Connect with us

Ramzan

ഡോക്ടർ അകത്തുണ്ട്

Published

|

Last Updated

ഡോക്ടർ അകത്തുണ്ട്. പക്ഷേ രോഗികൾ കാണാൻ കൂട്ടാക്കുന്നില്ല. എന്തായിരിക്കും അവസ്ഥ. നാട് മുഴുവൻ രോഗികളെക്കൊണ്ട് നിറയും. പല തരത്തിലുള്ള രോഗികളുണ്ടാകും. തലവേദനയും പനിയും ബാധിച്ച് വിറങ്ങലിച്ച് നിൽക്കുന്നവർ, ചിലർ ആരോഗ്യം ക്ഷയിച്ച് കിടപ്പാകുന്നു. കിടപ്പായവർ മരണത്തിന് കീഴടങ്ങുന്നു. ചില രോഗികൾ നാടു നീളെ പലവിധ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. രോഗങ്ങളുണ്ടാകുമ്പോൾ ഡോക്ടറെ കണ്ട് ചികിത്സ തേടിയില്ലെങ്കിൽ ഇങ്ങനെ പല വിധ പ്രശ്‌നങ്ങളുമുണ്ടാകും.

ഇതുപോലെ ഹൃദയത്തെ ബാധിക്കുന്ന ചില രോഗങ്ങളുണ്ട്. കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കും. ചിലപ്പോൾ ക്രമസമാധാനം തന്നെ നഷ്ടപ്പെടുത്തിയേക്കും. അഹങ്കാരം, അസൂയ, ലോകമാന്യം, പക തുടങ്ങിയവയാണ് ഹൃദയത്തിന്റെ രോഗങ്ങൾ. അബൂ അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) റിപ്പോർട്ട് ചെയ്യുന്നു: നബി (സ്വ) പറഞ്ഞു: ഹൃദയത്തിൽ അണുമണിത്തൂക്കം അഹങ്കാരമുള്ളവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. അപ്പോഴൊരു ചോദ്യം: നബിയേ, ഒരാൾ തന്റെ വസ്ത്രം നന്നായിരിക്കുന്നതും ചെരുപ്പ് നന്നായിരിക്കുന്നതും ഇഷ്ടപ്പെടുമല്ലോ? നബി (സ) പറഞ്ഞു: തീർച്ചയായും അല്ലാഹു സൗന്ദര്യവാനും സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നവനുമാണ്. സത്യത്തെ നിഷേധിക്കലും ജനങ്ങളെ ധിക്കരിക്കലുമാണ് അഹങ്കാരം. (മുസ്‌ലിം). എന്തെങ്കിലും ചെറിയൊരധികാരം ലഭിക്കുമ്പോഴേക്കും അത്രയും കാലം കൂടെ നടന്ന കൂട്ടുകാരെയും അയൽവാസികളെയും പരിഗണിക്കാതെ നടക്കുക. അൽപ്പം സാമ്പത്തികാഭിവൃദ്ധിയുണ്ടാകുമ്പോഴേക്ക് പാവങ്ങളെ മറക്കുക. എന്തെങ്കിലും നേട്ടമുണ്ടാകുമ്പോഴേക്കും ഞാൻ വലിയ സംഭവമാണെന്ന് നടിക്കുക്, ഇതെല്ലാം അഹങ്കാരത്തിന്റെ ലക്ഷണമാണ്. അഹങ്കാരം വൻനഷ്ടങ്ങളാണ് വരുത്തിവെക്കുക. ഇബ്‌ലീസ് ശപിക്കപ്പെട്ടവനായി അധഃപതിച്ചത് അഹങ്കാരം കൊണ്ടാണ്.

സർവാഡംബര വിഭൂഷകനായിരുന്ന ഫിർഔൻ രക്ഷിക്കാൻ ഒരു സഹായി പോലുമില്ലാതെ മുങ്ങി മരിച്ചതും അഹങ്കാരത്തിന്റെ ഫലമായിരുന്നു.
മറ്റൊരാളിൽ എന്തെങ്കിലും നേട്ടങ്ങൾ കാണുമ്പോൾ മനസ്സിൽ തോന്നുന്ന ഈർഷ്യതയാണ് അസൂയ. അസൂയ മനുഷ്യനെ പരസ്പരം നശിപ്പിക്കുന്നതിന് കാരണമാകും. സുഹൃത്തിനുണ്ടായ നേട്ടത്തേയോ അല്ലെങ്കിൽ സുഹൃത്തിനെത്തന്നെയോ നശിപ്പിക്കുന്നതിന് അസൂയ പ്രേരിപ്പിച്ചുകൊണ്ടിരിക്കും. അസൂയയുള്ള മനസ്സിൽ ശാന്തിയും സമാധാനവും ഉണ്ടാകുകയില്ല. തീ വിറകിനെ തിന്നും പോലെ അസൂയ നന്മകളെ തിന്നുമെന്ന് നബി (സ) പഠിപ്പിക്കുന്നു. നിരവധി സത്കർമങ്ങൾ ചെയ്യുന്ന ആളായിരിക്കാം. പക്ഷേ അസൂയയുള്ള മനസ്സുമായാണ് നടക്കുന്നതെങ്കിൽ അവൻ ചെയ്യുന്ന സത്കർമങ്ങളൊന്നും പരലോകത്ത് ഉപകാരപ്പെടുകയില്ല. ജനങ്ങൾ കാണുന്നതിന് വേണ്ടി നന്മകൾ ചെയ്യുന്ന ലോകമാന്യവും ജനങ്ങൾക്കിടയിൽ ഞാൻ എല്ലാം കൊണ്ടും തികഞ്ഞവനാണെന്ന് നടിച്ച് നടക്കുന്ന, എന്നെ ഉപദേശിക്കാനോ നിർദേശിക്കാനോ ആരും വരേണ്ടതില്ലെന്ന ബോധത്തിൽ നടക്കുന്ന ഉൾനാട്യവും മറ്റുള്ളവരോട് പക വെച്ചുനടക്കുന്നതും ഹൃദയത്തിന്റെ രോഗങ്ങളാണ്. ഈ രോഗങ്ങൾക്കൊക്കെയുള്ള ഏറ്റവും ഉത്തമാമായ ഡോക്ടർ ഓരോരുത്തരുടെയും വീട്ടിലുണ്ടാകും. അതാണ് പരിശുദ്ധ ഖുർആൻ. ഹൃദയം ശുദ്ധിയാക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് ഖുർആൻ പരായണം. പുണ്യ റമസാനിൽ നാം ഓതിത്തുടങ്ങിയ ഖുർആൻ റമസാനിന് ശേഷവും നിലനിർത്തണം. വർഷത്തിൽ ഒരു ഖത്തമെങ്കിലും തീർക്കണമെന്നാണ് വിശ്വാസികളോടുള്ള ഇസ്‌ലാമിന്റെ കൽപ്പന.

അനസ് സഖാഫി ക്ലാരി

സബ് എഡിറ്റർ, സിറാജ്