Connect with us

Malappuram

ഹജ്ജ് ക്യാമ്പ് ജൂലൈ ആറിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Published

|

Last Updated

കൊണ്ടോട്ടി: ഇടവേളക്ക് ശേഷം കരിപ്പൂർ ഹജ്ജ് ക്യാമ്പിൽ ഹാജിമാരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ഹജ്ജ് യാത്രക്ക് ജൂലൈ ഏഴിന് തുടക്കമാകുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി അറിയിച്ചു.

ഹജ്ജ് ക്യാമ്പിൻെറ ഉദ്ഘാടനം ജൂലൈ ആറിന് വൈകിട്ട് ഏഴിന് കരിപ്പൂർ ഹജ്ജ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഹജ്ജ് കമ്മിറ്റി അംഗങ്ങൾ, കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗങ്ങൾ, മുൻ ചെയർമാന്മാർ വിവിധ സമുദായ സംഘടനാ പ്രതിനിധികൾ പങ്കെടുക്കും. ഏഴിന് ആദ്യ വിമാനം മന്ത്രി കെ ടി ജലീൽ ഫ്ലാഗ് ഓഫ് ചെയ്യും.

സഊദി എയർലൈൻസാണ് കരിപ്പൂരിൽ നിന്ന് സർവീസ് നടത്തുന്നത്. ജൂലൈ ഏഴ് മുതൽ 23 വരെയായി 32 വിമാനങ്ങൾ ഹാജിമാരെയും വഹിച്ച് പറക്കും. കരിപ്പൂർ വഴി 10,500 ൽ അധികം ഹാജിമാർ യാത്ര തിരിക്കും.
കൊച്ചിയിൽ നിന്നുള്ള ഹാജിമാരുടെ യാത്ര ജൂലൈ 14 മുതൽ 17 വരെ നടക്കും. 2730 ഹാജിമാരാണ് കൊച്ചി വഴി പുറപ്പെടുന്നത്. എയർ ഇന്ത്യയാണ് കൊച്ചിയിൽ നിന്നുള്ള യാത്രാ കരാർ ഏറ്റെടുത്തിട്ടുള്ളത്.
ഹജ്ജ് വളണ്ടിയർമാരായി തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള പരിശീലന ക്ലാസ് ഈ മാസം 18, 19 തിയതികളിൽ കരിപ്പൂർ ഹജ്ജ് ഹൗസിൽ നടക്കും. 18 ന് പത്ത് മണിക്ക് സി മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയിൽ കെ ടി ജലീൽ ക്ലാസ് ഉദ്ഘാടനം ചെയ്യും.

ഹജ്ജ് യത്രയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ജൂൺ ഒമ്പതിന് കെ ടി ജലീലിന്റെ അധ്യക്ഷതയിൽ കരിപ്പൂരിൽ പ്രത്യേക യോഗം ചേരുന്നുണ്ട്.