Connect with us

Malappuram

സ്വാതന്ത്ര്യ സമര ചരിത്ര തലയെടുപ്പോടെ കൊന്നാര് മുഹ്‌യിദ്ദീന്‍ ജുമുഅ മസ്ജിദ്

Published

|

Last Updated

കൊന്നാര് മുഹിയിദ്ദീന്‍ ജുമുഅ മസ്ജിദ്

എടവണ്ണപ്പാറ: സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് പട്ടാളത്തിനെതിരെ അടരാടിയ ചരിത്രം ആലേഖനം ചെയ്യപ്പെട്ടതാണ് കൊന്നാര് മുഹിയുദ്ദീന്‍ ജുമുഅ മസ്ജിദ്. വാഴക്കാട് പഞ്ചായത്തില്‍പ്പെട്ട മപ്രത്താണ് കൊന്നാര് പ്രദേശം. 1921ലെ മാപ്പിള ലഹളയില്‍ ബ്രിട്ടീഷ് പട്ടാളം പള്ളിക്കുനേരെ നിറയൊഴിച്ചു. ആക്രമണത്തില്‍ പള്ളി ആരാധന യോഗ്യമല്ലാത്ത വിധം തകര്‍ക്കപ്പെട്ടു. അന്ന് വെടിയുതിര്‍ത്ത ഒരു വെടിയുണ്ട മസ്ജിദിന്റെ വാതിലില്‍ ഇന്നും കാണാം.

ബ്രിട്ടീഷുകാര്‍ സയ്യിദന്മാരെ ബന്ദികളാക്കി അന്തമാന്‍ ദ്വീപുകളിലേക്ക് നാടുകടത്തി. 1921ലെ മലബാര്‍ കലാപത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ സമരം പ്രഖ്യാപിച്ചു. കൊന്നാര് മഖാമില്‍ അന്ത്യവിശ്രമംകൊള്ളുന്ന കൊഞ്ഞുള്ളപ്പാപ്പയുടെ പൗത്രനായിരുന്നു മുഹമ്മദ് കോയ തങ്ങള്‍. കൊന്നാര് തങ്ങള്‍ എന്ന പേരില്‍ പേരില്‍ പ്രസിദ്ധനായ ഇദ്ദേഹം കൊന്നാരിലെ ഖിലാഫത്ത് കമ്മിറ്റി പ്രസിഡന്റുമായിരുന്നു. മുഹമ്മദ് കോയ തങ്ങള്‍ കൊന്നാരില്‍ ഖിലാഫത്ത് കോടതി സ്ഥാപിച്ചു. 1921 ഒക്ടോബര്‍ 11ന് ബ്രിട്ടീഷുകാര്‍ പഴയ കൊന്നാര്‍ പള്ളി ആക്രമിച്ചു. ബ്രിട്ടീഷുകാരോട് പടപൊരുതിയ കൊന്നാര് തങ്ങളെ 1922 ആഗസ്ത് 25ന് വെള്ളിയാഴ്ച കൂത്തുപറമ്പില്‍ വെച്ച് ബ്രിട്ടീഷ് പട്ടാളം പിടികൂടി. 1923 മാര്‍ച്ച് 23ന് സ്‌പെഷ്യല്‍ ജഡ്ജി ജാക്‌സണ്‍ ഈ ധീരദേശാഭിമാനിക്ക് വധശിക്ഷ വിധിച്ചു.

കേടുപാടുകള്‍ പറ്റിയ പള്ളിയുടെ വടക്കുഭാഗത്ത് ഒരു കൊച്ചുപള്ളി നിര്‍മിച്ചു. ഏകദേശം 64 കൊല്ലം പ്രസ്തുത പള്ളിയിലാണ് ആരാധന കര്‍മങ്ങള്‍ നടന്നത്. ദിനേനെ നൂറുകണക്കിന് ആളുകള്‍ സിയാറത്തിനായി കൊന്നാര് മഖാം സന്ദര്‍ശിക്കുന്നു. ബുഖാരി സാദാത്തുക്കളില്‍പ്പെട്ട സയ്യിദ് മുഹമ്മദ് ബുഖാരി ക്രിസ്താബ്ദം 1778 ലാണ് കൊന്നാരിലെത്തുന്നത്. അദ്ദേഹം കൊന്നാരിന്റെ ധാര്‍മിക മുന്നേറ്റത്തിന് നായകത്വം വഹിച്ചു. മുഹ്‌യിദ്ദീന്‍ ജുമുഅ മസ്ജിദ് നിര്‍മിച്ചത് സയ്യിദ് മുഹമ്മദുല്‍ ബുഖാരി ആയിരുന്നു. സയ്യിദ് മുഹമ്മദുല്‍ ബുഖാരി, അബ്ദുര്‍റഹിമാന്‍ ബുഖാരി, ഇസ്മാഈല്‍ ബുഖാരി, അഹമ്മദുല്‍ ബുഖാരി എന്നിവര്‍ കൊന്നാരില്‍ അന്ത്യവിശ്രമം കൊള്ളുന്ന മഹത്തുക്കളാണ്.

സയ്യിദ് മുഹമ്മദ് ബുഖാരിതങ്ങളുടെയും മക്കളായ അബ്ദുര്‍റഹിമാന്‍ ബുഖാരി, ഇസ്മാഈല്‍ ബുഖാരി, അഹ്മദ് ബുഖാരി തുടങ്ങി നൂറുകണക്കിന് സാദാത്തീങ്ങളുടെ പേരില്‍ മഖാം ഉറൂസ് നടത്തിവരുന്നു.

അശ്റഫ് മപ്രം

Latest