Connect with us

National

ഗാന്ധിജിയെ പാക് രാഷ്ട്രപിതാവാക്കി; ബി ജെ പി നേതാവിന് സസ്പെൻഷൻ

Published

|

Last Updated

ഭോപ്പാൽ: മഹാത്മാ ഗാന്ധി പാക്കിസ്ഥാന്റെ രാഷ്ട്രപിതാവാണെന്ന വിവാദ പ്രസ്താവന നടത്തിയ ബി ജെ പി നേതാവ് അനിൽ സൗമിത്രയെ പാർട്ടി സസ്‌പെൻഡ് ചെയ്തു. ബി ജെ പിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സസ്‌പെൻഡ് ചെയ്തത്. ബി ജെ പി ഘടകത്തിന്റെ മാധ്യമ സെൽ മേധാവി കൂടിയായ ഇയാൾ ഫേസ്ബുക്കിലൂടെയാണ് വിവാദ പരാമർശം നടത്തിയത്.

“പാകിസ്ഥാൻ ഉണ്ടായത് മഹാത്മാ ഗാന്ധിയുടെ ആശീർവാദത്തോടെയാണ്. അതുകൊണ്ട് മഹാത്മാ ഗാന്ധി പാക്കിസ്ഥാന്റെ രാഷ്ട്രപിതാവായിരിക്കാം, ഇന്ത്യയുടേതല്ല”, എന്നായിരുന്നു അനിൽ സൗമിത്രയുടെ പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ മധ്യപ്രദേശ് ബി ജെ പി അധ്യക്ഷൻ രാകേഷ് സിംഗ് ഏഴ് ദിവസത്തിനകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് ഇയാളെ സസ്പെൻഡ് ചെയ്യുകയായിരുന്നു. മഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെയെപ്പറ്റി ഭോപ്പാലിലെ ബി ജെ പി സ്ഥാനാർഥി പ്രജ്ഞാ സിംഗ് ഠാക്കൂർ നടത്തിയ പരാമർശത്തിൽ പ്രതിഷേധം ആളിക്കത്തുന്നതിനിടെയായിരുന്നു അനിൽ സൗമിത്രയുടെ പരാമർശം. ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നുവെന്നായിരുന്നു പ്രജ്ഞാ സിംഗിന്റെ പരാമർശം.