Connect with us

Malappuram

പ്രവാസികളുടെ മൃതദേഹം നോർക്ക ചെലവിൽ നാട്ടിലെത്തും; പദ്ധതി ഉടൻ പ്രാബല്യത്തിൽ

Published

|

Last Updated

മലപ്പുറം: ഗൾഫിൽ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സംസ്ഥാനത്ത് നോർക്കാ റൂട്ട്‌സ് ആരംഭിക്കുന്ന പ്രത്യേക പദ്ധതി ഉടൻ പ്രാബല്യത്തിൽ വരും. ഗൾഫ് നാടുകളിൽ വിവിധ കാരണങ്ങളാൽ മരിക്കുന്നവരെ സംസ്ഥാന നോർക്കയുടെ സഹായത്താൽ നാട്ടിലെത്തിക്കുന്ന പദ്ധതിയാണിത്. ഇതിനായുള്ള മുഴുവൻ ചെലവും നോർക്ക വഹിക്കും.

മൃതദേഹം നാട്ടിലെത്തിക്കാൻ നോർക്കയുടെ സഹായം എന്ന പേരിൽ പദ്ധതി ആരംഭിക്കുന്നതോടെ പണമില്ലാത്തത് കാരണം മൃതദേഹം നാട്ടിൽ എത്തിച്ച് അടക്കം ചെയ്യാൻ(മയ്യിത്ത് ഖബറക്കാൻ) കഴിയാതെ വിഷമിക്കുന്ന കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകും. ഇക്കഴിഞ്ഞ ബജറ്റിൽ സംസ്ഥാന സർക്കാർ ഇതിനായി 72 ലക്ഷം രൂപയാണ് വകയിരുത്തിയത്.

പദ്ധതി സംബന്ധിച്ച് നോർക്കാ റൂട്ട്‌സ് രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ അന്തിമ രൂപരേഖ തയ്യാറായിട്ടില്ല. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളാത്തത്. പെരുമാറ്റച്ചട്ട നടപടികൾ പൂർത്തിയാകുന്നതോടെ പദ്ധതി തുടങ്ങാനുള്ള നടപടികൾ ആരംഭിക്കുമെന്ന് നോർക്കാ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ ഹരികൃഷ്ണൻ നമ്പൂതിരി പറഞ്ഞു. ജൂലൈ, ആഗസ്റ്റ് മാസങ്ങൾക്കിടെ പദ്ധതി പ്രാബല്യത്തിൽ വന്നേക്കും.

വിദേശ രാജ്യങ്ങളിൽ മരിക്കുന്നവരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള ഭാരിച്ച ചെലവ് സാധാരണക്കാർക്ക് പലപ്പോഴും താങ്ങാൻ കഴിയാറില്ല. ഇതുമൂലം മരണപ്പെടുന്ന സ്ഥലങ്ങളിൽ തന്നെ മൃതദേഹം അടക്കം ചെയ്യുന്ന സ്ഥിതി വിശേഷമുണ്ട്.

നേരത്തേ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് എയർഇന്ത്യ സർവീസ് ഭാരം കണക്കാക്കി ചാർജ് ഈടാക്കിയിരുന്നു. ഇതിനെതിരെ എസ് വൈ എസ്, ഐ സി എഫ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് ഉയർത്തിയിരുന്നത്. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് നിവേദനവും നൽകിയിരുന്നു. ഇതോടെയാണ് എയർഇന്ത്യ ചാർജ് ഈടാക്കുന്ന നിയമം ഒഴിവാക്കിയത്.

കേരളത്തിൽ നോർക്കയുടെ പുതിയ പദ്ധതി വരുന്നതോടെ ചെലവ് സംബന്ധിച്ച കുടുംബങ്ങളുടെ ആശങ്കക്ക് അറുതിയാകും. നിലവിൽ വിമാനത്താവളങ്ങളിൽ നിന്ന് മൃതദേഹം വീടുകളിലെത്തിക്കാൻ നോർക്ക സഹായം ചെയ്തു വരുന്നുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥക്ക് താങ്ങായി നിൽക്കുന്ന പ്രവാസികളെ അവഗണിക്കാതെ മൃതശരീരം സൗജന്യമായി നാട്ടിലേക്ക് എത്തിക്കാൻ വേണ്ട നടപടി എടുക്കണമെന്നത് പ്രവാസികളുടെ നീണ്ടകാലത്തെ ആവശ്യമാണ്.

Latest