Connect with us

Eranakulam

തീരദേശ ഹൈവേ: നിർമാണം ഇനി അതിവേഗം

Published

|

Last Updated

കൊച്ചി: സംസ്ഥാനത്തെ ഗതാഗത മേഖലയിൽ വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന തീരദേശ ഹൈവേയുടെ നിർമാണം ഇനി വേഗത്തിലാകും. തീരദേശ ജില്ലകളിൽ നിലവിലുള്ള റോഡുകൾ ബന്ധിപ്പിച്ച് തിരുവനന്തപുരം പൂവാർ മുതൽ കാസർകോട് കുഞ്ചത്തൂർ വരെ 657 കിലോമീറ്റർ നീളത്തിലുള്ള തീരദേശ ഹൈവേയുടെ ഒന്നാം സ്‌ട്രെച്ചിന്റെ നിർമാണം കഴിഞ്ഞ മാസം തുടങ്ങിയതിന് പിറകെയായി പ്രയാസരഹിതമായി ഭൂമി ഏറ്റെടുക്കാൻ കഴിയുന്നയിടങ്ങളിൽ അപ്പോൾ തന്നെ റോഡ് നിർമാണം തുടങ്ങാനാണ് ധാരണ.

ജില്ലയിൽ പദ്ധതിയുടെ ചുമതലയുള്ള ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് റോഡിന്റെ എസ്റ്റിമേറ്റ് ലഭിച്ചാൽ ഒരു മാസത്തിനകം തന്നെ ടെൻഡർ നടപടികൾ പൂർത്തീകരിക്കാനാണ് കിഫ്ബിയുടെ പ്രൊജക്ട് മാനേജ്‌മെന്റ് യൂനിറ്റിന്റെ തീരുമാനം. തുടർന്ന് രണ്ട് മാസത്തിനുള്ളിൽ തന്നെ മറ്റെല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി നിർമാണം തുടങ്ങുന്നതിനുള്ള ഒരുക്കമാണ് നടത്തുന്നത്. ഉടമകൾ സ്വമേധയാ വിട്ടു നൽകുന്ന സ്ഥലത്താണ് ഇപ്പോൾ അതിവേഗം തന്നെ റോഡ് വിപുലീകരണം നടപ്പാക്കുന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെ അന്തർദേശീയ നിലവാരത്തിലുള്ള സൈക്കിൾ ട്രാക്കോടു കൂടിയാവും തീരദേശ ഹൈവേ പൂർത്തിയാകുക.

വിപുലമായ ഗതാഗത സൗകര്യത്തിനൊപ്പം തീര സമ്പദ്ഘടനയിൽ വൻമാറ്റത്തിനു കൂടി സഹായകമാകുന്ന തീരദേശ ഹൈവേ നിർമാണം ഇഴയുന്നുവെന്ന ആക്ഷേപങ്ങൾക്കിടയിലാണ് തീരദേശ ഹൈവേ നിർമാണത്തിനനുകൂലമായ സാഹചര്യം എവിടെയുണ്ടോ അവിടെയെല്ലാം അപ്പപ്പോൾ നിർമാണം തുടങ്ങാനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ മലപ്പുറം, കണ്ണൂർ, കൊല്ലം തുടങ്ങിയ ജില്ലകളിലായി 41 കിലോമീറ്റർ നിർമാണം ടെൻഡർ ചെയ്യാനാണ് തീരുമാനിച്ചിരുന്നതെങ്കിലും സാധിച്ചിരുന്നില്ല. ഇതിൽ മലപ്പുറം പടിഞ്ഞാറെക്കര മുതൽ ഉണ്ണിയാൽ വരെ 52.78 കിലോമീറ്ററിൽ മാത്രമേ നിർമാണം തുടങ്ങാൻ കഴിഞ്ഞിരുന്നുള്ളൂ. നിലവിൽ 52.78 കോടി രൂപ ചെലവ് കണക്കാക്കിയുള്ള ഈ നിർമാണം ആരംഭിച്ചിട്ടുള്ളത്. ഒന്നര വർഷമാണ് ഇതിന്റെ കാലാവധി.
നിയോജക മണ്ഡലാടിസ്ഥാനത്തിൽ എം എൽ എയുടെ നേതൃത്വത്തിൽ എല്ലാ വിഭാഗങ്ങളുടെയും യോഗം വിളിച്ചു ചേർത്ത് ചർച്ച ചെയ്താണ് റോഡ് പ്രവർത്തനം മുന്നോട്ട് പോകുന്നതെന്നതിനാൽ വലിയ കുരുക്കില്ലാതെ തന്നെ ഹൈവേ വികസനം മുന്നോട്ട് പോകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇതിനോടകം തീരദേശ ഹൈവേയുടെ മറ്റു 11 റീച്ചുകളുടെ കൂടി പദ്ധതിരേഖ കിഫ്ബിയിൽ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. 196.88 കിലോമീറ്റർ നീളം വരുന്നതാണ് ഈ 11 റീച്ചുകൾ. നാല് വിഭാഗങ്ങളിൽപ്പെടുത്തിയാണ് തീരദേശ ഹൈവേയുടെ നിർമാണം. 14 മീറ്റർ വീതി ലഭ്യമായ സ്ഥലങ്ങളിൽ വിശദമായ പദ്ധതിരേഖ തയ്യാറാക്കി നിർമാണത്തിലേക്ക് നീങ്ങാനായിരുന്നു നിർദേശം. എട്ട് മുതൽ 12 മീറ്റർ വീതി ഇപ്പോൾ ലഭ്യമായ സ്ഥലത്ത് പ്രയാസരഹിതമായി ഭൂമി ഏറ്റെടുത്തു നിർമാണത്തിലേക്ക് നീങ്ങും. ജനസാന്ദ്രതയുളള സ്ഥലങ്ങളിൽ റോഡിന് അഞ്ചര മീറ്ററും ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങളിൽ ഏഴ് മീറ്ററുമാണ് വീതിയുണ്ടാകുക. റോഡിന് പുറമെ രണ്ട് മുതൽ മൂന്ന് മീറ്റർ വരെ വീതിയിലാണ് 656 കിലോമീറ്റർ സൈക്കിൾ ട്രാക്ക് നിർമിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ തീരെ അസാധ്യമായ സ്ഥലങ്ങളിൽ എലവേറ്റഡ് പാതകൾ പരിഗണിക്കുന്നതിനുള്ള സാധ്യതകളും നേരത്തെ മുന്നോട്ട് വെച്ചിരുന്നു. കിഫ്ബി മുഖാന്തരം ഫണ്ട് ലഭ്യമാക്കിയാണ് തീരദേശപാത നടപ്പാക്കാൻ അംഗീകാരം നൽകിയിട്ടുള്ളത്. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചായിരിക്കും നിർമാണമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷിക്കും വിധമാണ് പാത തീരുമാനിച്ചിട്ടുള്ളത്.

തീരദേശപാത സംസ്ഥാനത്തെ ചെറുതും വലുതുമായ നിരവധി തുറമുഖങ്ങളെ തമ്മിൽ ബന്ധിപ്പിക്കും. ഭൂവിനിയോഗ ഘടന മാറുന്നതു കൊണ്ട് ഉണ്ടാകുന്ന മെച്ചപ്പെട്ട തൊഴിലവസരങ്ങൾ, വിനോദസഞ്ചാര വികസനം, ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് കുറക്കുക എന്നിവ സാധ്യമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 1993 ൽ നാറ്റ്പാകിന്റെ പഠനത്തിലാണ് തീരദേശ പാത എന്ന പദ്ധതി രൂപപ്പെട്ടത്. 2017 ജൂലൈയിൽ സർക്കാർ ഇതിന് തത്വത്തിൽ അംഗീകാരം നൽകി.

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest