Connect with us

Thiruvananthapuram

ബീമാപള്ളി വെടിവെപ്പിന് പതിറ്റാണ്ട് തികയുന്നു; ഇരകൾക്ക് ഇന്നും ദുരിത ജീവിതം

Published

|

Last Updated

തിരുവനന്തപുരം: ആറ്പേർ ദാരുണമായി കൊല്ലപ്പെട്ട അമ്പതിലേറെ പേർക്ക് പരുക്കേറ്റ ബീമാപള്ളി പോലീസ്‌ വെടിവെപ്പിന് ഇന്ന് പത്ത് വർഷം പൂർത്തിയാകുന്നു. 2009ൽ ഇതുപോലൊരു മെയ് 17ന് വൈകുന്നേരമാണ് ഒരു നാടിന് തീരാവേദന സമ്മാനിച്ച വെടിവെപ്പ് അരങ്ങേറുന്നത്. മരിച്ചവരുടെ കുടുംബങ്ങളും പരുക്കേറ്റവരും ഇന്നും ദുരിതക്കടലിൽ തന്നെ. പരുക്കേറ്റവരിൽ തന്നെ മൂന്ന്പേർ പലപ്പോഴായി മരിച്ചു. വെടിയേറ്റ് പരുക്കും ചികിത്സയും കാരണം ജീവിതം തകർന്നുപോയവരെ അധികൃതർ തിരിഞ്ഞുനോക്കുന്നില്ല.

കൊമ്പ് ഷിബു എന്ന ഗുണ്ട ബീമാപള്ളി പ്രദേശത്തു നടത്തിയ അതിക്രമങ്ങൾക്ക് ഇരയാകേണ്ടി വന്നത് ഒരു കൂട്ടം മുസ്‌ലിംകൾ. ഷിബുവിനെതിരെ പോലിസിൽ പരാതി നൽകിയിട്ടും നടപടികളൊന്നുമുണ്ടാവാതിരുന്നതിന്റെ തുടർച്ചയായി നടന്ന പ്രതിഷേധമാണ് വെടിവെപ്പിലെത്തിച്ചത്.

വലിയതുറ പൂന്തുറ റോഡിലുള്ള ബീമാപള്ളി പ്രദേശത്തെയും ചെറിയതുറയെയും വേർതിരിക്കുന്നത് ബീച്ചിലേക്കുള്ള റോഡാണ്. ബീമാപ്പള്ളി ഭാഗത്ത് മുസ്‌ലിംകളും ചെറിയതുറ ഭാഗത്ത് ലത്തീൻ കത്തോലിക്കരും തിങ്ങിപ്പാർക്കുന്നു. ഇരുവിഭാഗവും കടലിനെ ആശ്രയിച്ച് ജീവിതമാർഗം കണ്ടെത്തുന്നവരായിരുന്നു.
എയ്ഡ്‌സ് രോഗിയെന്ന് സ്വയം പ്രഖ്യാപിച്ച് മറ്റുള്ളവരെ ഭീഷണിപ്പെടുത്തി ഗുണ്ടാപിരിവ് നടത്തിവരുന്ന കൊമ്പ് ഷിബുവിനെ ചെറിയതുറ ഇടവക നേരത്തെ പുറത്താക്കിയിരുന്നു. കൊമ്പ് ഷിബുവിന്റെ അറസ്റ്റ്‌വൈകിയതായിരുന്നു പ്രശ്‌നങ്ങളുടെയെല്ലാം അടിസ്ഥാനം. കൊമ്പ് ഷിബു ഏതാനും വർഷം മുമ്പ് മരിച്ചു.
2009 മെയ് 17 ന് ബീമാപള്ളിയിൽ നടന്ന പൊലീസ് വെടിവെപ്പിൽ ആറ് പേർ മരിച്ചതാണ് ഒദ്യോഗിക കണക്ക്. ആ വെടിവെപ്പിൽ 52 പേർക്ക് പരുക്കേറ്റിരുന്നു. പിന്നീട് ഇതിൽ മൂന്ന്പേർ മരിച്ചു. വെടിവെപ്പിൽ മരിച്ചവർക്ക് അന്ന് 10 ലക്ഷം രൂപയും ആശ്രിതർക്ക് ജോലിയും ലഭിച്ചിരുന്നു. എന്നാൽ പരുക്കേറ്റ് ജീവച്ഛവമായി ക്രമേണ മരണത്തിന് കീഴടങ്ങേണ്ടി വന്ന മൂന്ന് പേർക്കും ഒരു സഹായവും കിട്ടിയില്ല.

പരുക്കേറ്റ 52 പേരിൽ ഭൂരിഭാഗം പേർക്കും കിട്ടിയത് താത്കാലിക ധനസഹായമായ 10000 രൂപ മാത്രമാണ്. 25000 രൂപയും 30000 രൂപയും ലഭിച്ച ഏതാനം പേരുമുണ്ട്. ചികിത്സക്ക് പണമില്ലാതെ വലയുകയാണ് പരുക്കേറ്റവർ. വെടിയേറ്റ പരുക്കിനെ തുടർന്ന് നിത്യരോഗികളായി മാറിയവർ നിരവധി. തിരിച്ചറിയാൻ കഴിയാതെ നിരവധി പേർ വേദനയും കടിച്ചമർത്തി കഴിയുകയാണ് ബീമാപള്ളിയിൽ സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും സഹായഹസ്തവും കാത്ത്. വെടിവെപ്പിനെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച ജസ്റ്റിസ് കെ രാമകൃഷ്ണൻ കമ്മറ്റിയുടെ റിപ്പോർട്ടിലും തുടർനടപടികളുണ്ടായില്ലെന്നതാണ് മറ്റൊരു ദുരവസ്ഥ.

Latest