം മുമ്പ് ഏറ്റെടുത്ത ഈ പുണ്യകർമം പാണ്ടികശാല വളപ്പിൽ തട്ടാങ്കണ്ടി അലി എഴുപത്തി മൂന്നാം വയസ്സിലും മുറതെറ്റാതെ ചെയ്തുവരുന്നു.

രാവേറെയുള്ള അത്താഴം മുട്ടലിന്റെ മുഴക്കം താഴെ അങ്ങാടിയുടെ ഹൃദയത്തിലാണ് തട്ടുന്നത്. വ്രതാനുഷ്ഠാനത്തിന്റെ പവിത്രതയിൽ കഴിയുന്നവർക്ക് അലിയുടെ മുട്ട് ശ്വാസത്തിന്റെ ഭാഗം തന്നെയാണ്. പാരമ്പര്യമായി കിട്ടിയ ഈ കർമം അഞ്ചാം തലമുറയുടേതായാണ് അലിയിലെത്തി നിൽക്കുന്നത്. അമ്മാവൻ അബുബക്കറിന്റെയും വലിയുപ്പ ഉമറിന്റെയും കൂടെ അത്താഴം മുട്ടാനിറങ്ങിയതിന്റെ ഓർമ അലിയുടെ മനസ്സിൽ ഇന്നും നിലനിൽക്കുന്നു. വലിയ ജുമുഅത്ത് പള്ളിയിൽ നിന്ന് രാത്രി പന്ത്രണ്ടരയോടെയാണ് അത്താഴം മുട്ട് തുടങ്ങുന്നത്.

തീരപ്രദേശത്തു കൂടെ നീങ്ങി കടലിന്റെ ഹുങ്കാരത്തെ വെല്ലുംമട്ടിൽ അത്താഴം മുട്ടി അലി ആളുകളെ ഉണർത്തുന്നു. താഴെ അങ്ങാടിയുടെ തെക്കെ അറ്റമായ അഴിത്തല മുതൽ വടക്കെ അറ്റമായ ആവിക്കൽ തോട് വരെ താളത്തിൽ മുട്ടി ഊടുവഴികൾ താണ്ടി മൂന്നര മണിയോടെ ജുമുഅത്ത് പള്ളി പരിസരത്ത് അവസാനിപ്പിക്കും. മക്കളായ നൂറുദ്ദീനും ഇൽയാസും സഹായികളായി കൂടെയുണ്ടാകും.
തുകൽകൊണ്ടു നിർമിച്ച വൃത്താകൃതിയിലുള്ള വാദ്യോപകരണത്തിൽ ആഞ്ഞുമുട്ടുമ്പോഴുള്ള ശബ്ദം നാട്ടുകാരെ തട്ടിയുണർത്താൻ ധാരാളമാണ്. ചെണ്ടയുടെ അത്ര നീളമില്ലാത്തതും ബാൻഡിനേക്കാൾ വലുപ്പമുള്ളതുമായ വാദ്യോപകരണത്തിലെ മുഴക്കമുള്ള ശബ്ദം ഇതിന്റെ പ്രത്യേകതയാണ്. നാട്ടുകാർ അത്താഴം എന്ന് തന്നെയാണ് ഈ ഉപകരണത്തെയും വിളിക്കുന്നത്. റിംഗ് ടോണുകളുടെ ശ്രവണ മാധുര്യത്തിൽ മൊബൈൽ ഫോണിലെ അലാറങ്ങൾ അരങ്ങ് തകർക്കുമ്പോഴും റമസാൻ രാവിൽ അത്താഴത്തിനുണരാൻ ഇതിനെ ആശ്രയിക്കുന്നവർ ഇന്നും വടകരയിലുണ്ട്. പാരമ്പര്യമായി കിട്ടിയ ഈ വാദ്യോപകരണത്തിന്റെ പഴക്കം എത്രയെന്ന് അലിക്കറിയില്ല.

ഓരോ വർഷവും ഈ വാദ്യോപകരണം അദ്ദേഹം വർണക്കടലാസ് കൊണ്ടു പൊതിഞ്ഞു ഭംഗിയാക്കി സൂക്ഷിക്കും. പെരുന്നാളിന്റെ ശോഭയുമായി ശവ്വാൽ മാസപ്പിറവി കണ്ടാൽ മൂന്ന് ദിവസം താഴെ അങ്ങാടി മുഴുവൻ അലി അവസാന മുട്ടിനിറങ്ങും. ഒരു മാസം നാട്ടുകാരെ വിളിച്ചുണർത്തിയതിനുള്ള പ്രതിഫലം ഈ യാത്രയിലാണ് ലഭിക്കുന്നത്. പണവും പാരിതോഷികങ്ങളും നൽകി നാട്ടുകാർ തങ്ങളുടെ സംതൃപ്തി അറിയിക്കും.

മുൻകാലങ്ങളിൽ പല പ്രദേശങ്ങളിലും അത്താഴം മുട്ടുണ്ടായിരുന്നെങ്കിലും കാലക്രമേണ ഇതു നിലച്ചുപോകുകയായിരുന്നു. അലിയുടെ അത്താഴം മുട്ട് പക്ഷേ, മക്കളിലൂടെ അടുത്ത തലമുറയിലേക്കു നീങ്ങും. അതുകൊണ്ടു തന്നെ റമസാൻ നാളുകളിലെ അത്താഴം മുട്ടിന്റെ മുഴക്കം താഴെ അങ്ങാടിയിൽ തുടർന്നും കേൾക്കാം.

രാജീവന്‍ പറമ്പത്ത്‌