Connect with us

National

പശ്ചിമ ബംഗാളില്‍ നടപടിയെടുത്ത കമ്മീഷന്‍ എന്തുകൊണ്ട് വാരണാസിയെ കാണുന്നില്ല: മായാവതി

Published

|

Last Updated

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പു പ്രചാരണം ഒരു ദിവസം മുമ്പ് അവസാനിപ്പിക്കാന്‍ ഉത്തരവിട്ട തിരഞ്ഞെടുപ്പു കമ്മീഷന്‍ സംഘര്‍ഷ സ്ഥിതി നിനില്‍ക്കുന്ന വാരണാസിയില്‍ എന്തുകൊണ്ടാണ് ഇടപെടാത്തതെന്ന് ബി എസ് പി നേതാവ് മായാവതി. പ്രധാന മന്ത്രി നരേന്ദ്ര മോദി ജനവിധി തേടുന്ന മണ്ഡലത്തില്‍ പുറത്തു നിന്നുള്ളവരെത്തി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയും പ്രലോഭിപ്പിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് സാധ്യമാവുക. പശ്ചിമ ബംഗാളില്‍ ഇടപെട്ട കമ്മീഷന്‍ എന്തുകൊണ്ട് വാരണാസിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല- മായാവതി ചോദിച്ചു.

ബി ജെ പിക്കു പിന്തുണ നല്‍കുന്നത് ആര്‍ എസ് എസ് അവസാനിപ്പിച്ചതായും പ്രധാന മന്ത്രി മോദിയുടെ കപ്പല്‍ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും കഴിഞ്ഞ ദിവസം മായാവതി ട്വീറ്റ് ചെയ്തിരുന്നു. തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പാലിക്കാത്തതും ഉയര്‍ന്നു വരുന്ന പ്രക്ഷോഭങ്ങളും കണക്കിലെടുത്ത് സ്വയംസേവകുമാര്‍ ബി ജെ പിക്കു വേണ്ടിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും ഇത് മോദിയെ നിരാശയിലാഴ്ത്തിയിട്ടുണ്ടെന്നും ട്വീറ്റില്‍ പറഞ്ഞു.

രാജസ്ഥാനിലെ ആള്‍വാറില്‍ നടന്ന കൂട്ട ബലാത്സംഗ സംഭവത്തില്‍ മായാവതി ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്നും അവിടെ കോണ്‍ഗ്രസ് സര്‍ക്കാറിനു നല്‍കുന്ന പിന്തുണ പിന്‍വലിക്കാന്‍ മായാവതിയുടെ പാര്‍ട്ടിക്കു ധൈര്യമില്ലെന്നും മോദി ആരോപിച്ചിരുന്നു.

Latest