Connect with us

National

കോൺഗ്രസ്- ദൾ നേതാക്കൾ താമസിച്ച ഹോട്ടലുകളിൽ റെയ്ഡ് തുടരുന്നു

Published

|

Last Updated

ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ്- ദൾ നേതാക്കൾ താമസിച്ച ഹോട്ടലുകളിൽ റെയ്ഡ്. രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തിയതോടെയാണ് നേതാക്കളെ ലക്ഷ്യമിട്ട് അവർ താമസിച്ച ഹോട്ടലുകളിൽ റെയ്ഡ് നടന്നത്. കോൺഗ്രസും ബി ജെ പിയും തമ്മിൽ വാശിയേറിയ പോരാട്ടം നടക്കുന്ന കുണ്ഡ്‌ഗോളിലും ചിഞ്ചോളിയിലും വോട്ടർമാരെ സ്വാധീനിക്കാൻ പണം ഒഴുക്കുന്നതായുള്ള പരാതി ശക്തമായ സാഹചര്യത്തിലാണ് ആദായ നികുതി വകുപ്പ് നടപടി ഊർജിതമാക്കിയിരിക്കുന്നത്.

റെയ്ഡിൽ യാതൊന്നും കണ്ടെടുത്തിട്ടില്ല. ഹുബ്ബള്ളിയിൽ മന്ത്രി ഡി കെ ശിവകുമാറും നേതാക്കളും താമസിച്ച ഹോട്ടലുകളിലാണ് ആദായനികുതി വകുപ്പ് ആദ്യം പരിശോധന നടത്തിയത്. എന്നാൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി താമസിച്ച ഹോട്ടലിലും റെയ്ഡ് നടന്നെങ്കിലും അവിടെയും ഒന്നും കണ്ടെത്താനായില്ല. ഡി കെ ശിവകുമാറിനെതിരെ ബി ജെ പി നൽകിയ പരാതിയിലാണ് ആദായനികുതി ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത്. ബി ജെ പിയുടെ സമ്മർദത്തിന് വഴങ്ങി ഏകപക്ഷീയമായാണ് റെയ്ഡ് നടക്കുന്നതെന്ന് മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. ബി ജെ പി നേതാക്കൾ താമസിക്കുന്ന ഹോട്ടലുകളിൽ റെയ്ഡ് നടത്താത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു.

സഖ്യസർക്കാറിന്റെ ഭാവിയെ ബാധിക്കുന്ന തിരഞ്ഞെടുപ്പായതിനാൽ കോൺഗ്രസും ബി ജെ പിയും സർവ സന്നാഹവും ഉപയോഗിച്ചുള്ള പ്രചാരണമാണ് നടത്തിയത്. സിറ്റിംഗ് സീറ്റുകൾ നിലനിർത്താൻ സാധിച്ചില്ലെങ്കിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയാകും.

Latest