Connect with us

National

മമതക്ക് തിരിച്ചടി; മുന്‍ പോലീസ് കമ്മീഷണറുടെ അറസ്റ്റിനുള്ള സ്‌റ്റേ സുപ്രീം കോടതി നീക്കി

Published

|

Last Updated

ന്യൂഡല്‍ഹി: ശാരദ ചിട്ടി തട്ടിപ്പു കേസില്‍ ആരോപണ വിധേയനായ കൊല്‍ക്കത്ത മുന്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ അറസ്റ്റു ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത മമത ബാനര്‍ജിക്കു തിരിച്ചടി. രാജീവ് കുമാറിന്റെ അറസ്റ്റിനുള്ള സ്‌റ്റേ സുപ്രീം കോടതി നീക്കിയതോടെയാണിത്. കേസില്‍ നിയമപരമായ നടപടികളുമായി സി ബി ഐക്കു മുന്നോട്ടു പോകാമെന്നും രാജീവ് കുമാറിനെ ചോദ്യം ചെയ്യാമെന്നും കോടതി വ്യക്തമാക്കി. കീഴ്‌ക്കോടതിയെ സമീപിക്കാന്‍ രാജീവ് കുമാറിന് ഏഴു ദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. ശാരദ ചിട്ടി തട്ടിപ്പു കേസില്‍ തെളിവു നശിപ്പിച്ചുവെന്നാണ് മുന്‍ കമ്മീഷണര്‍ക്കെതിരായ
ആരോപണം.

ചിട്ടി തട്ടിപ്പ് അന്വേഷിച്ച പ്രത്യേകാന്വേഷണ സംഘത്തിന്റെ തലവനായിരുന്ന കുമാറിനെ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് സി ബി ഐ പരമോന്നത കോടതിയെ സമീപിച്ചത്. കേസന്വേഷണം സി ബി ഐക്കു വിട്ട് 2014 മേയില്‍ സുപ്രീം കോടതി ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് അറസ്റ്റിനു സ്റ്റേ നല്‍കിയിരുന്ന കോടതി സി ബി ഐ മുമ്പാകെ ഹാജരാകാനും ചോദ്യം ചെയ്യലിനോട് സഹകരിക്കാനും കുമാറിനോട് ആവശ്യപ്പെട്ടിരുന്നു.