Connect with us

Religion

ആത്മീയതയും പ്രൗഢിയും കൈവിടാതെ 'മമ്പുറം ഒറ്റക്കാലുമ്മല്‍ പള്ളി'

Published

|

Last Updated

മമ്പുറം ഒറ്റക്കാലുമ്മല്‍ പള്ളി

തിരൂരങ്ങാടി: തെന്നിന്ത്യയിലെ ചരിത്രപ്രസിദ്ധമായ മമ്പുറം മഖാമിന് ചാരെയായി ആത്മീയതയും പ്രൗഢിയും വിളിച്ചറിയിക്കുന്ന ഒറ്റക്കാലുമ്മല്‍ പള്ളി. ഒരു കാലഘട്ടത്തിന്റെ ഇതിഹാസപുരുഷന്‍ മമ്പുറം സയ്യിദ് അലവി തങ്ങളുടെ നേതൃത്വത്തിലാണ് ഈ പള്ളി നിര്‍മിച്ചത്. മലബാറിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആദരണീയനായ മമ്പുറം തങ്ങള്‍ മമ്പുറം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാലത്താണ് ഈ പള്ളി സ്ഥാപിച്ചത്.

പുത്തന്‍ മാളിയേക്കല്‍ പള്ളി എന്നാണ് ഈ പള്ളിയുടെ യഥാര്‍ഥ പേര്‍.അക്കാലത്ത് ഒറ്റ തൂണില്‍ മാത്രം നിര്‍മിക്കപ്പെട്ടതിനാലാണ് ഒറ്റക്കാലുമ്മല്‍ പള്ളി എന്ന പേരില്‍ അറിയപ്പെടാന്‍ കാരണം. മമ്പുറം തങ്ങള്‍ ഹജ്ജിന് പോകുമ്പോള്‍ ഭാര്യയായ സ്വാലിഹ ഒരു വീട് വേണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് പഴയ വീട്ടില്‍ നിന്ന് പത്ത് അടി അകലത്തില്‍ പുതിയ ഒരു വീടിന് തങ്ങള്‍ സ്ഥാനം കാണിച്ചു കൊടുക്കുകയും കുറ്റിയടിക്കുകയും ചെയ്തു.

തങ്ങള്‍ പോയ ശേഷം വീടിന് തറയിട്ടു. ഹജ്ജ് കഴിഞ്ഞ് മടങ്ങി വന്ന തങ്ങള്‍ വലിയ ഉയരമുള്ള തറ കണ്ടപ്പോള്‍ ഇത് എന്താണെന്ന് ചോദിച്ചു. മമ്പുറം തങ്ങളുടെ മകനായ സയ്യിദ് ഫസല്‍ തങ്ങളും പൗത്രന്‍ സയ്യിദ് അഹമ്മദ് ജിഫ് രിയും പറഞ്ഞു. “മഴക്കാലമായാല്‍ ഇവിടെ വെള്ളം കയറും അതിനാല്‍ തറ ഉയര്‍ത്തിക്കെട്ടിയതാണ്”. ഇത് കേട്ട മമ്പുറം തങ്ങള്‍ പറഞ്ഞു, “ഇവിടെ നമുക്ക് പള്ളി നിര്‍മിക്കാം”. ജുമുഅയും തുടങ്ങാം. അക്കാലത്ത് മമ്പുറത്ത് പള്ളി ഉണ്ടായിരുന്നില്ല. അങ്ങനെ ആ ഉയരമുള്ള തറയില്‍ ഒരു പള്ളി നിര്‍മിച്ചു പള്ളിക്ക് നടുവില്‍ഒരു തൂണ്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതാണ് ഒറ്റക്കാലുമ്മല്‍ പള്ളി. തങ്ങള്‍ക്ക് ഇഷ്ടവ്യക്തി ഹദിയ നല്‍കിയ സ്ഥലത്ത് നിര്‍മിച്ച വീടാണ് പുത്തന്‍ മാളിയേക്കല്‍ വീട്.

വെള്ളപ്പൊക്കം ഉണ്ടാകുമ്പോള്‍ മമ്പുറത്തെ പുരുഷന്‍മാന്‍ ഈ പള്ളിയിലും സ്ത്രീകള്‍ പുത്തന്‍ മാളിയേക്കല്‍ വീടിന്റെ മാളികയിലുമാണ് അഭയം പ്രാപിച്ചിരുന്നത്. 1924 ലെ വെള്ളപ്പൊക്കത്തില്‍ വെള്ളം കയറിയ കാരണത്താല്‍ പള്ളിയുടെ ചുമരിന് വിള്ളല്‍ വന്നു. അന്നത്തെ ബ്രിട്ടീഷ് എന്‍ജിനീയര്‍മാര്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ മറ്റു മൂന്ന് തൂണുകള്‍ കൂടി വെക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അങ്ങനെയാണ് തൂണുകള്‍ കൂട്ടിയത്.പക്ഷേ ഇപ്പോഴും പള്ളി അറിയപ്പെടുന്നത് ഒറ്റക്കാലുമ്മല്‍ പള്ളി എന്ന പേരില്‍ തന്നെ.

ഈ പള്ളിയുടെ മിഹ്‌റാബില്‍ ഒരു കിളിവാതില്‍ ഉണ്ടായിരുന്നു നിസ്‌കാരത്തിന് സമയമായാല്‍ തങ്ങള്‍ പുത്തന്‍ മാളിയേക്കല്‍ വീട്ടില്‍ നിന്നും ആ വാതിലിലൂടെ കയറിയാണ് പള്ളിയിലെത്തിയിരുന്നത്. ഇപ്പോഴും ഉയരമുള്ള അതേ തറയില്‍ തന്നെയാണ് പള്ളി നിലകൊള്ളുന്നത്.പല പ്രാവശ്യങ്ങളിലായി പള്ളിയുടെ നവീകരണം നടത്തിയിട്ടുണ്ടെങ്കിലും അകംപള്ളിക്ക് ഒരു മാറ്റവും വരുത്തിയിട്ടില്ല. മമ്പുറം തങ്ങള്‍ ആദ്യം താമസിച്ച തറമ്മല്‍ പുരയും പിന്നീട് താമസിച്ച മാളിയേക്കല്‍ വീടും ഈ പള്ളിക്ക് സമീപമാണ് നിലനില്‍ക്കുന്നത്. തറമ്മല്‍ പുര വര്‍ഷങ്ങള്‍ക്ക് മുമ്പ് കുണ്ടൂര്‍ ഉസ്താദ് വാങ്ങി ദര്‍സ് ആരംഭിച്ചിരുന്നു. ഇപ്പോള്‍ അലവിയ്യ ദര്‍സും ദഅ്വ കോളജും തറമ്മല്‍ പുരയില്‍ നടക്കുന്നുണ്ട്.

---- facebook comment plugin here -----

Latest