Connect with us

Kozhikode

അന്വേഷണ റിപ്പോർട്ട് ചോർത്തി; ജമാഅത്ത് നേതാവിന് സസ്‌പെൻഷൻ

Published

|

Last Updated

കോഴിക്കോട്:ജമാഅത്തെ ഇസ്‌ലാമി ശൂറയിലെ ചർച്ചകളും അന്വേഷണ റിപ്പോർട്ടും ചോർത്തിക്കൊടുത്തതിന് ശൂറ അംഗത്തിനെതിരെ നടപടി. ശൂറ അംഗവും മുൻ സംഘടനാ കാര്യ സെക്രട്ടറിയുമായ ഖാലിദ് മൂസ നദ്‌വിയെ അന്വേഷണ വിധേയമായി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതിനാണ് നടപടിയെന്ന് ജമാഅത്തെ ഇസ്‌ലാമി അമീർ എൻ ഐ അബ്്ദുൽ അസീസ് പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമിയുടെ മാധ്യമസ്ഥാപനം നേരിടുന്ന വലിയ സാമ്പത്തിക പ്രതിസന്ധി അന്വേഷിക്കാൻ ശൂറ സമിതിയെ നിയോഗിച്ചിരുന്നു. സമിതി സ്ഥാപനത്തിന്റെ വിവിധ യൂനിറ്റുകൾ സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ തുടങ്ങിയെങ്കിലും അന്തിമ റിപ്പോർട്ട് പെട്ടെന്ന് സമർപ്പിക്കാനായില്ല. എന്നാൽ, ശൂറയുടെ കാലാവധി തീരും മുന്പേ കരട് റിപ്പോർട്ടെങ്കിലും സമർപ്പിക്കണമെന്ന നിർദേശമുണ്ടായി. ഇതിന്റെയടിസ്ഥാനത്തിൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ട് കഴിഞ്ഞ ഒമ്പതിന് ചേർന്ന ശൂറ ചർച്ച ചെയ്തു. റിപ്പോർട്ടിലെ പരാമർശങ്ങളാണ് ഖാലിദ് മൂസ നദ്‌വി പലർക്കും ചോർത്തിക്കൊടുത്തതത്രേ.

രണ്ടര വർഷം മുമ്പും നടപടി നേരിട്ട ശൂറ അംഗമാണ് ഖാലിദ് മൂസ. പിന്നീട് അഖിലേന്ത്യാ അമീറിന് ക്ഷമാപണം എഴുതി നൽകിയ ശേഷം സസ്‌പെൻഷൻ പിൻവലിക്കുകയായിരുന്നു. ശേഷം ശൂറയിലും ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഭാഷണ രംഗത്തും മറ്റും സജീവമായിരുന്ന അദ്ദേഹത്തിനെതിരെ രണ്ട് ദിവസം മുമ്പാണ് പുതിയ നടപടിയുണ്ടായത്.

റിപ്പോർട്ട് ഒരു കാരണവശാലും പുറത്താകരുതെന്ന് അമീർ എം ഐ അബ്്ദുൽ അസീസ് എല്ലാവർക്കും ശൂറയിൽ വെച്ചു തന്നെ നിർദേശം നൽകിയിരുന്നു. റിപ്പോർട്ടിന്റെ സോഫ്റ്റ്‌കോപ്പി മൊബൈൽ ഫോണിലുണ്ടെങ്കിൽ അതടക്കം ഡിലീറ്റ് ചെയ്യണമെന്നായിരുന്നുവത്രെ നിർദേശം.
എന്നാൽ, മാധ്യമസ്ഥാപനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ റമസാൻ മാസത്തിൽ 10 കോടി രൂപ പിരിച്ചെടുക്കാനുള്ള നീക്കത്തെ തടയിടുകയായിരുന്നു റിപ്പോർട്ട് ചോർത്തലിലൂടെ ഖാലിദ് മൂസ ലക്ഷ്യമിട്ടതെന്നാണ് പറയുന്നത്.