Connect with us

Sports

ഇന്ത്യൻ ബാഹുബലികൾ

Published

|

Last Updated

ന്യൂഡൽഹി: നിർണായക നിമിഷത്തിൽ ടീമിനെ കരകയറ്റാൻ ശേഷിയുള്ള ഏതാനും കളിക്കാരുണ്ടാകും ഏത് ടീമിലും. ടീമിന്റെ ഏത് വിജയത്തിന് പിന്നിലും ഇവരുടെ വിയർപ്പുണ്ടാകും. ഇവരിൽ തന്നെയായിരിക്കും ടീം ക്യാപ്റ്റനും കോച്ചും ആരാധകരും എന്നും വിശ്വാസമർപ്പിക്കുന്നതും. തോൽവിയുടെ വക്കിൽ നിന്ന് വരെ ഇവർ അത്ഭുതങ്ങൾ കാട്ടി ടീമിനെ കൈപിടിച്ചുയർത്തും. ക്രിക്കറ്റ് ടീം ഗെയിം ആണെങ്കിലും പലപ്പോഴും അത് ഒറ്റയാൾ പോരാട്ടം പോലുമായി പരിണമിക്കുന്നത് കാണാറുണ്ട്. ഇന്ത്യ മികച്ച ടീമിനെയാണ് ഇത്തവണ ലോകകപ്പിന് പറഞ്ഞയക്കുന്നത്. എങ്കിലും അതിൽ ചില ബാഹുബലികളുണ്ട്. വിജയം സ്വന്തം ചുമലിലേറ്റി കൊണ്ടുവരാൻ ശേഷിയുള്ളവർ.

വേട്ടയാടാൻ
വിരാട് കോഹ്‌ലി

എത്ര വലിയ ടോട്ടലുകളും പിന്തുടർന്ന് വിജയം കൊയ്യാൻ ശേഷിയുള്ള കളിക്കാരാനാണ് നായകൻ വിരാട് കോഹ്‌ലി. വിരാട് കോഹ്‌ലി ക്രീസിലുണ്ടെങ്കിൽ എത്ര വലിയ ലക്ഷ്യവും പിന്തുടർന്ന് പിടിക്കാമെന്ന് ആത്മവിശ്വാസമായിരിക്കും ടീമിന്. സമ്മർദങ്ങളെ അതിജീവിക്കാനുള്ള കഴിവ്, ശാരീരിക ക്ഷമത, അനുഭവ പരിചയം, സ്വയം വിശ്വാസമർപ്പിച്ചുള്ള കേളീശൈലി… ഇതൊക്കെയാണ് കോഹ്‌ലിയുടെ കൈമുതൽ. ലക്ഷ്യം പിന്തുടരുമ്പോൾ, പ്രത്യേകിച്ച് അത് വലുത് കൂടിയാകുമ്പോൾ മിക്കവാറും ബാറ്റ്‌സ്മാന് മുട്ടിടിക്കും. വമ്പൻ താരങ്ങൾ വരെ അനാവശ്യ ഷോട്ടുകൾക്ക് മുതിർന്ന് പുറത്തുപോകുന്നത് ഈ ഘട്ടത്തിലാണ്. ഇതിൽ നിന്ന് വ്യത്യസ്തനാണ് കോഹ്‌ലി. വെറും പറച്ചിലല്ല. 133 മാച്ചുകളിൽ ചേസിംഗ് ബാറ്റിംഗിനിറങ്ങിയ കോഹ്‌ലിയുടെ റൺസ് 6617 ആണ്.68.21 ശരാശരി, 94.43 സ്‌ട്രൈക്ക് റേറ്റ്. ലക്ഷ്യം പിന്തുടർന്നപ്പോൾ കോഹ്‌ലി നേടിയത് 25 സെഞ്ച്വറികൾ. ഇതിൽ 21 എണ്ണവും ഇന്ത്യക്ക് വിജയം സമ്മാനിക്കുകയും ചെയ്തു.

I

ഡാഡി ടണുമായി രോഹിത് ശർമ

ടീം ആദ്യം ബാറ്റ് ചെയ്യുമ്പോൾ സ്‌കോർ എത്രത്തോളം ഉയർത്താമോ അത്രത്തോളം വിജയ സാധ്യതയും കൂടുന്നുണ്ട്. പൂർണമായും വിശ്വാസമർപ്പിക്കാൻ കഴിയുന്ന ബാറ്റ്‌സ്മാന്മാരെയാണ് ഈ ഘട്ടത്തിൽ ഏതൊരു ടീമും ആഗ്രഹിക്കുക. ഇവിടെയാണ് രോഹിത് ശർമയുടെ പ്രസക്തി. ഇന്നിംഗ്‌സ് കെട്ടിപ്പടുക്കുന്നത് കലയാണെങ്കിൽ അതിൽ മാസ്റ്ററാണ് ഈ മുംബൈ താരം. പതിഞ്ഞ താളത്തിൽ കൊട്ടിക്കയറി വെടിക്കെട്ടായി മാറുന്ന ശൈലി. വമ്പൻ ഹിറ്റുകൾക്ക് പന്ത് തിരഞ്ഞെടുക്കുന്നതിലുള്ള മിടുക്ക്. ബൗളറെ പോലും അമ്പരപ്പിച്ചു കൊണ്ടാകും പലപ്പോഴും രോഹിതിന്റെ ബാറ്റ് ചലിക്കുന്നത്. ഏകദിന മത്സരത്തിൽ മൂന്ന് ഇരട്ട സെഞ്ച്വറികൾ സ്വന്തമാക്കിയ ഏകതാരമാണ് രോഹിത് ശർമ. ഈ മൂന്ന് സെഞ്ച്വറികളും ടീം ആദ്യം ബാറ്റ് ചെയ്തപ്പോൾ സ്വന്തമാക്കിയതാണ്.

ഫിനിഷിംഗിൽ ധോണി മാജിക്

പരിമിത ഓവർ ക്രിക്കറ്റിലെ സാങ്കേതിക വിദഗ്ധനാണ് എം എസ് ധോണി. വിക്കറ്റിന് പിന്നിൽ നിൽക്കുമ്പോഴും ബാറ്റേന്തുമ്പോഴും ആ വൈദഗ്ധ്യം കാണാം. ഇന്ത്യൻ ലോകകപ്പ് ടീമിൽ വല്യേട്ടനായാണ് ഇത്തവണ ധോണി ഇംഗ്ലണ്ടിലേക്ക് പോകുന്നത്. ടീമിനെ വിരാട് കോഹ്‌ലിയാണ് നയിക്കുന്നതെങ്കിലും ബുദ്ധികേന്ദ്രമായി ധോണിയുണ്ടാകും. ചന്ദ്രഗുപ്ത മൗര്യന് ചാണക്യൻ എങ്ങനെയായിരുന്നുവോ അതുപോലെയാണ് കോഹ്‌ലിക്ക് ധോണി.

എറിഞ്ഞുപിടിക്കാൻ
ബുംറ ബൂമറാംഗ്

ഇന്ത്യയുടെ ബൗളിംഗ് രത്‌നം. ലോകത്തിലെ ഏറ്റവും മികച്ച ബൗളർ ആരെന്ന് ചോദിച്ചാൽ ഏത് വിദഗ്ധനും സംശയമുണ്ടാകില്ല, ജസ്പ്രീത് ബുംറ തന്നെ. റാങ്കിംഗിൽ ഒന്നാമൻ. എതിരാളികളെ വരിഞ്ഞുമുറുക്കാൻ, എറിഞ്ഞിടാൻ ഈ താരത്തിന് കഴിയും. റണ്ണൊഴുക്കിന് സാധ്യതയുള്ളതാണ് ഇംഗ്ലണ്ടിലെ പിച്ചുകളെങ്കിലും ബുംറയിൽ പൂർണ വിശ്വാസമാണ് ഇന്ത്യക്ക്. ഭീഷണിയായി മാറുന്ന പ്രതിയോഗികളുടെ കൂട്ടുകെട്ടുകൾ തകർക്കാൻ കോഹ്‌ലി പലപ്പോഴും ഉപയോഗിക്കുന്നത് ബുംറയെയാണ്.

Latest